ചുരുണ്ട മുടി ഫാഷനല്ല എന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. അതിനാൽ തന്നെ നല്ല ഭംഗിയുള്ള ചുരുണ്ട മുടിയുണ്ടായിട്ടും സ്ട്രൈറ്റ് ചെയ്യാൻ തുനിഞ്ഞിരുന്നവർ നിരവധിയാണ്. എന്നാൽ വളരെ പെട്ടന്നായിരുന്നു ചുരുണ്ട മുടിയോട് എല്ലാവർക്കും ഒരിഷ്‌ടമൊക്കെ തോന്നി തുടങ്ങിയത്. ഇപ്പോൾ വലിയ തുക മുടക്കി ബ്യൂട്ടിപാർലറിൽ പോയി മുടി ചുരുട്ടുന്നതാണ് ട്രെൻഡ്. എന്നാൽ ചുരുണ്ട മുടി പരിപാലിക്കാൻ അത്ര എളുപ്പല്ല എന്നതാണ് ചുരുണ്ട മുടിക്കാരെ വലക്കുന്ന പ്രശ്‍നം. എന്നാൽ പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ തന്നെ ചുരുണ്ട മുടി വളരെ ഈസിയായി സംരക്ഷിക്കാൻ കഴിയും. അതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
ചുരണ്ട മുടിയുടെ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അനുയോജ്യമായ ഷാംപൂവും കണ്ടീഷണറും
ചുരുണ്ട മുടിക്കാർക്കായി മാത്രം പ്രത്യേകം തയ്യാറാക്കിയ നിരവധി ഷാംപൂവും കണ്ടീഷണറും വിപണിയിൽ ലഭ്യമാണ്. അതിനാൽ നിങ്ങളുടെ മുടിയ്ക്ക് അനുയോജ്യമായ ഷാംപൂ, കണ്ടീഷണർ എന്നിവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കറ്റാർവാഴ, പ്ലാന്‍റ് എക്‌സട്രാക്റ്റ്‌സ്, ഷിയ ബട്ടർ, കെരാറ്റിൻ എന്നിവ അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നത് മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സഹായിക്കും.
ഷാംപൂവിന്‍റെ അമിത ഉപയോഗം അരുത്
മുടിയിലെ എണ്ണമയം പൂർണ്ണമായി ഇല്ലാതാക്കാൻ ഷാംപൂ അമിതമായി ഉപയോഗിക്കാൻ പാടില്ല. ഇത് മുടി വേഗത്തിൽ വരണ്ടതും ഫ്രിസ്സിയുമാകാൻ ഇടയാക്കും. മുടിപൊട്ടി പോകാനും ഇത് കാരണമാകും. അതിനാൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മാത്രം മുടി കഴുകുക. അതേസമയം ദിവസേന തല കഴുകുന്നതിനേക്കാൾ നല്ലത് ആഴചയിൽ മൂന്നു ദിവസം കൂടുമ്പോൾ കഴുകുന്നതാണ്.
അമിതമായ മസാജ് ഒഴിവാക്കുക
അമിതമായി ഹെയർ മസാജ് ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് മുടി കൂടുതൽ ജെഡ പിടിക്കാൻ കാരണമാകും. അതിനാൽ ചുരുണ്ട മുടിയുള്ള ആളുകൾ തല അമിതമായി മസാജ് ചെയ്യാതിരിക്കുക.