പാദങ്ങൾ വിണ്ടുകീറുന്നത് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്‌നമാണ്. പാദങ്ങളിലെ ഈർപ്പം നഷ്‌ടപ്പെടുക, അധിക സമ്മർദ്ദം എന്നിവയാണ് ഈ അസ്വസ്ഥയ്ക്ക് പിന്നിലെ പ്രധാന കാരണം. സൗന്ദര്യത്തിന് പൂർണത ലഭിക്കണമെങ്കിൽ പാദങ്ങൾ കൂടി ആകർഷകമായിരിക്കണം. അതിന് ചർമ്മത്തെ പോലെ തന്നെ പദങ്ങൾക്കും പരിപാലനം ആവശ്യമാണ്. വിണ്ടുകീറിയ പാദങ്ങൾ പലരുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്. ഇഷ്‌ടപ്പെട്ട ചെരിപ്പുകൾ ഉപയോഗിക്കനാവാതെ പാദങ്ങൾ മുഴുവൻ മറയ്ക്കുന്ന ചെരുപ്പുകൾ ധരിക്കാൻ ഇത് നിർബന്ധിതരാക്കും. എന്നാൽ അൽപം സമയം മാറ്റിവച്ചാൽ ഈ പ്രശ്‍നം ഫലപ്രദമായി പരിഹരിക്കനാകും. പാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ ഇതാ.
പ്രകൃതിദത്ത എണ്ണകൾ
പാദങ്ങളിലെ വിണ്ടുകീറൽ അകറ്റാൻ പ്രകൃതിദത്ത എണ്ണകൾ സഹായിക്കും. വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ടീ ട്രീ ഓയിൽ എന്നിവ ഇതിനായി ഉപയോഗിക്കാം. രാത്രിയിൽ കാൽ വൃത്തിയാക്കിയതിന് ശേഷം ഇവയിൽ ഏതെങ്കിലും ഒരു എണ്ണ പുരട്ടി നന്നായി മസാജ് ചെയ്യുക. ശേഷം സോക്‌സുകൾ ധരിച്ച് ഉറങ്ങുക. ഇങ്ങനെ ചെയ്യുന്നത് ജലാംശം നിലനിർത്താനും അണുബാധ തടയാനും വിണ്ടുകീറൽ അകറ്റാനും സഹായിക്കും.
തേൻ
ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ എന്നിവ അടങ്ങിയ തേൻ മികച്ചൊരു മോയ്‌സ്‌ചറൈസറാണ്. ഒരു പാത്രത്തിൽ അൽപം ചൂടുവെള്ളം എടുത്തതിന് ശേഷം ഇതിലേക്ക് ഒരു കപ്പ് തേൻ ചേർത്ത് മിക്‌സ് ചെയ്യുക. 15 മിനിറ്റ് നേരം പാദങ്ങൾ ഇതിൽ മുക്കിവയ്ക്കുക. ശേഷം സ്ക്രബ്ബ് ചെയ്യാം.
വാസ്ലിൻ
രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് പാദങ്ങളിൽ വാസ്ലിൻ പുരട്ടുക. പാദങ്ങളിൽ ഈർപ്പം നിലനിർത്താനും ചർമ്മം വരണ്ടു പോകുന്നത് തടയാനും ഇത് സഹായിക്കും.
വാഴപ്പഴം
നന്നായി പഴുത്ത ഒരു വാഴപ്പഴം നന്നായി അരച്ച് വിണ്ടുകീറിയ പാദങ്ങളിൽ പുരട്ടുക. 15 മുതൽ 20 മിനിട്ടിന് ശേഷം കഴുകി കളയാം. വിണ്ടു കീറിയ പാദങ്ങൾ സുഖപ്പെടുത്താനും പാദങ്ങളിൽ ഈർപ്പം നിലനിർത്താനും ഇത് സഹായിക്കും.
കറ്റാർവാഴ ജെൽ
കറ്റാർവാഴ ജെൽ വിണ്ടുകീറിയ ഭാഗങ്ങളിൽ പുരട്ടി മസാജ് ചെയ്യുക. 20 മുതൽ 30 മിനിട്ടിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം. പാദങ്ങൾ വിണ്ടുകീറുന്നതിൽ നിന്ന് ആശ്വാസം നൽകാൻ ഇത് സഹായിക്കും. ആഴ്‌ചയിൽ അഞ്ച് ദിവസമെങ്കിലും ഇത് ആവർത്തിക്കുക.
നാരങ്ങാനീര്
ചെറു ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് പാദങ്ങൾ ഇറക്കി വച്ച് 15 മിനിറ്റ് വിശ്രമിക്കുക. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും ചർമ്മത്തെ മൃദുവാക്കാനും ഇത് സഹായിക്കും. ബേക്കിംഗ് സോഡയും നാരങ്ങാനീരും
രണ്ട് ടേബിൾ സ്‌പൂൺ ബേക്കിങ് സോഡയിലേക്ക് തുല്യ അളവിൽ നാരങ്ങാ നീര് ചേർത്ത് യോജിപ്പിച്ച് പേസ്‌റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം പാദങ്ങളിൽ പുരട്ടി സ്ക്രബ്ബ് ചെയ്യുക. ശേഷം കഴുകി കളയാം. ശേഷം മോയ്‌സ്‌ചറൈസർ പുരട്ടുക. വിണ്ടുകീറുന്നത് തടയാനും അകറ്റാനും ഇത് സഹായിക്കും.
ഗ്ലിസറിനും റോസ് വാട്ടറും
ഗ്ലിസറിനും റോസ് വാട്ടറും യോജിപ്പിപ്പിക്കുക. ഈ മിശ്രിതം വിണ്ടുകീറിയ കാൽപാദങ്ങളിൽ പുരട്ടുക. 30 മിനിട്ടിന് ശേഷം കഴുകിക്കളയുക. ചർമ്മത്തിൽ ഈർപ്പം നിലനിർത്താനും ചർമ്മത്തെ ശമിപ്പിക്കാനും ഇത് സഹായിക്കും. വിണ്ടുകീറൽ ഇല്ലാതാക്കാൻ ഇത് ഗുണം ചെയ്യും. അതിനായി ദിവസേന ഇത് ആവർത്തിക്കുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read : സുന്ദരമായ പാദങ്ങൾ വേണോ; വീട്ടില്‍ പരീക്ഷിക്കാം ഈ നുറുങ്ങുകൾ