മുംബൈ ഇന്ത്യന്‍സ് ടീമിന്‍റെ നട്ടെല്ലായ പാണ്ഡ്യ സഹോദരന്മാരെയും ജസ്പ്രീത് ബുംറയെയും ടീം സ്വന്തമാക്കിയ കഥ ഓര്‍ത്തെടുത്ത് ഫ്രാഞ്ചൈസി ഉടമ നിത അംബാനി. താരങ്ങളുടെ കൂടെ കരുത്തില്‍ നിരവധി ഐപിഎൽ കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. ഐപിഎല്ലിന്‍റെ മിന്നും പ്രകടനങ്ങളുടെ ബലത്തിലാണ് മുവരും ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്.
ക്രുനാൽ ടീമിൽ നിന്ന് മാറിയെങ്കിലും, ഐപിഎൽ കരിയറിലുടനീളം ബുംറ മുംബൈയിൽ തന്നെ തുടരുകയായിരുന്നു. അതേസമയം, ഐപിഎൽ 2024 സീസണിൽ ഹാർദിക് ക്യാപ്റ്റനായി ഫ്രാഞ്ചൈസിയിൽ തിരിച്ചെത്തി.
ഫ്രാഞ്ചൈസിയിലേക്ക് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായി എല്ലാ രഞ്ജി ട്രോഫി മത്സരങ്ങളും വിടാതെ കണ്ടിരുന്നു എന്ന് നിത അംബാനി വെളിപ്പെടുത്തി. എംഐ ക്യാമ്പിൽ പാണ്ഡ്യ സഹോദരന്മാരുമായി സംസാരിച്ചതും, പണമില്ലാത്തതിനാൽ ഇരുവരും കഷ്‌ടപ്പെട്ട കഥയും നിത അംബാനി ഓര്‍ത്തെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഒരു ദിവസം, ഞങ്ങളുടെ സ്‌കൗട്ടുകൾ രണ്ട്, മെലിഞ്ഞു നീണ്ട ആൺകുട്ടികളുമായി ക്യാമ്പിലേക്ക് വന്നു. ഞാൻ അവരോട് സംസാരിച്ചു. കയ്യില്‍ പണമില്ലാത്തതിനാൽ മൂന്ന് വർഷമായി മാഗി നൂഡിൽസ് മാത്രം കഴിച്ചാണ് ജീവിച്ചതെന്ന് അവര്‍ എന്നോട് പറഞ്ഞു.
എന്നാല്‍ അവരിലെ വിശപ്പിലും തീവ്രമായ ഒരു ആവേശം അവരില്‍ ഞാന്‍ കണ്ടു. ആ രണ്ട് സഹോദരന്മാർ ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയുമായിരുന്നു. 2015 ൽ, ലേലത്തിൽ ഞാൻ ഹാർദിക് പാണ്ഡ്യയെ 10,000 യുഎസ് ഡോളറിന് വാങ്ങി. ഇന്ന് അദ്ദേഹം മുംബൈ ഇന്ത്യൻസിന്‍റെ അഭിമാന ക്യാപ്റ്റനാണ്.' - നിത അംബാനി പറഞ്ഞു.
പന്തിനോട് സംസാരിക്കുന്ന മാന്ത്രികനെ കണ്ടു...
'അടുത്ത വർഷം വിചിത്രമായ ശരീരഭാഷയുള്ള ഒരു യുവ ക്രിക്കറ്റ് കളിക്കാരനെ ഞങ്ങളുടെ സ്‌കൗട്ടുകൾക്ക് ലഭിച്ചു, അദ്ദേഹം പന്തെറിയുന്നത് ഒന്ന് കാണ്ടുനോക്കൂ എന്ന് സ്‌കൗട്ടുകള്‍ എന്നോട് പറഞ്ഞു. അദ്ദേഹത്തിന് പന്തിനോട് സംസാരിക്കാൻ കഴിയുന്നെന്ന് എനിക്ക് തോന്നി. അതായിരുന്നു ഞങ്ങളുടെ ബുംറ. ബാക്കി ചരിത്രമാണ്. കഴിഞ്ഞ വർഷം ഞങ്ങൾ തിലക് വർമ്മയെയും ഞങ്ങള്‍ പുറത്തിറക്കി. ഇപ്പോൾ അദ്ദേഹം ടീം ഇന്ത്യയുടെ അഭിമാന താരമാണ്.'- നിത അംബാനി പറഞ്ഞു. മുംബൈ ഇന്ത്യൻസിനെ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ നഴ്‌സറി എന്ന് വിളിച്ചാലും തെറ്റില്ലെന്ന് നിത അംബാനി പറഞ്ഞു.
2025 സീസണിൽ ആറാമത്തെ ഐപിഎൽ കിരീടത്തിനായി ഒരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. മാർച്ച് 23 ന് ചെന്നൈയിലാണ് ആദ്യ മത്സരം. പ്രധാന എതിരാളികളായ സിഎസ്‌കെയെ ആണ് ആദ്യ മത്സരത്തിൽ ടീം നേരിടുന്നത്. അതേസമയം, ഹാർദിക് വീണ്ടും മുംബൈയുടെ ക്യാപ്റ്റനാകുമെങ്കിലും ചെന്നൈയ്‌ക്കെതിരായ മത്സരം അദ്ദേഹത്തിന് നഷ്‌ടമാകും.