അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആദ്യ ഫൈനല്‍ ലക്ഷ്യം വയ്‌ക്കുന്ന കേരളം ഗുജറാത്തിനെതിരെ ഭേദപ്പെട്ട നിലയില്‍. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ അര്‍ധ സെഞ്ചുറി മികവില്‍ 73 ഓവറുകള്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റിന് 158 റണ്‍സാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. സച്ചിന്‍ ബേബിയ്‌ക്കൊപ്പം (51*) മുഹമ്മദ് അസറുദ്ദീനാണ് (1*) പുറത്താവാതെ നില്‍ക്കുന്നത്.
ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, വരുണ്‍ നായനാര്‍, ജലജ് സക്‌സേന എന്നിവരാണ് പുറത്തായത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും രോഹനും 60 റണ്‍സടിച്ച് ടീമിന് മികച്ച തുടക്കം നല്‍കി. 71 പന്തില്‍ 30 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രന്‍ റണ്ണൗട്ടായതോടെയാണ് കൂട്ടുകെട്ട് പിരിയുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തൊട്ടുപിന്നാലെ 68 പന്തില്‍ 30 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിനെ രവി ബിഷ്ണോയ് വിക്കറ്റിന് മുന്നില്‍ കുടുക്കി. 55 പന്തില്‍ 10 റണ്‍സ് നേടിയ വരുണ്‍ നായനാരെ പ്രിയജീത് ജഡേജയുടെ പന്തില്‍ ഉര്‍വില്‍ പട്ടേല്‍ പിടികൂടി. ക്യാപ്റ്റനൊപ്പം 71 റണ്‍സിന്‍റെ കൂട്ടുകെട്ട് തീര്‍ത്തതിന് ശേഷമാണ് ജലജിനെ ഗുജറാത്തിന് പിടിച്ചുകെട്ടാനായത്. 83 പന്തില്‍ 30 റണ്‍സെടുത്ത താരത്തെ അർസൻ നാഗ്വാസ്‌വല്ല ബൗള്‍ഡാക്കുകയായിരുന്നു.
ജമ്മു കാശ്‌മീരിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടം സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യ ഇന്നിങ്‌സില്‍ നേടിയ ലീഡിന്‍റെ മികവിലാണ് കേരളം സെമിയിലേക്ക് എത്തിയത്.
ALSO READ: എന്തുകൊണ്ട് ആര്‍സിബി കോലിയെ ക്യാപ്റ്റനാക്കിയില്ല?; കാരണമിതെന്ന് സഞ്ജയ് മഞ്ജരേക്കര്‍
2018-19 സീസണിന് ശേഷം കേരളത്തിന്‍റെ ആദ്യ സെമിയാണിത്. ജമ്മു കശ്‌മീരിനെതിരായ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് കേരളം ഗുജറാത്തിന് എതിരെ ഇറങ്ങിയത്. ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. ഷോണ്‍ റോജര്‍, ബേസില്‍ തമ്പി എന്നിവര്‍ പുറത്തായപ്പോള്‍ വരുണ്‍ നായനാര്‍, അഹമ്മദ് ഇമ്രാന്‍ എന്നിവരാണ് പ്ലേയിങ് ഇലവനില്‍ എത്തിയത്.