വാഷിങ്‌ടണ്‍: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മികച്ച മുന്നേറ്റം കാഴ്‌ചവയ്‌ക്കുന്നു. വോട്ടെടുപ്പ് പൂര്‍ത്തിയായ കെന്‍റക്കിയിലും, ഇന്ത്യാനയിലും, വെസ്‌റ്റ് വെർജീനിയിലുമാണ് ട്രംപ് മുന്നിലെത്തിയത്. വെർമോണ്ടിൽ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് വിജയിച്ചു. പല സ്ഥലത്തുനിന്നും ആദ്യ ഫലസൂചനകള്‍ വന്നുതുടങ്ങുമ്പോളും ചില സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്.
വിവധ സംസ്ഥാനങ്ങളിൽ നിന്നും ഫലസൂചനകള്‍ പുറത്തുവരുന്നുണ്ടെങ്കിലും എല്ലാവരുടെയും കണ്ണുകള്‍ നീളുന്നത് അടുത്ത അമേരിക്കന്‍ പ്രസിഡന്‍റ് ആരാകുമെന്ന് നിര്‍ണയിക്കാന്‍ കഴിയുന്ന ഏഴ് സ്ഥലങ്ങളില്‍ നിന്നുളള ഫലസൂചനകളിലേക്കാണ്. ലബാമ, മിസോറി, ഒക്‌ലഹോമ, ടെന്നസി എന്നിവിടങ്ങളില്‍ ട്രംപ് വലിയ മുന്നേറ്റം കാഴ്‌ചവയ്‌ക്കുമ്പോള്‍ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, മേരിലാൻഡ്, മസാച്യുസെറ്റ്‌സ് എന്നിവിടങ്ങളിൽ ഹാരിസിനാണ് മേല്‍ക്കോയ്‌മ.
അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇലക്‌ടറല്‍ കോളജില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാളാണ് ജയിക്കുക. ജനസംഖ്യ അടിസ്ഥാനമാക്കി അമേരിക്കയിലെ 50 സംസ്ഥാനങ്ങള്‍ക്ക് നിശ്ചിത ഇലക്‌ടറല്‍ വോട്ടുകള്‍ അനുവദിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും ഏറ്റവും കൂടുതല്‍ ജനപിന്തുണ ലഭിക്കുന്ന സ്ഥാനാർഥിക്ക് ആ സംസ്ഥാനത്തെ മുഴുവൻ ഇലക്‌ടറല്‍ വോട്ടുകളും ലഭിക്കും. ആകെ 538 ഇലക്‌ടറല്‍ വോട്ടുകളില്‍ അമേരിക്കൻ പ്രസിഡന്‍റ് ആകാൻ 270 ഇലക്‌ടറല്‍ വോട്ടുകളാണ് നേടേണ്ടത്.