കണ്ണൂർ : സൂര്യനെ നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന ഒരു കൂട്ടം പൂക്കൾ. പൂത്തുലഞ്ഞ് നിൽക്കുന്ന ആ സൂര്യകാന്തിപ്പൂക്കൾ കണ്ടാൽ ഇഷ്‌ടപ്പെടാത്തതായി ആരുമുണ്ടാകില്ല. വർണവസന്തം തീർത്ത് നിൽക്കുന്ന സൂര്യകാന്തിപ്പാടം വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്.
കാറ്റിൽ ചെറുതായി ആടിയുലഞ്ഞ് സഞ്ചാരികളെ ആകർഷിക്കുന്ന അയ്യോത്തെ പാടശേഖരത്തിലെ സൂര്യകാന്തി പൂക്കൾ കാണാൻ സന്ദർശകരുടെ പ്രവാഹമാണ്. പൂക്കളുടെ മനോഹാരിത ആസ്വദിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആളുകളെത്തുന്നത്. കത്തിക്കാളുന്ന വെയിലിലും മനസിന് കുളിരേകുകയാണ് കുരുന്നുകളുടെ സൂര്യകാന്തി പാടം.
ഇവിടെ നിന്ന് ഫോട്ടോ എടുക്കാനും സായാഹ്നങ്ങൾ ആസ്വദിക്കാനുമുള്ള തിരക്ക് വേറെയും. മടക്കര ഗവൺമെന്‍റ് വെൽഫെയർ എൽപി സ്‌കൂൾ വിദ്യാര്‍ഥികളാണ് ഈ സൂര്യകാന്തി തോട്ടത്തിന് പിന്നിൽ. കണ്ണപുരം അയ്യോത്ത് വയലിൽ 40 സെന്‍റിലാണ് പിടിഎയുടെ സഹകരണത്തോടെ സൂര്യകാന്തി പാടം ഒരുക്കിയത്. 'പുഞ്ചിരിപ്പാടം' എന്നാണ് കുരുന്നുകൾ ഈ സൂര്യകാന്തി പാടത്തിന് പേര് നൽകിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിസംബറിലാണ് പാടം ഒരുക്കി വിത്തിട്ടത്. ഒരു കിലോ ഹൈബ്രിഡ് വിത്തും അഞ്ച് കിലോ സാധാരണ വിത്തുമാണ് കൃഷിക്കായി ഉപയോഗിച്ചത്. കൃഷിക്ക് ചില കർഷകരും പിന്തുണയുമായി ഒപ്പം ചേർന്നു. അത് കൃഷി മെച്ചപ്പെടുത്താൻ സഹായിച്ചു. പിടിഎയും പ്രധാനാധ്യാപകരും കുട്ടികൾക്ക് പൂർണ പിന്തുണ നൽകിയപ്പോൾ കണ്ണൂർ മടക്കര യുപി സ്‌കൂളിലെ കുട്ടികൾ ഉണ്ടാക്കിയ പാടം ഇന്ന് കണ്ണൂരിൽ ഹിറ്റാണ്.