എറണാകുളം : കൊച്ചിയിൽ നിന്നും കാണാതായ ഏഴാംക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചുമണിക്ക് കാണാതായ വടുതല സ്വദേശിനിയേയാണ് രാത്രി പന്ത്രണ്ട് മണിയോടെ കണ്ടെത്തിയത്. വല്ലാർപാടത്തു നിന്നാണ് കുട്ടിയെ കണ്ടത്തിയത്.
ഏളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാർഥിനിയാണ്. കുട്ടി സ്‌കൂൾ വിട്ട് സൈക്കിളിൽ വരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചിരുന്നു. കുട്ടി അമ്മയുടെ മൊബൈൽ ഫോണുമായി സ്‌കൂളിലെത്തിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ഫോൺ പിടിച്ചെടുക്കുകയും രക്ഷിതാക്കളെ വിവരമറിയിക്കുകയും ചെയ്‌തിരുന്നു.
ഇതേ തുടർന്ന് സമ്മർദത്തിലായ കുട്ടി സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങാതെ വല്ലാർപാടം ഭാഗത്തേക്ക് പോവുകയായിരുന്നു. സാധരണ മടങ്ങിയെത്താറുള്ള സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് മാതാപിതക്കള്‍ എളമക്കര പൊലീസില്‍ പരാതി നല്‍കിയത്.
രക്ഷിതാക്കളുടെ പരാതിയിൽ എളമക്കര പൊലീസാണ് അന്വേഷണം തുടങ്ങിയത്. തുടർന്ന് എറണാകുളം എസിപി ജയകുമാറിൻ്റെ നേതൃത്വത്തിൽ കൊച്ചി നഗരത്തിൽ പൊലീസ് വ്യാപക പരിശോധന നടത്തി. കുട്ടിയുടെ മാതാപിതാക്കളെ കൂടെ കൂട്ടിയാണ് പൊലീസ് പരിശോധന നടത്തിയത്. ഇതിനിടെയാണ് വല്ലാർപാടത്തു നിന്നും കുട്ടിയെ കണ്ടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യ ഘട്ടത്തിൽ പൊലീസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ബന്ധുവീടുകളും സുഹൃത്തുക്കളുടെ വീടുകളിലും, കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. മണിക്കൂറുകൾ കഴിയുന്തോറും ആശങ്ക വർധിച്ച് വരികയായിരുന്നു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ ഉൾപ്പടെയുള്ള ഇടങ്ങളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടി വല്ലാർപാടം ഭാഗത്തേക്ക് പോയതായി സൂചന ലഭിച്ചത്.
തുടർന്ന് ഈ മേഖലയിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. മതാപിതാക്കളെയും നാട്ടുകാരെയും മണിക്കൂറുകൾ ആശങ്കയിലാഴ്‌ത്തിയ സംഭവത്തിനാണ് ഇതോടെ ആശ്വാസകരമായ പരിസമാപ്‌തിയായത്.