ഒളിമ്പിക്‌സില്‍ ഒരു വൻ ശക്തിയല്ല ഇന്ത്യയെന്ന നമ്മുടെ രാജ്യം. എങ്കില്‍പോലും ലോക കായിക മാമാങ്ക വേദിയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടുമെന്ന് നാം ഓരോരുത്തരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, നീരജിന്‍റെ ചരിത്ര നേട്ടം കാണാൻ കാത്തിരുന്നവരുടെ ചങ്കിലേക്ക് തറച്ചത് പാകിസ്ഥാൻ താരം അര്‍ഷാദ് നദീമിന്‍റെ ആ ത്രോയായിരുന്നു.
പാരിസിലെ സ്‌റ്റേഡ് ഡ ഫ്രാൻസ് അത്‌ലറ്റിക്ക് സ്റ്റേഡിയത്തില്‍ നീരജിന്‍റെ സുവര്‍ണനേട്ടം കാണാൻ കാത്തിരുന്നവര്‍ക്ക് മുന്നിലൂടെയാണ് വായുവിനെ കീറിമുറിച്ചുകൊണ്ട് അര്‍ഷാദിന്‍റെ ത്രോ പാഞ്ഞത്. ഗാലറിയിലുണ്ടായിരുന്ന കാണികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഉയര്‍ന്നുപൊങ്ങിയ ആ ജവലിൻ ചെന്ന് പതിച്ചത് 92.97 മീറ്റര്‍ ദൂരെ ഒളിമ്പിക്‌സ് ചരിത്രത്തിലേക്കായിരുന്നു.
ചരിത്രത്താളുകളില്‍ ഇടം പിടിച്ച ആ ത്രോയ്‌ക്ക് പിന്നാലെ നിറകണ്ണുകളോടെയാണ് ആ നിമിഷത്തെ അര്‍ഷാദ് ഓര്‍ത്തെടുത്തത്. തന്‍റെ കരിയറില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെയെല്ലാം നിഷ്‌ഭ്രമമാക്കുന്നതായിരുന്നു ഒളിമ്പിക് വേദിയില്‍ പാകിസ്ഥാൻ താരത്തിന്‍റെ ആ ഒരൊറ്റ ത്രോ...
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ഒരു കൊച്ചുഗ്രാമം. അവിടെ നിന്നാണ് അര്‍ഷാദ് നദീം ഇന്ന് ലോകത്തിന്‍റെ നെറുകയിലെത്തിയിരിക്കുന്നത്. ഒരു സാധാരണ കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മകനായി ജനിച്ച അര്‍ഷാദിന്‍റെ നേട്ടങ്ങളെല്ലാം തന്നെ അയാള്‍ക്ക് ചുറ്റുമുള്ളവര്‍ക്ക് ഇന്നുമൊരു കെട്ടുകഥയാണ്, സ്വപ്‌നമാണ്. കാരണം, അത്രത്തോളം ദുര്‍ഘടമായ പാതകളിലൂടെയായിരുന്നു അര്‍ഷാദിന്‍റെ യാത്ര.
ക്രിക്കറ്റ്, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ അങ്ങനെ പല കായിക ഇനത്തിലും അര്‍ഷാദ് കുട്ടിക്കാലം മുതല്‍ക്കെ കൈവച്ചു. അവയെ എല്ലാം വിട്ട് 18-ാം വയസിലാണ് ജാവലിൻ ത്രോയെ അര്‍ഷാദ് കൂടെക്കൂട്ടുന്നത്. ആദ്യ കാലത്ത് ജാവലിൻ ത്രോയില്‍ മികച്ച പരിശീലകരെ കണ്ടെത്താൻ പോലും താരത്തിനായിരുന്നില്ല. നാട്ടുകാരുടെ സഹായത്തോടെയാണ് സ്വന്തമായൊരു ജാവലിൻ പോലും താരം വാങ്ങുന്നത്. കൈവശമുള്ള ഒരു ജാവലിൻ ഉപയോഗിച്ച് എട്ട് വര്‍ഷത്തോളം പരിശീലനം നടത്തി. അന്താരാഷ്‌ട്ര നിലവാരമുള്ള ജാവലിൻ വാങ്ങാൻ തന്‍റെ പക്കല്‍ പണമില്ലെന്ന് തുറന്ന് പറയേണ്ടി വന്നിട്ടുണ്ട് അര്‍ഷാദിന്.
2016ലെ സൗത്ത് ഏഷ്യൻ ഗെയിംസില്‍ വെങ്കലം നേടിക്കൊണ്ടായിരുന്നു അന്താരാഷ്‌ട്ര മൈതാനങ്ങളില്‍ തന്‍റെ ചുവട് അര്‍ഷാദ് പതിപ്പിക്കുന്നത്. പിന്നീട്, ഉയര്‍ച്ചയും താഴ്‌ചയും നിറഞ് യാത്ര. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ടോക്കിയോ ഒളിമ്പിക്‌സില്‍ അഞ്ചാം സ്ഥാനം. നീരജ് ചോപ്ര എന്ന താരത്തിന്‍റെ ഉദയം ലോകം കണ്ട വര്‍ഷം കൂടിയായിരുന്നു അത്.