മലപ്പുറം: അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും കവരുന്ന മോഷ്‌ടാവ് നിലമ്പൂർ പൊലീസിന്‍റെ പിടിയില്‍. പാണ്ടിക്കാട് കൊളപറമ്പ് കുന്നമ്മൽ വീട്ടിൽ സുനിൽ ബാബു എന്ന സുനീർ ബാബു (40) ആണ് പിടിയിലായത്. അതിഥി തൊഴിലാളികള്‍ നല്‍കിയ പരാതിയിലാണ് സുനീറിനെ അറസ്‌റ്റ് ചെയ്‌തത്.
നിലമ്പൂർ ആശുപത്രി കുന്നിലെ കിളിയൻ തൊടി രുഗ്മണിയമ്മയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ രണ്ട് മൊബൈൽ ഫോണുകളും 5,000 രൂപയുമാണ് ഇയാൾ മോഷ്‌ടിച്ചത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സുനിൽ ബാബുവിന്‍റെ മോഷണ രീതി വേറിട്ടതാണ് എന്ന് പൊലീസ് പറയുന്നു. അതിഥി തൊഴിലാളികളെ ജോലിയുണ്ടെന്ന് പറഞ്ഞ് സ്വകാര്യ സ്ഥലങ്ങളിലും ഒഴിഞ്ഞ പറമ്പിലേക്കും കെട്ടിടങ്ങളിലേക്കും വിളിച്ചു വരുത്തും. ശേഷം ഇവർ ജോലിക്ക് കയറുമ്പോൾ അഴിച്ചുവെക്കുന്ന ഡ്രസുകളിൽ നിന്നും പേഴ്‌സും പണവുമെടുത്ത് മുങ്ങുന്നതാണ് രീതി.
പേഴ്‌സും പണവും നഷ്‌ടമാകുന്നതിന് പുറമേ കൂലിയും ലഭിക്കാതെയാണ് അതിഥി തൊഴിലാളികൾക്ക് മടങ്ങേണ്ടി വരിക. അപ്പോൾ മാത്രമാണ് തങ്ങൾ ചതിക്കപ്പെട്ടുവെന്ന് ഇവര്‍ക്ക് മനസിലാക്കുന്നത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി മൊബൈൽ ഫോണുകളും പണവും ഇത്തരത്തില്‍ കവർന്നതായി ഇയാള്‍ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കാളികാവ് കസബ, പാല സ്റ്റേഷനുകളിലും സമാനമായ കേസുകൾ ഇയാളുടെ പേരിലുണ്ട്.