മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചെയ്യുന്നവരാണ് നമ്മൾ. അത്തരത്തിൽ ഒന്നാണ് കിടക്കുന്നതിന് മുമ്പ് മുടി പിന്നിയിടുന്നത്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഉറങ്ങുന്നതിന് മുമ്പ് മുടി പിന്നിയിടാറുണ്ട്. ഇത് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. മുടിയിഴകൾ കെട്ട് പിണയുന്നത് തടയാനും മുടിയിലെ ഈർപ്പം നഷ്‌ടമാകാതിരിക്കാനും ഈ രീതി സഹായിക്കുമെന്ന് ഡോര്‍മറ്റോളജിസ്റ്റും കോസ്‌മെറ്റോളജിസ്റ്റുമായ ഡോ സ്രവ്യ തിപിണേണി പറയുന്നു. ഉറങ്ങുന്നതിന് മുമ്പ് മുടി പിന്നിയിടുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
വരൾച്ച തടയാൻ
രാത്രിയിൽ മുടി പിന്നിയിട്ട് ഉറങ്ങുന്നത് നല്ലതാണ്. ഇത് മുടിയിലും തലയോട്ടിയിലും ഈർപ്പം നിലനിർത്താനും വരൾച്ച തടയാനും സഹായിക്കും. മുടി കൊഴിച്ചിൽ, താരൻ തുടങ്ങിയ കേശ സംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ഇത് ഫലപ്രദമാണ്. അതിനാൽ കിടക്കുന്നതിന് മുമ്പ് മുടി നല്ലപോലെ ചീകി ഒതുക്കുക. പതിവായി ഇങ്ങനെ ചെയ്യുന്നത് മുടിയ്ക്ക് തിളക്കം, മൃദുലത എന്നിവ നൽകാൻ സഹായിക്കും.
മുടി പൊട്ടുന്നത് തടയാൻ
മുടി അഴിച്ചിട്ട് ഉറങ്ങുമ്പോൾ മുടിയിൽ കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ പിന്നിയിട്ട് കിടക്കുന്നതാണ് നല്ലത്. ഇത് മുടിയിഴകൾ തമ്മിൽ ഉരസി കേടുപാടുകൾ സംഭവിക്കുന്നതിൽ നിന്നും സംരക്ഷിക്കും. രാത്രി കിടക്കുന്നതിന്‍റെ മുമ്പ് മുടി ചീകുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടി പൊട്ടി പോകുന്നത് തടയാനും സഹായിക്കും.