ജറുസലേം: ഗാസയിലെ വെടിനിർത്തൽ കരാർ ചർച്ച ചെയ്യാൻ സുരക്ഷാ പ്രതിനിധി സംഘത്തെ ഖത്തറിലേക്ക് അയക്കുമെന്ന് ഇസ്രായേൽ. ചർച്ചകൾ തുടരാൻ മൊസാദ്, ഷിൻ ബെറ്റ്, ഐഡിഎഫ് (ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്) എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘത്തെയാണ് ഖത്തറിലേക്ക് അയക്കുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ഖത്തർ, ഈജിപ്‌ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾ ഒരു വർഷത്തിലേറെയായി തുടരുകയാണ്. ഗാസയിൽ ബന്ദികളാക്കപ്പെട്ടവർ എവിടെയാണെന്ന് കണ്ടെത്താനും മോചിപ്പിക്കാനുമുള്ള നടപടികളിലും ചര്‍ച്ച നടക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹമാസ് ഒരാഴ്‌ചത്തെ വെടിനിർത്തൽ നിർദേശിച്ചതായി ഇസ്രയേലി സർക്കാർ ഉടമസ്ഥതയിലുള്ള കാൻ ടിവി നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. ബന്ദികളെ ഉടൻ മോചിപ്പിക്കുന്നതിനുള്ള കരാറിന് ഹമാസ് സമ്മതിച്ചില്ലെങ്കിൽ ഗാസയിൽ ഇസ്രയേൽ സൈനിക നടപടികൾ ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകിയിരുന്നു.
ബന്ദികളെ മോചിപ്പിച്ച് ഹമാസിനെ ഉന്മൂലനം ചെയ്യുന്നതുവരെ ഗാസയിലെ തീവ്രവാദ ശക്തി കേന്ദ്രങ്ങൾക്കെതിരായ ഇസ്രയേലി സൈന്യത്തിൻ്റെ ശ്രമങ്ങൾ ശക്തമാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
അതേസമയം വെടിനിർത്തൽ ചര്‍ച്ചകള്‍ നീണ്ട് പോകുന്ന സാഹചര്യത്തില്‍ സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ സൈനിക നടപടി പുനരാരംഭിക്കാനുള്ള ശ്രമം ഇസ്രയേൽ ആരംഭിച്ചേക്കും. എന്നാല്‍ ഗാസയിൽ നിന്ന് ഇസ്രയേൽ സേനയെ പിൻവലിക്കണമെന്ന ഹമാസിൻ്റെ ആവശ്യമാണ് മറ്റൊരു തർക്കവിഷയം.