തിരുവനന്തപുരം: എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറിയായി സഞ്ജീവ് പി എസിനെ തെരഞ്ഞെടുത്തു. എം.ശിവപ്രസാദാണ് സംസ്ഥാന പ്രസിഡന്‍റ്. മൂന്ന് ദിവസം നീണ്ടുനിന്ന എസ്‌എഫ്‌ഐ 35ാമത് സംസ്ഥാന സമ്മേളനത്തിലാണ് നേതൃമാറ്റം.
എസ്‌എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു സഞ്ജീവ് പിഎസ്. പ്രസിഡന്‍റായി തെരഞ്ഞെടുത്ത എം.ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. മൂന്ന് ദിവസമായി തിരുവനന്തപുരം എകെജി സെന്‍ററിലെ എകെജി ഹാളിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ 503 പ്രതിനിധികളും 71 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ലക്ഷദ്വീപിൽ നിന്നുള്ള മൂന്ന് പ്രതിനിധികളും പങ്കെടുത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എസ്‌എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, പ്രസിഡന്‍റ് വിപി സാനു, അഖിലേന്ത്യാ നേതാക്കളായ ഡോ.നിതീഷ് നാരായണൻ, ആദർശ് എം.സജി, ദിനിത് ദണ്ഡ തുടങ്ങിയവർ പങ്കെടുത്താണ് ഭാരവാഹി തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. പുതിയ കേന്ദ്ര വിദ്യാഭ്യാസ നയത്തിന്‍റെയും യുജിസി നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ നടപ്പിൽ വരുത്തേണ്ടിവരുന്ന സ്വകാര്യ സർവകലാശാലകളിൽ സാമൂഹിക നീതിയും മെറിറ്റും ജനാധിപത്യവും ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് എസ്‌എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ പ്രമേയം പാസാക്കി.
സാമൂഹിക നീതിയും മെറിറ്റും പോലെ തന്നെ വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും സംഘടനാ സ്വാതന്ത്ര്യവും സർക്കാർ നിയന്ത്രണത്തിലുള്ള സ്വകാര്യ സർവകലാശാലകളിൽ ഉറപ്പുവരുത്തണം. വിദ്യാർഥി യൂണിയൻ അടക്കമുള്ള ജനാധിപത്യവേദികൾ ഉറപ്പു വരുത്തണമെന്നും സമ്മേളനത്തിൽ പ്രമേയം പാസാക്കി.