പത്തനംതിട്ട: റാന്നി പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തിൽ എട്ട് പ്രതികളെയും പിടികൂടിയതായി പൊലീസ്. സംഭവശേഷം കാറിൽ രക്ഷപ്പെട്ട പ്രതികളെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പിടികൂടിയത്.
ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പെരുനാട് മാമ്പാറ പട്ടാളത്തറയിൽ ജിതിൻ ഷാജി (33) യാണ് കൊല്ലപ്പെട്ടത്. കൂനങ്കര മഠത്തുംമ്മൂഴി പുത്തൻ വീട്ടിൽ പി എസ് വിഷ്‌ണു (37) ആണ് കുത്തിയത്. ഇയാൾ ഉൾപ്പെടെ 8 പ്രതികളും പിടിയിലായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പെരുനാട് മഠതുമ്മൂഴി പുത്തൻ പറമ്പിൽ വീട്ടിൽ പി നിഖിലേഷ് കുമാർ (30), കൂനൻകര വേലൻ കോവിൽ വീട്ടിൽ സരൺ മോൻ (32), കൂനൻകര കുന്നുംപുറത്ത് വീട്ടിൽ എസ് സുമിത്ത് (39), വയറൻ മരുതി വട്ടപ്പറമ്പിൽ വീട്ടിൽ എം ടി മനീഷ് (30), കൂനൻകര ആര്യാഭവൻ വീട്ടിൽ ആരോമൽ (24), മഠത്തുമൂഴി കുന്നുംപുറത്ത് വീട്ടിൽ മിഥുൻ മധു (22), കൂനൻകര ആനപ്പാറ മേമുറിയിൽ വീട്ടിൽ അഖിൽ സുശീലൻ (30)എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട ജിതിന്‍റെ സുഹൃത്ത് അനന്തുവുമായി ഇന്നലെ രാത്രി മഠത്തുംമൂഴിയിൽ വച്ച് പ്രതികൾ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് അടിപിടിയും തുടർന്ന് കൊലപാതകവും നടന്നത്. ആക്രമണത്തിൽ മറ്റ് മൂന്ന് പേർക്കും പരിക്കുണ്ട്.
തുടർന്ന് രാത്രി ഒമ്പതരയോടെ, പ്രതികളായ നിഖിലേഷ്, ശരൺ, സുമിത്ത് എന്നിവരും, ഇവർ വിളിച്ചു വരുത്തിയ മനീഷ്, ആരോമൽ, മിഥുൻ, അഖിൽ, വിഷ്‌ണു എന്നിവരും ചേർന്ന് അനന്തുവിനെ തല്ലി. പ്രതികൾ അനന്തുവിനെ മർദിക്കുന്നത് കണ്ട, ഇവരുടെ സുഹൃത്ത് വിഷ്‌ണു ഇടപെടുകയും പ്രശ്‌നം സംസാരിച്ചു രമ്യതയിലാക്കുകയും ചെയ്‌തു.
തുടർന്ന് കാറിൽ എത്തിയ, കേസില്‍ പ്രതിയായ പി എസ് വിഷ്‌ണു അനന്തുവുമായി തർക്കത്തിൽ ഏർപ്പെട്ടു. പ്രശ്‌നമറിഞ്ഞു സ്ഥലത്തെത്തിയ ജിതിനെയും പ്രതികൾ മർദിച്ചു. അനന്തു ഓടിമാറിയപ്പോൾ മറ്റ് പ്രതികൾ ചേർന്ന് ജിതിനെ പിടിച്ചുനിർത്തുകയും വിഷ്‌ണു കാറിൽ വച്ചിരുന്ന കത്തിയെടുത്ത് ജിതിന്‍റെ വയറിന്‍റെ വലതു ഭാഗത്തും തുടയിലും കുത്തുകയുമായിരുന്നു.
ആക്രമണത്തിൽ അനന്തുവിനും മനോജിനും ശരത്തിനും പരിക്കേറ്റു. തുടർന്ന് പ്രതികൾ കാറിൽ കയറി രക്ഷപ്പെട്ടു. ജിതിനെ പെരുനാട് ഗവൺമെന്‍റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. അതേസമയം, കൊലപാതകത്തിന് പിന്നില്‍ ബിജെപി - ആർഎസ്‌എസ് പ്രവർത്തകരാണെന്നും ജിതിന്‍റെ കൊലപാതകം ആസൂത്രിതമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു.
ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്‍റെ ഉത്തരവ് പ്രകാരം റാന്നി ഡി വൈ എസ് പി ആർ ജയരാജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.