മുംബൈ : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്‌ക്കായി (India vs England) മിന്നും പ്രകടനമാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) നടത്തുന്നത്. നിലവില്‍ പരമ്പരയിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തും 22-കാരനുണ്ട്. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് ഡബിള്‍ സെഞ്ചുറികള്‍ ഉള്‍പ്പടെ 565 റൺസാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്.
ഇപ്പോഴിതാ യശസ്വിയ്‌ക്ക് മുമ്പില്‍ ഒരു വമ്പന്‍ നിര്‍ദേശം വച്ചിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ സ്‌പിന്നര്‍ അനില്‍ കുംബ്ലെ. ടീം ഇന്ത്യയ്‌ക്കായി പന്തുകൊണ്ടും സംഭാവന നല്‍കാനാണ് യശസ്വിയോട് അനില്‍ കുംബ്ലെ പറഞ്ഞിരിക്കുന്നത്. യശസ്വി ഉള്‍പ്പെട്ട ഒരു അഭിമുഖത്തിനിടെയാണ് കുംബ്ലെയുടെ വാക്കുകള്‍.
ഇന്ത്യന്‍ ടീമിലേക്ക് എത്തും മുമ്പ് ലെഗ് സ്പിൻ കൈകാര്യം ചെയ്‌തിട്ടുള്ള യശസ്വി, തനിക്ക് കുറച്ച് ഓവറുകള്‍ നല്‍കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് ആവശ്യപ്പെടണമെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു. "ഇംഗ്ലണ്ടിനെതിരെ ബാറ്റിങ്ങില്‍ മികച്ച പ്രകടനം തന്നെയാണ് നിങ്ങള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ എപ്പോഴും തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. അത് നിങ്ങളിലെ സ്വാഭാവികമായ ലെഗ് സ്പിന്‍ ആണ്.
അതൊരിക്കലും ഉപേക്ഷിക്കരുത്. കാരണം എപ്പോഴാണത് പ്രയോജനപ്പെടുകയെന്ന് നിങ്ങള്‍ക്ക് അറിയാനാവില്ല. നിങ്ങള്‍ക്ക് നടുവിന് വേദന ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ, എനിക്ക് പറയാനുള്ളത് എന്നാലും പരിശ്രമിക്കുക എന്ന് തന്നെയാണ്. കുറച്ച് ഓവറുകള്‍ തന്നെ പന്തേല്‍പ്പിക്കാന്‍ ക്യാപ്റ്റനോട് ആവശ്യപ്പെടുക" -അനില്‍ കുംബ്ലെ പറഞ്ഞു.