പാരീസ് ഒളിമ്പിക്‌സിലെ പുരുഷ ഡബിൾസ് ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ സ്റ്റാര്‍ ജോഡിയായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയ്‌ക്കും ചിരാഗ് ഷെട്ടിയ്‌ക്കും ഗ്രൂപ്പ് ഘട്ടം എളുപ്പം. പാരീസ് ഒളിമ്പിക്‌സ് ബാഡ്‌മിന്‍റൺ പുരുഷ വിഭാഗം ഡബിൾസിന്‍റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ക്വാലാലംപൂരിലുള്ള ബാഡ്‌മിന്‍റൺ വേൾഡ് ഫെഡറേഷൻ (BWF) ആസ്ഥാനത്താണ് നടന്നത്. ബാഡ്‌മിന്‍റണിലെ മറ്റെല്ലാ ഇനങ്ങളുടെയും ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വെള്ളിയാഴ്‌ച (ജൂലൈ 12) നടന്നിരുന്നു.
ഗ്രൂപ്പ് സിയിലാണ് ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാക്കളായ ഇന്ത്യന്‍ സഖ്യം ഉള്‍പ്പെട്ടിരിക്കുന്നത്. ലോക ബാഡ്‌മിന്‍റൺ പുരുഷ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരാണ് സാത്വിക്-ചിരാഗ് സഖ്യം. രണ്ട് തവണ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻമാരായ ഇരുവര്‍ക്കും ചെറിയ വെല്ലുവിളിയെങ്കിലും ഉയര്‍ത്താനാവുക ഇന്തോനേഷ്യയുടെ ഫജർ ആൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്‍റോ ജോഡിയ്‌ക്കാണ്. ലോക റാങ്കിങ്ങില്‍ ആറാമതാണിവര്‍.
ഇന്ത്യന്‍ താരങ്ങളെ കൂടാതെ ഗ്രൂപ്പ് സിയില്‍ ലോക റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള ഏക ജോഡിയും ഇവരാണ്. ലോക 31-ാം നമ്പർ ജോഡിയായ ജർമ്മനിയുടെ മാർക്ക് ലാംസ്‌ഫസ്-മാർവിൻ സീഡൽ, ഫ്രാന്‍സിന്‍റെ ലോക 43-ാം നമ്പർ ജോഡിയായ ലൂക്കാസ് കോർവി-റൊണാൻ ലാബർ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍.