മാർച്ച് എത്തുന്നതിനു മുമ്പുതന്നെ വേനല്‍ക്കാലം ഇങ്ങെത്തി, ഓരോ ദിവസവും താപനില വര്‍ധിക്കുന്നത് മൂലം കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂടു കാലമായതിനാല്‍ തന്നെ ആരോഗ്യകരമായ പാനീയങ്ങളും തണുപ്പിക്കുന്ന പഴങ്ങളും കഴിക്കുന്നതിലാണ് പലരും കൂടുതൽ താൽപ്പര്യപ്പെടുന്നത്. ചുട്ടുപൊള്ളുന്ന വെയിലില്‍ ഒരിറ്റ് ആശ്വാസം ലഭിക്കാൻ തെരുവോരങ്ങളിലെ കടകളില്‍ നിന്നും, പ്രത്യേകിച്ച് വേനല്‍ക്കാലത്ത് മാത്രമായി കണ്ടുവരുന്ന ജ്യൂസ് കടകളില്‍ കയറിയും പാനീയങ്ങള്‍ കുടിക്കുന്നതും പഴങ്ങള്‍ വാങ്ങുന്നതും സാധാരണമാണ്.
ഇതില്‍ മുൻപന്തിയില്‍ നില്‍ക്കുന്നത് ഏവര്‍ക്കും പ്രിയപ്പെട്ട തണ്ണിമത്തൻ തന്നെ... കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരും തണ്ണിമത്തൻ കഴിക്കാൻ ഇഷ്‌പ്പെടുന്നു. നോമ്പ് കാലം കൂടി അടുത്തതിനാല്‍ വിപണികളില്‍ തണ്ണിമത്തൻ സുലഭമാണ്. ഇതിനുകൂടെ മായം ചേര്‍ത്ത തണ്ണിമത്തൻ വിപണിയില്‍ സജീവമാകുന്നുവെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം മായം ചേര്‍ത്ത പഴങ്ങള്‍ കഴിക്കുന്നത് വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.
അതിനാൽ, തണ്ണിമത്തൻ വാങ്ങുമ്പോൾ അത് ശുദ്ധമായത് ആണോ എന്ന് നിര്‍ബന്ധമായും തിരിച്ചറിയേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ, മായം കലർന്ന തണ്ണിമത്തൻ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ പങ്കുവച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) രംഗത്തെത്തിയിട്ടുണ്ട്. ഇതുപ്രകാരം എങ്ങനെ മായം ചേര്‍ത്ത തണ്ണിമത്തൻ തിരിച്ചറിയാമെന്ന് നോക്കാം...
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശം ഇങ്ങനെ..
- ഇതിനായി, നിങ്ങൾ ആദ്യം തണ്ണിമത്തൻ വാങ്ങുമ്പോൾ, വില്‍പനക്കാരനോട് ഒരു ചെറിയ കഷണം മുറിച്ച് നിങ്ങൾക്ക് നൽകാൻ ആവശ്യപ്പെടുക
- ശേഷം, ഒരുടിഷ്യൂ പേപ്പറോ, അല്ലെങ്കില്‍ പഞ്ഞി കൊണ്ടോ മുറിച്ച തണ്ണിമത്തൻ കഷണത്തിന്‍റെ ഉൾഭാഗത്ത് പതുക്കെ ഉരച്ചു നോക്കാം
- ഉരച്ചുനോക്കുമ്പോള്‍ ടിഷ്യൂ പേപ്പറില്‍ നിറം മാറ്റം ഉണ്ടാകുന്നുവെങ്കില്‍ അത് മായം ചേർത്ത തണ്ണിമത്തനാണെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു
- ശുദ്ധമായ തണ്ണിമത്തൻ ആണെങ്കില്‍ ഇത് നിറം മാറില്ല. ഈ ലളിതമായ പരിശോധനയിലൂടെ മായം കലർന്ന തണ്ണിമത്തൻ കണ്ടെത്താനാകുമെന്ന് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി
ചില നുറുങ്ങുകൾ കൂടി:
- തണ്ണിമത്തന് അല്‍പം വെളുത്ത നിറവും അവിടെയും ഇവിടെയും മഞ്ഞ നിറവും ഉണ്ടെങ്കിൽ, അതില്‍ മായം ചേര്‍ക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്‌ധര്‍ പറയുന്നു.
- തണ്ണിമത്തൻ വേഗത്തിൽ പഴുക്കാൻ കാർബൈഡ് എന്ന രാസവസ്‌തു ഉപയോഗിക്കുന്നു. അതുകൊണ്ട്, തണ്ണിമത്തന്‍ മുകളില്‍ മഞ്ഞനിറം കണ്ടാല്‍, ഉപ്പുവെള്ളത്തില്‍ നന്നായി കഴുകിയ ശേഷം കഴിക്കുന്നതാണ് ഉത്തമം.
- തണ്ണിമത്തൻ വാങ്ങുമ്പോള്‍ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതുണ്ട്. തണ്ണിമത്തനില്‍ ദ്വാരങ്ങളുണ്ടെങ്കിൽ വാങ്ങാതിരിക്കുന്നതാണ് നല്ലത്, ഒരുപക്ഷേ മായാൻ ചേര്‍ക്കാൻ സിറിഞ്ചുകള്‍ കുത്തിവയ്‌ക്കാൻ സാധ്യതയുണ്ട്
- മായം ചേർത്ത തണ്ണിമത്തനാണെങ്കില്‍ അത് മുറിക്കുമ്പോൾ, പഴത്തിൽ കൂടുതൽ വിള്ളലുകൾ ഉണ്ടാകും. അതുകൊണ്ട് തന്നെ, തണ്ണിമത്തൻ വാങ്ങുമ്പോഴും വാങ്ങിയതിനു ശേഷവും ഈ വഴികള്‍ പിന്തുടര്‍ന്നാല്‍ അത് നല്ലതാണോ ചീത്തയാണോ എന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്ന് വിദഗ്‌ധര്‍ പറയുന്നു.
Also Read: പൊളി ഐറ്റം, ഒരു രക്ഷയുമില്ല; പ്ലേറ്റ് കാലിയാക്കാൻ ഇത് മാത്രം മതി