ജീവിതത്തിലെ തിരക്കുകളില്‍ നിന്നെല്ലാം മാറി മനസിനെ ഏറെ ശാന്തമാക്കാനും മനസിന് സന്തോഷം പകരാനും വേണ്ടി ഇടയ്‌ക്ക് യാത്രകള്‍ ചെയ്യാത്തവരായി ആരുമുണ്ടാകില്ല. മലയും കുന്നും താണ്ടി മനസിനെ കുളിര്‍പ്പിക്കുന്ന കാഴ്‌ചകള്‍ തേടിയൊരു യാത്ര... പുതുതലമുറയാകട്ടെ യാത്രകളെ ഏറെ സ്‌നേഹിക്കുന്നവരാണ്. എത്ര തിരക്കാണെങ്കിലും അതിനായി സമയം കണ്ടെത്തുന്നവരാണ് ഇവര്‍. മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ദിവസവും സോഷ്യല്‍ മീഡിയയില്‍ തെരയുന്നവരുടെ എണ്ണവും വിരളമല്ല. റീല്‍സുകളിലും യൂട്യൂബ് വീഡിയോകളിലുമെല്ലാം വൈറലാകുന്ന ഇടങ്ങളെല്ലാം തേടിപ്പിടിക്കുന്നവര്‍.
വണ്‍ ഡേ ട്രിപ്പ് അടിക്കാന്‍ നിരവധി ഇടങ്ങളുണ്ട് കേരളത്തില്‍. ഇടുക്കി, മൂന്നാര്‍, എറണാകുളം, വയനാട് തുടങ്ങി അങ്ങനെ നീളും ടൂറിസം കേന്ദ്രങ്ങളുടെ ലിസ്റ്റ്. എന്നാല്‍ ഈ പറഞ്ഞ സ്ഥലങ്ങളിലെല്ലാം ഒന്നും രണ്ടും അല്ലെങ്കില്‍ അതില്‍ കൂടുതലോ തവണ പോയിട്ടുള്ളവരായിരിക്കും മലയാളികളില്‍ മിക്കവരും. അതിന് കാരണമാകട്ടെ പണ്ട് കാലം തൊട്ട് പ്രശസ്‌തമായിട്ടുള്ള ടൂറിസം സ്‌പോട്ടുകളായത് കൊണ്ട് തന്നെ. എന്നാല്‍ അടുത്ത തവണ ട്രിപ്പ് പ്ലാന്‍ ചെയ്യുമ്പോള്‍ ഡെസ്റ്റിനേഷന്‍ ചെറുതായൊന്ന് മാറ്റി പിടിച്ചാലോ?
ട്രിപ്പുകള്‍ വൈബാക്കാന്‍ പ്രകൃതി ഭംഗിയും സാഹസികതയും ചരിത്ര സ്‌മാരകങ്ങളും എല്ലാം ഉള്ള ഒരിടം. അത്തരത്തിലുള്ള ഒരു സ്ഥലമുണ്ട് അങ്ങ് മലപ്പുറത്ത്. അത് മറ്റൊവിടെയുമല്ല തേക്കിന്‍ കാടുകള്‍ കൊണ്ട് സമ്പന്നമായ നിലമ്പൂര്‍. നിലമ്പൂരിനെ ലോക പ്രശസ്‌തമാക്കിയ തേക്കിനെ കുറിച്ച് തന്നെയാകാം എന്നാല്‍ ആദ്യ വിവരണം.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിന്‍ തോട്ടം: ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ തേക്കിന്‍ തോട്ടമാണ് നിലമ്പൂരിലെ കനോലി പ്ലോട്ട്. ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ് ഇത്തരത്തിലൊരു തേക്കിന്‍ തോട്ടം നിര്‍മിക്കപ്പെട്ടത്. അക്കാലത്ത് മലബാര്‍ ജില്ല കലക്‌ടറായിരുന്ന എച്ച്‌വി കൊണോലിയാണ് ഇതിന് നേതൃത്വം വഹിച്ചത്. ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന ചാത്തുമേനോനാണ് അക്കാലത്ത് ഇവിടെ തേക്കിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും പ്രായമേറിയ തേക്കുകള്‍ കനോലി പ്ലോട്ടിലുണ്ട്.
ചാലിയാര്‍, കുതിരപ്പുഴ എന്നിവയുടെ തീരങ്ങളിലായി 13 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നതാണീ തോട്ടം. പുഴയ്‌ക്ക് കുറുകെ നടക്കാന്‍ ഇവിടെയൊരു തൂക്കുപ്പാലവും സജ്ജമാക്കിയിട്ടുണ്ട്. പരന്ന് കിടക്കുന്ന തോട്ടത്തില്‍ നിറയെ വലിയ തേക്കുകള്‍. ദിവസവും നിരവധി സഞ്ചാരികളാണ് ഈ തോട്ടത്തിലെത്തുന്നത്. വെയില്‍ ഒട്ടും പതിക്കാത്ത ഇവിടെ ഏത് വേനല്‍ കാലത്തും വന്നിരിക്കാന്‍ നല്ല സുഖമാണ്. നിലമ്പൂര്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ ഒരിക്കലും കാണാതെ പോകരുത് ഈയൊരിടം. നിലമ്പൂരില്‍ നിന്നും ഏകദേശം മൂന്ന് കിലോമീറ്റര്‍ അപ്പുറമാണ് കനോലി പ്ലോട്ടുള്ളത്. നിലമ്പൂര്‍ ബസ് സ്റ്റാന്‍റില്‍ നിന്നും വഴിക്കടവ് റൂട്ടിലൂടെ പോകുമ്പോഴാണ് ഈ പ്ലോട്ടുള്ളത്.
തേക്ക് മ്യൂസിയം: മാനം മുട്ടെ വളര്‍ന്ന് നില്‍ക്കുന്ന തേക്കിന്‍ കാട്ടില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് തേക്ക് മ്യൂസിയം ഉള്ളത്. ലോകത്തെ ആദ്യ തേക്ക് മ്യൂസിയമാണിത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കീഴിലുള്ള ഈ മ്യൂസിയത്തിലെത്തിയാല്‍ തേക്ക് കൊണ്ട് നിര്‍മിച്ചിട്ടുള്ള മഹാ അത്ഭുതങ്ങള്‍ കാണാം. മാത്രമല്ല തേക്കുകളെ കുറിച്ചും അവയുടെ ഉപയോഗത്തെ കുറിച്ചും പഠനങ്ങളെ കുറിച്ചുമെല്ലാം ഇവിടെ നിന്നും മനസിലാക്കാം.
പ്രധാന ഗേറ്റ് കഴിഞ്ഞ് മ്യൂസിയത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ തന്നെ സഞ്ചാരികളെ കൗതുകപ്പെടുത്തും വിധമുള്ള തേക്കിന്‍റെ വേര് പടലമുണ്ട്. തുടര്‍ന്ന് അകത്തേക്ക് പ്രവേശിച്ചാല്‍ വിവിധ തരം തേക്ക് തടികള്‍ കാണാം. 450 വര്‍ഷം പഴക്കമുള്ള വലിയൊരു തേക്കിന്‍റെ ചുവടുഭാഗവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതും മ്യൂസിയത്തിലെ പ്രധാന കാഴ്‌ചകളിലൊന്നാണ്. തേക്ക് മരത്തിനുണ്ടാകുന്ന വൈകല്യങ്ങളെ കുറിച്ചും മ്യൂസിയത്തിലെത്തിയാല്‍ നമ്മുക്ക് മനസിലാക്കാനാകും.
തേക്ക് തടിയില്‍ തീര്‍ത്തിട്ടുള്ള നിരവധി കാഴ്‌ചകള്‍ക്ക് ശേഷം മ്യൂസിയത്തിന് പിന്‍വശത്തെത്തിയാല്‍ വേറെയും കാഴ്‌ചകളുണ്ട്. ഇത് മുതിര്‍ന്നവരെയും കുട്ടികളെയും ഏറെ സന്തോഷിപ്പിക്കും. മാത്രമല്ല കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെയുള്ള ഹെര്‍ബല്‍ ഗാര്‍ഡനും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കും. മാത്രമല്ല പൂക്കള്‍ കാണാന്‍ ഇഷ്‌ടമുള്ളവര്‍ക്കായി വലിയൊരു ഗാര്‍ഡനും ഉണ്ട് മ്യൂസിയത്തില്‍.
തൂവെള്ളയായി പതഞ്ഞൊഴുകുന്ന ആഢ്യന്‍പാറ: ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് ആഢ്യന്‍പാറ വെള്ളച്ചാട്ടം. പച്ച പിടിച്ച കൊടും കാടിനുള്ളില്‍ നിന്നും പതഞ്ഞൊഴുകിയെത്തുന്ന വെള്ളം. പാറകളില്‍ തൊട്ടുരുമ്മിയും തട്ടിതെറിച്ചും കീലോമീറ്ററുകള്‍ താണ്ടുന്ന ഇതിന് ഭംഗിയും അതോടൊപ്പം രൗദ്ര ഭാവവും കൈവരുന്നത് മണ്‍സൂണിലാണ്. വെള്ളച്ചാട്ടത്തിന് അപ്പുറം കൊടും കാടാണ്. സഥാ ആനയും പുലിയും കുരങ്ങുകളും മാനുകളുമെല്ലാം വിഹരിക്കുന്ന കൊടും കാട്.
വേനലില്‍ വെള്ളത്തിന്‍റെ അളവും ഒഴുക്കും കുറയുമ്പോള്‍ ഇവിടെയെത്തിയാല്‍ പതിയെ വെള്ളത്തിലെല്ലാം ഇറങ്ങാം. എന്നാല്‍ മഴക്കാലത്ത് അത്തരം സാഹസങ്ങള്‍ക്ക് മുതിരുന്നത് വലിയ അപകടം വരുത്തിവയ്‌ക്കും. കാനന ഭംഗിയും വെള്ളച്ചാട്ടവും ആസ്വദിക്കാന്‍ ഇതിലും മികച്ച മറ്റൊരിടമില്ല ജില്ലയിലെന്ന് തന്നെ പറയാം. വെളളച്ചാട്ടം മാത്രമല്ല അതിന് തൊട്ടടുത്ത് വൈദ്യുതി നിലയവും ഉണ്ട്. ഇവിടെയും സന്ദര്‍ശനാനുമതിയുണ്ട്.
വെള്ളച്ചാട്ടത്തിന്‍റെ തൊട്ടരികിലായി ഇരുന്ന് കാഴ്‌ചകള്‍ കാണാനും സാധിക്കും. ഇതിനായി ഇവിടെ ബെഞ്ചുകളും ഒരുക്കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ചെറിയ സ്റ്റാളുകളും വെള്ളച്ചാട്ടത്തിന് സമീപമുണ്ട്. മാത്രമല്ല വാഹനങ്ങളിലെത്തുന്നവര്‍ക്ക് അത് പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ട്. നിലമ്പൂര്‍ ടൗണില്‍ നിന്നും 15 കിലോമീറ്ററാണ് ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം.
നെടുങ്കയം: നീലഗിരി മലനിരകളുടെ താഴ്‌വാരത്തിലുള്ള വന്യജീവി സങ്കേത കേന്ദ്രമാണ് നെടുങ്കയം. മരങ്ങള്‍ക്കിടയിലൂടെയും പാറകള്‍ക്കിടയിലൂടെയും തെളിഞ്ഞൊഴുകുന്ന കരിമ്പുഴയും ശാന്ത സുന്ദരമായ പ്രദേശങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. കാടിന്‍റെ തുടിപ്പും കാട്ടാറിന്‍റെ സ്‌പന്ദനവും അറിയാന്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇവിടെയൊന്ന് സന്ദര്‍ശിക്കണം. വനപാതകള്‍ താണ്ടി സങ്കേതത്തിലേക്കുള്ള യാത്രക്കിടെ കാലാവസ്ഥയും സമയവും അനുകൂലമാണെങ്കില്‍ ഏറെ വന്യമൃഗങ്ങളെ കാണാനാകും. കാട്ടാന, പുള്ളിമാന്‍ കൂട്ടങ്ങള്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള തേക്കിന്‍ കാടുകള്‍, ആനപ്പന്തി, ഡോസന്‍ സായിപ്പിന്‍റെ ശവകുടീരം എന്നിവയും യാത്രക്കിടെ കാണേണ്ട കാഴ്‌ചകള്‍ തന്നെയാണ്.
നിലമ്പൂരില്‍ നിന്നും 18 കിലോമീറ്ററാണ് ഇങ്ങോട്ടുള്ളത്. കരുളായി കഴിഞ്ഞാല്‍ പിന്നെ നെടുങ്കയം. കുറച്ച് കൂടി മുന്നോട്ട് ചെന്നാല്‍ ശാന്തമായ തെളിരുറവ ഒഴുകുന്ന കരിമ്പുഴയും പഴയ പാലവും കാണാം. രണ്ട് ഗര്‍ഡര്‍ പാലങ്ങളാണ് സുന്ദരിയായ ഈ പുഴയ്‌ക്ക് കുറുകെയുള്ളത്. ഇവയാകട്ടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ തേക്കിന്‍ തടികള്‍ കടത്താന്‍ ഉപയോഗിച്ച പാലമായിരുന്നൂത്രെ. അതുകൊണ്ട് തന്നെ കാലങ്ങള്‍ ഏറെ പിന്നിട്ടിട്ടും ഇതിന് ഇന്നും യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല.
ഈ പാലത്തിന് താഴെത്തൂടെ സഹ്യന്‍റെ മടിത്തട്ടില്‍ നിന്ന് ഉത്ഭവിച്ച് പുഴയങ്ങനെ ശാന്തമായി ഒഴുകുകയാണ്. മുന്നോട്ട് നീങ്ങിയാല്‍ മാനംമുട്ടെ വളര്‍ന്ന് നില്‍ക്കുന്ന തേക്കിന്‍ തോട്ടങ്ങള്‍ കാണാം. നിത്യ ഹരിത വനങ്ങള്‍ കൊണ്ട് സമ്പന്നമാണിവിടം. ഈ വനത്തിനുള്ളില്‍ ഗോത്ര വര്‍ഗക്കാരായ ചോലനായ്‌ക്കറെ കാണാനാകും. കാട്ടിനുള്ളിലൂടെ മുന്നോട്ട് നീങ്ങിയാല്‍ പുഴയിലേക്കുള്ള ഒരു ചെറുവഴി കാണാം. അതിലൂടെ നടന്ന് പുഴയ്‌ക്ക് അരികിലെത്തിയാല്‍ പ്രകൃതിയുടെ ഭംഗി ഏറെ ആസ്വദിക്കാനാകും.
പുഴയ്‌ക്ക് മറുകരയിലാകാട്ടെ സായിപ്പിന്‍റെ ബംഗ്ലാവ് അങ്ങനെ തലയുയര്‍ത്തി നില്‍പ്പുണ്ട്. കാട്ടിനുള്ളില്‍ ആ ബംഗ്ലാവില്‍ ഒരു ദിവസം രാപ്പാര്‍ക്കാമെന്ന് കരുതേണ്ട. കാരണം കൊടുംവനമായതിനാല്‍ അവിടെ മവോയിസ്റ്റ് ഭീഷണിയുണ്ട്. മാത്രമല്ല കാട്ടാനകള്‍ സ്ഥിരമായെത്തുന്ന ഇടമാണിവിടം. അതുകൊണ്ട് തന്നെ വൈകുന്നേരം ഇരുട്ട് വീഴും മുമ്പ് വനത്തില്‍ നിന്നും തിരിച്ചിറങ്ങേണം.
തെളിനീരൊഴുകുന്ന ടികെ കോളനി: നിലമ്പൂരില്‍ കാണാന്‍ നിരവധി കാഴ്‌ചകള്‍ ഉണ്ടെങ്കിലും യാത്രയില്‍ ഒരിക്കലും വിട്ട് പോകാതെ കാണേണ്ട ഒരിടമുണ്ട്. തികച്ചും കാടിന്‍റെ മാത്രം ശബ്‌ദവും ശാന്തമായി ഒഴുകുന്ന പുഴയുടെ കളകളാരവവും മാത്രമുള്ള ടികെ കോളനി. പുഴയുടെ അടിത്തട്ടോളം വ്യക്തമായി കാണുന്നത്ര ജലത്തെളിമ. കുട്ടികള്‍ക്ക് അടക്കം ഇറങ്ങി മുങ്ങി കുളിക്കാനും നീന്തി തുടിക്കാനും പറ്റിയ ഒരിടം.

യഥാര്‍ഥ നിലമ്പൂരിന്‍റെ ഭംഗി ആസ്വദിക്കണമെങ്കില്‍ യാത്രയില്‍ തീര്‍ച്ചയായും ഈ സ്‌പോട്ട് ഉള്‍പ്പെടുത്തണം. നിലമ്പൂരിലെ ചാലിയാര്‍ പുഴയിലേക്ക് ഒഴുകിയെത്തുന്ന ചെറുപുഴയാണ് ഈ വിസ്‌മയം തീര്‍ക്കുന്നത്. വെള്ളത്തിന്‍റെ തെളിമയും കാടിന്‍റെ വശ്യതയും ആരെയും ഇങ്ങോട്ടേക്ക് ആകര്‍ഷിക്കും. ഇതുള്ളത് ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ്. പുഴയില്‍ ഇറങ്ങിയാലും അധികം അപകടങ്ങളൊന്നും ഉണ്ടാകാനിടയില്ലാത്ത ഇവിടം നിരവധി പേരാണ് ദിവസവും സന്ദര്‍ശനത്തിന് എത്തുന്നത്. ഇതില്‍ പ്രത്യേകിച്ചും ഫാമിലിയോടൊപ്പം എത്തുന്നവരാണ് കൂടുതലും.
കുട്ടികളും മുതിര്‍ന്നവരും ഇവിടെ ഏറെ ഇഷ്‌ടപ്പെടുന്ന ഒന്നാണ് കനാലിലെ വെള്ളത്തിന്‍റെ ഒഴുക്ക്. പുഴയോട് ചേര്‍ന്നുള്ള കനാലില്‍ വെള്ളത്തോടൊപ്പം ഒഴുകി പോകാന്‍ ഇഷ്‌ടപ്പെടുന്നവരാണ് മിക്കവരും. കനാലിലൂടെ ഒഴുകുന്ന നിരവധി പേരുടെ റീലുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സോഷ്യല്‍ മീഡിയകളിലൂടെ വൈറലായതോടെ സ്ഥലത്തേക്ക് സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. നിലമ്പൂരില്‍ നിന്നും ഏകദേശം 23 കിലോമീറ്ററാണ് ടികെ കോളനിയിലേക്കുള്ളത്. നിമ്പൂരില്‍ നിന്നും പൂക്കോട്ടുംപാടം, ചോക്കാട് വഴി പോയാല്‍ ഇവിടെയെത്താം.
അപകട സാധ്യത കുറവെങ്കിലും ജാഗ്രത വേണം: പൊതുവെ ആഴം കുറഞ്ഞ തെളിഞ്ഞ വെള്ളമുള്ള ഇടമാണിത്. എന്നിരുന്നാലും ചിലയിടങ്ങളില്‍ അപകട സാധ്യതയുണ്ട്. അതുകൊണ്ട് അത്തരം ഇടങ്ങളില്‍ ജാഗ്രത പാലിക്കണം. കാണുമ്പോള്‍ ആഴമില്ലെന്ന് തോന്നുന്ന ഇടങ്ങളില്‍ ചിലപ്പോള്‍ ആഴമേറെയുണ്ടാകാം.
നീന്തല്‍ അറിയാത്തവരാരും ഇത്തരം ഭാഗങ്ങളിലേക്ക് എടുത്ത് ചാടാതിരിക്കാന്‍ ശ്രദ്ധിക്കുക. വെള്ളത്തിന്‍റെ തണുപ്പ് അധികം പാടില്ലാത്ത കുട്ടികളും മുതിര്‍ന്നവരും വെള്ളത്തില്‍ ഇറങ്ങരുത്. കാരണം സൈലന്‍റ് വാലിയിലെ കൊടും വനത്തില്‍ നിന്നും ഉത്ഭവിച്ചെത്തുന്ന പുഴയാണിത്. അതുകൊണ്ട് തന്നെ വെള്ളത്തിന് നല്ല തണുപ്പായിരിക്കും.
ഉച്ചസമയത്ത് പോയാല്‍ തണുപ്പിന് അല്‍പം ആശ്വാസമുണ്ടാകും. പുഴയുടെ കരയിലോ സമീപ പ്രദേശങ്ങളിലോ മാലിന്യങ്ങള്‍ നിക്ഷേപിക്കാനും പാടില്ല. അത്രയേറെ ഭംഗിയുള്ള ഈ പ്രകൃതിയെ നശിപ്പിക്കാന്‍ പ്രദേശവാസികള്‍ ഒരിക്കലും സമ്മതിക്കില്ല. അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും നാട്ടുകാര്‍ അത് ചോദ്യം ചെയ്യും. അതുകൊണ്ട് യാത്രയില്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക.
Also Read |
- ഗോതമ്പ് പൊടിയും തേങ്ങയുമുണ്ടോ? എണ്ണയൊട്ടും ചേര്‍ക്കാതെയൊരു അടിപൊളി പലഹാരം, തയ്യാറാക്കാം 5 മിനിറ്റില്‍
- വേലയും പൂരവും കുമ്മാട്ടിയും, പിന്നെ മലയും പുഴകളും കാടും; യാത്ര പാലക്കാട്ടേക്കാക്കാം
- പാചകം ചെയ്യാന്‍ മടിയാണോ? വേഗത്തില്‍ ഇതൊന്ന് തയ്യാറാക്കി നോക്കൂ, വയറും നിറയും ടേസ്റ്റും അപാരം
- നാലുമണി ചായയ്‌ക്കൊപ്പം കഴിക്കാം 'കാരോലപ്പം'; ഇങ്ങനെ തയ്യാറാക്കിയാല്‍ ടേസ്റ്റ് ഏറും
- വായിലിട്ടാൽ അലിഞ്ഞ് പോകും രുചി; ഹിറ്റായി മുസ്‌തഫാ തട്ടുകടയിലെ കാരറ്റ് പോളയും കായപ്പോളയും.