ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഈ മാസം അവസാനത്തോട് കൂടി ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. സമൂഹത്തിൽ സമത്വവും നീതിയും ഉറപ്പാക്കുന്നതിന് ശക്തമായ ഒരു നിയമത്തിൻ്റെ ആവശ്യം ഉണ്ടെന്നും പുഷ്‌കർ സിങ് ധാമി പറഞ്ഞു.
ന്യൂ തെഹ്രിയിലെ ചമ്പയിലെ ഷഹീദ് ഗബാർ സിങ് ചൗക്കിൽ നടന്ന പൊതുയോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചത്. സനാതൻ സംസ്‌കാരം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ബിജെപി സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളുന്നുവെന്നും കോൺഗ്രസ് എല്ലായ്‌പ്പോഴും വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. അടുത്ത ആഴ്‌ച സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയാണ്.
മുനിസിപ്പൽ ചെയർമാൻ സ്ഥാനാർഥി ശോഭനാ ധനോളക്കും മറ്റ് കൗൺസിലർ സ്ഥാനാർഥികൾക്കും വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചാണ് യുസിസി നിലപാട് ആവർത്തിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പൊതുജനക്ഷേമ പദ്ധതികളെ എതിർക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വികസന പദ്ധതികളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തങ്ങളുടെ സർക്കാർ നിരന്തരം അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നീ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുൻഗണന നൽകാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും പുഷ്‌കർ സിങ് ധാമി പറഞ്ഞു.
കോൺഗ്രസ് എപ്പോഴും അഴിമതിയും പ്രീണന രാഷ്‌ട്രീയവും പ്രോത്സാഹിപ്പിക്കുന്നു. ചമ്പയുടെയും ന്യൂ തെഹ്രി ജില്ലയുടെയും വികസനത്തിനായി തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ ബിജെപിയെ വിജയിപ്പിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. മകരസംക്രാന്തി, ഉത്തരായൺ ഉത്സവങ്ങളിൽ ആശംസകളും നേർന്നാണ് പുഷ്‌കർ സിങ് ധാമി വോട്ട് തേടിയത്.