പാരിസ്:ഒളിമ്പിക് ഗുസ്‌തിയില്‍ വിനേഷ് ഫോഗട്ടിന്‍റെ സ്വര്‍ണ മെഡല്‍ കാത്തിരുന്ന ഇന്ത്യയ്‌ക്ക് കനത്ത നിരാശ. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്‌തിയില്‍ ഫൈനലില്‍ എത്തിയ വിനേഷിനെ അയോഗ്യയാക്കി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയില്‍ പരാജയപ്പെട്ടതാണ് 29-കാരിക്ക് തിരിച്ചടിയായത്. അനുവദനീയം ആയതിലും 100 ഗ്രാം കൂടുതലാണ് വിനേഷിന്‍റെ ഭാരമെന്നാണ് കണ്ടെത്തല്‍. മത്സര നിയമം അനുസരിച്ച്, വിനേഷിന് മെഡലിന് യോഗ്യതയുണ്ടാവില്ല. ഇതോടെ ഉറപ്പായ ഒരു മെഡലാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായിരിക്കുന്നത്.
ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ഒളിമ്പിക് ചാമ്പ്യനുമായ ജപ്പാന്‍റെ യു സുസാകി അക്കമുള്ള താരങ്ങളെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു വിനേഷ് ഫൈനലിലേക്ക് മുന്നേറിയത്. ഇന്നലെ നടന്ന മത്സരങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ വിനേഷിന്‍റെ ഭാരം കൃത്യമായിരുന്നു. എന്നാല്‍ രാത്രിയോടെ താരത്തിന്‍റെ ഭാരത്തില്‍ ഏതാണ്ട് രണ്ട് കിലോയോളം വര്‍ധനവുണ്ടായി.
ഇതു കുറയ്‌ക്കായി രാത്രി മുഴുവന്‍ താരം കഠിന പരിശ്രമം നടത്തിയിരുന്നു. ഉറങ്ങാതെ സൈക്ലിങ്ങും ജോഗിങ്ങുമെല്ലാം നടത്തിയെങ്കിലും ഇന്ന് രാവിലെ നടത്തിയ ഭാരപരിശോധനയില്‍ വിനേഷ് പരാജയപ്പെടുകയായിരുന്നു. 29-കാരിയ അയോഗ്യയാക്കപ്പെട്ടതോടെ 50 കിലോ ഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ എത്തിയ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിന് സ്വര്‍ണം ലഭിക്കും.
മറ്റൊരു ഫൈനലിസ്റ്റ് അയോഗ്യ ആയതിനാല്‍ ഈ വിഭാഗത്തില്‍ വെള്ളി മെഡലുണ്ടാവില്ല. സെമിയില്‍ തോറ്റവര്‍ തമ്മിലുള്ള മത്സരത്തില്‍ വിജയിച്ചവര്‍ക്ക് വെങ്കലം ലഭിക്കും. വിനേഷിനെ അവസാന സ്ഥാനക്കാരിയായി ആവും രേഖപ്പെടുത്തുക. നടപടി പുനപരിശോധിക്കാംന്‍ സാധ്യതയില്ല.
ALSO READ:ഹോക്കിയിൽ ടീം ഇന്ത്യക്കിനി വെങ്കലപ്പോരാട്ടം; സെമിയിൽ പൊരുതി വീണത് ലോകചാമ്പ്യന്മാരോട് - Paris Olympics IND vs GER result
റിയോ ഒളിമ്പിക്‌സില്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷ് ഇതിന് ശേഷം 53 കിലോ ഗ്രാം വിഭാഗത്തിലും ഇറങ്ങിയിരുന്നു. പിന്നീട് ഹോര്‍മോണ്‍ പ്രശ്നങ്ങളെത്തുടര്‍ന്ന് ശരീരഭാരം കുറച്ചാണ് താരം പാരിസില്‍ 50 കിലോ ഗ്രാം വിഭാഗത്തിൽ കളിക്കാനിറങ്ങിയത്.