തിരുവനന്തപുരം: കേരളത്തിലെ രണ്ടാമത്തെ ഗുരുദ്വാരയ്ക്ക് തറക്കല്ലിട്ട് ശശി തരൂർ എംപി. തിരുവനന്തപുരം കരമന ശാസ്ത്രി നഗറിലെ 25 സെൻ്റ് ഭൂമിയിലാണ് പുതിയ ഗുരുദ്വാരയുടെ പണി ആരംഭിക്കുക. പാങ്ങോട് സൈനിക ക്യാമ്പിൽ ഒരു ഗുരുദ്വാരയുണ്ടെങ്കിലും ദൈനംദിന പ്രാർഥനകൾക്കും മറ്റും പല തടസങ്ങളുണ്ടെന്ന് ഗുരുദ്വാര ഗുരു നാനാക്ക് ദർബാറിൻ്റെ സ്ഥാപക അംഗമായ അമർജിത്ത് സിംഗ് ഇടിവി ഭാരതിനോട് പറഞ്ഞു.

സിഖ് കുടുംബത്തിൽ ഒരു മരണമുണ്ടായാൽ മരണാനന്തര ചടങ്ങുകൾക്കും വിവാഹം നടത്താനും പാങ്ങോട് ഗുരുദ്വാരയിൽ കഴിയില്ല. പലപ്പോഴും ചടങ്ങുകൾക്കായി അപേക്ഷ നൽകി അനുമതിക്കായി കാത്ത് നിൽക്കേണ്ടി വരും. മതിയായ താമസ സൗകര്യങ്ങളും അവിടെയില്ല. തിരുവനന്തപുരത്ത് 10 മുതൽ 15 കുടുംബങ്ങളിൽ നിന്നായി 40ഓളം സിഖുകാർ താമസമുണ്ട്. കേരളത്തിന് പുറത്ത് നിന്നുമെത്തുന്നവരും കേരളത്തിൽ താമസിക്കുന്ന നമ്മളോടാണ് ഗുരുദ്വാര എവിടെയെന്ന് ചോദിക്കുക. കൊച്ചി, തേവരയിലാണ് നിലവിൽ ഗുരുദ്വാരയുള്ളത്. ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നും പല വിഭാഗത്തിലുള്ളവർ തിരുവനന്തപുരത്തേക്ക് എത്തുമ്പോൾ അനുദിനം വളരുന്ന ഈ നഗരത്തിലും ഗുരുദ്വാര ആവശ്യമാണെന്ന് അമർജിത്ത് സിംഗ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1999ൽ ബിസിനസിൻ്റെ ഭാഗമായി കേരളത്തിലേക്ക് കുടിയേറിയതാണ് അമർജിത്ത് സിംഗ്. തിരുവനന്തപുരം തകരപ്പറമ്പിൽ കാർ, ഇലക്ട്രോണിക്‌സ് മേഖലയിലാണ് ബിസിനസ്. ഏത് വിഭാഗത്തിനും അന്നവും താമസവും നൽകി ആതിഥേയത്വം നൽകുന്ന ഗുരുദ്വാരയ്ക്ക് ഭൂമി കണ്ടെത്താനായി മൂന്ന് വർഷങ്ങൾക്ക് മുൻപാണ് അമർജിത്ത് സിംഗ് ശ്രമങ്ങൾ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും സമീപിച്ചു.

2022ൽ ആണ് ഗുരുദ്വാരയ്ക്കായി ഭൂമി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുന്നത്. അതിൻ്റെ ഭാഗമായി ഇന്നലെ (ഫെബ്രുവരി 16) തറക്കല്ലിടുകയായിരുന്നു. തനത് കേരളീയ വാസ്‌തു ശൈലിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഗുരുദ്വാര ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നിർമാണത്തിനായി 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അമർജിത്ത് സിംഗ് വ്യക്തമാക്കി.
ഗുരു നാനാക്കിൻ്റെ കേരള സന്ദർശനം
സിഖ് വിശ്വാസികളുടെ ദൈവമായ പ്രവാചകൻ ഗുരു നാനാക്ക് തൻ്റെ യാത്രകളിൽ കേരളത്തിലൂടെ കടന്നു പോയിട്ടുണ്ടെന്നും അമർജിത്ത് സിംഗ് ഇടിവി ഭാരതിനോട് പറഞ്ഞു. ചരിത്രകാരനായ ശശി ഭൂഷണാണ് ഇതിൻ്റെ തെളിവുകൾ പരിചയപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു. ഗുരു ഗോപാൽ സിംഗ് രചിച്ച 'ഗുരു നാനാക്ക്' ജീവചരിത്രത്തിൽ തിരുവെട്ടാറിൽ നിന്നും വർക്കലയിലേക്കുള്ള ഗുരു നാനാക്കിൻ്റെ സഞ്ചാരത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഇന്ത്യയാകെയുള്ള ഗുരു നാനാക്കിൻ്റെ തീർഥാടനത്തിൻ്റെ ഭാഗമായി അദ്ദേഹം തിരുവനന്തപുരത്തും എത്തിയെന്ന് അമർജിത്ത് പറഞ്ഞു.
Also Read: സിപിഎം 'നരഭോജികൾ' കാർഡ് പിൻവലിച്ച് ശശി തരൂർ; പിന്നാലെ മറ്റൊരു പോസ്റ്റിട്ടു