പാരിസ്: ഒളിമ്പിക്‌സ് വില്ലേജില്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ ഏറ്റുമുട്ടുന്നത് കൊടും ചൂടിനോടും. അവര്‍ താമസിക്കുന്ന മുറികളില്‍ പോലും മതിയായ ശീതികരണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട കായിക മന്ത്രാലയം നാല്‍പ്പത് എയര്‍കണ്ടീഷണറുകള്‍ എത്തിച്ചുനല്‍കി.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ഇന്ത്യയിലെ ഫ്രഞ്ച് നയതന്ത്രകാര്യാലയവുമായി ചര്‍ച്ച ചെയ്‌തശേഷമാണ് എസികള്‍ അയച്ച് നല്‍കിയത്. പാരിസിലെ ചൂടും ഹ്യൂമിഡിറ്റിയും താരങ്ങള്‍ക്ക് താങ്ങാനാകുന്നതിനുമപ്പുറമാണെന്ന് അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ മനസിലായതായി കായികമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്നാണ് എസികള്‍ അയച്ച് നല്‍കാന്‍ തീരുമാനിച്ചത്.
ഒളിമ്പിക്‌സ് മത്സരങ്ങളുടെ രണ്ട് വേദികളിലും കൊടും ചൂടാണ്. പുരുഷന്‍മാരുടെ അന്‍പത് മീറ്റര്‍ റൈഫിള്‍ 3യില്‍ ഇന്ത്യയുടെ വെങ്കലമെഡല്‍ ജേതാവ് സ്വപ്‌നില്‍ കുശാലെ അടക്കം എട്ട് ഫൈനലിസ്റ്റുകളും ഷൂട്ടിങ് റെയ്ഞ്ചില്‍ നിന്ന് വിയര്‍ക്കുന്ന കാഴച നാം കണ്ടതാണ്. പാരിസില്‍ ചില ദിവസങ്ങളില്‍ ചൂട് നാല്‍പ്പത് ഡിഗ്രി കടന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.