തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയുടെ കലവറയില്‍ ഒരു ദിവസം 35,000 പേർക്ക് സദ്യയൊരുക്കുമെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഒരു ദിവസം രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി ഭക്ഷണം തയ്യാറാക്കാൻ 100ലേറെ ജീവനക്കാരുണ്ടാകും. സ്‌കൂളുകളിൽ നിന്നും ശേഖരിച്ച വിഭവങ്ങൾ മാത്രം മതിയാകില്ല, മറ്റ് വിഭവങ്ങളും ആവശ്യമുണ്ട്. ഇതും ശേഖരിച്ച് വരികയാണ്.
ഇന്ന് (ജനുവരി 3) വൈകിട്ട് മുതൽ ഭക്ഷണം വിളമ്പി തുടങ്ങുമെന്നും പഴയിടം പറഞ്ഞു. ഉച്ചയ്ക്കും രാത്രിയും സദ്യയാണ് പുത്തരിക്കണ്ടത്തെ വേദിയിൽ വിളമ്പുക. പ്രഭാത ഭക്ഷണം ഭക്ഷ്യവസ്‌തുക്കളുടെ ലഭ്യത അനുസരിച്ചാകും ഓരോ ദിവസവും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കലവറയിലെത്തിയ സവാളയും ഉരുളക്കിഴങ്ങും: സ്‌കൂളുകളിൽ നിന്നും വിഭവങ്ങൾ ശേഖരിച്ചപ്പോള്‍ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും വലിയ പങ്കാളിത്തമാണുണ്ടായതെന്ന് കലോത്സവത്തിന്‍റെ സംഘാടക സമിതി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്ന് വൈകിട്ട് മുതൽ ഭക്ഷണം നൽകി തുടങ്ങും. വലിയ തോതിലുള്ള വിഭവ സമാഹരണമാണ് ഇതിനായി നടന്നതെന്നും അദ്ദേഹം പറഞ്ഞു. കലവറയിലെ പാലുകാച്ചലിന് ശേഷം ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പക്ഷെ സ്‌കൂളുകളിൽ നിന്നും ശേഖരിച്ച ഉത്പന്നങ്ങൾ മതിയാകില്ല. തമിഴ്‌നാട്ടിൽ നിന്ന് കൂടി ഭക്ഷ്യ വസ്‌തുക്കൾ ലോറിയിൽ എത്തിച്ചിട്ടുണ്ട്. അഞ്ചിലും ആറിലും പഠിക്കുന്ന വിദ്യാർഥികൾ അവരുടെ പേരും വിലാസവും ഉൾപ്പെടെ എഴുതി അയക്കുന്നുണ്ട്. പെൺകുട്ടിയുടെ പേരും ക്ലാസും എഴുതിയ ഒരു പൊതി ഇന്നലെ എന്‍റെ കൈയ്യിൽ കിട്ടിയിരുന്നു.
അതിനുള്ളിൽ ഒരു തേയില മാത്രമാണുണ്ടായിരുന്നത്. വേറൊരു പൊതിയിൽ ഒരു സവാളയും ഒരു ഉരുളക്കിഴങ്ങും മാത്രമാണ് ഉണ്ടായിരുന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരാളാണ് ഇത് അയച്ചത്. ഐക്യപ്പെടാൻ കുട്ടികൾ തയ്യാറാണെന്നതാണ് ഇതിലെ പ്രധാന കാര്യം. അളവിലല്ല, പങ്കാളിത്തത്തിലാണ് കാര്യമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.