അഹമ്മദാബാദ്: ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ അപരാജിത അര്‍ധ സെഞ്ചുറിയുടെ മികവില്‍ രഞ്‌ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ആദ്യ ദിനം കേരളം ഭേദപ്പെട്ട നിലയില്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കേരളം സ്‌റ്റംപെടുക്കുമ്പോള്‍ 89 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 206 റണ്‍സ് എന്ന നിലയിലാണ്. 193 പന്തില്‍ 69 റണ്‍സുമായി സച്ചിന്‍ ബേബിയും 66 പന്തില്‍ 30 റണ്‍സുമായി മുഹമ്മദ് അസറുദ്ദീനുമാണ് പുറത്താവാതെ നില്‍ക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 43 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും രോഹന്‍ കുന്നുമ്മലും ആദ്യ വിക്കറ്റില്‍ 60 റണ്‍സടിച്ചതോടെ മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. 71 പന്തില്‍ 30 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രന്‍ റണ്ണൗട്ട് ആയതോടെയാണ് ഗുജറാത്തിന് ബ്രേക്ക് ത്രൂ ലഭിക്കുന്നത്.
68 പന്തില്‍ 30 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിനെ തൊട്ടുപിന്നാലെ രവി ബിഷ്ണോയ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ വരുണ്‍ നായനാര്‍ക്ക് കാര്യമായ സംഭാവ നല്‍കാനായില്ല. 55 പന്തില്‍ 10 റണ്‍സ് നേടിയ വരുണിനെ പ്രിയജീത് ജഡേജയുടെ പന്തില്‍ ഉര്‍വില്‍ പട്ടേല്‍ പിടികൂടി. ഇതോടെ കേരളം മൂന്നിന് 86 എന്ന നിലയില്‍ പ്രതിരോധത്തിലായി.
എന്നാല്‍ ജലജ് സക്‌സേന-സച്ചിന്‍ ബേബി സഖ്യം ടീമിന് രക്ഷയ്‌ക്കെത്തി. 71 റണ്‍സ് നീണ്ട കൂട്ടുകെട്ട് ജലജിനെ വീഴ്‌ത്തിയാണ് ഗുജറാത്ത് പൊളിച്ചത്. 83 പന്തില്‍ 30 റണ്‍സെടുത്ത ജലജിനെ അർസൻ നാഗ്വാസ്‌വല്ല ബൗള്‍ഡാക്കി. തുടര്‍ന്നായിരുന്നു സച്ചിനും മുഹമ്മദ് അസറുദ്ദീനും ഒന്നിച്ചത്. ഗുജറാത്തിനായി രവി ബിഷ്‌ണോയ്, അർസൻ നാഗ്വാസ്‌വല്ല, പ്രിയജീത് ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.