എറണാകുളം: അധികാരവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന് കരുതുന്നവർക്കുള്ള മുന്നറിയിപ്പാണ് പെരിയ ഇരട്ടക്കൊലക്കേസ് വിധിയെന്ന് പ്രോസിക്യൂട്ടർ. സിബിഐ കോടതി വിധിയിൽ സംതൃപ്‌തിയെന്ന് പ്രോസിക്യൂട്ടർ അഡ്വ. ജോബി ജോസഫ് പറഞ്ഞു. കോടതി വിധിയെ കുറിച്ച് കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രതികൾക്ക് വധശിക്ഷ ലഭിക്കണമെന്ന കുടുംബത്തിന്‍റെ ആവശ്യം വൈകാരികമാണെന്നും പ്രോസിക്യൂട്ടർ അഭിപ്രായപ്പെട്ടു. ഈ കേസിൽ കിട്ടാവുന്ന പരമാവധി ശിക്ഷ തന്നെ കോടതി നൽകിയിട്ടുണ്ട്. അപൂർവങ്ങളിൽ അപൂർവമായ കേസിന്‍റെ പരിധിയിൽ വരാത്തത് കൊണ്ട് ജീവപര്യന്തം തന്നെയാണ് പരമാവധി ശിക്ഷയെന്നും പ്രോസിക്യൂട്ടർ ചൂണ്ടികാണിച്ചു.
നഷ്‌ട പരിഹാരവും കോടതി അനുവദിച്ചിട്ടുണ്ട്. ജീവപര്യന്തം തടവിന് ശിക്ഷിച്ച ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികളും, പത്ത്, പതിനഞ്ച് പ്രതികളും രണ്ട് ലക്ഷം രൂപ വീതമാണ് പിഴത്തുക നൽകേണ്ടത്. ഈ പണം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനാണ് നൽകേണ്ടത്. കോടതിയുടെ ഈ നിർദേശവും വളരെ പോസിറ്റീവ് ആണ്.
അപൂർവങ്ങളിൽ അപൂർവമെന്ന കേസിനെ കുറിച്ച് സുപ്രീം കോടതിവ്യക്തമാക്കിയ മാനദണ്ഡങ്ങളുടെ പരിധിയിൽ പെരിയ കേസ് വരുന്നില്ല. മരിച്ചവരുടെ ബന്ധുക്കൾ ആഗ്രഹിക്കുന്നത് വധശിക്ഷയാണ്. നേരിട്ട് കൊലപാതകത്തിൽ പങ്കാളിയാകാത്ത പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകിയിട്ടുണ്ട്. മറ്റു പ്രതികൾക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ ഏഴു വർഷമാണ്. അവർക്ക് അഞ്ചു വർഷം ശിക്ഷയും പിഴയും നൽകിയതും നല്ല ശിക്ഷയാണ്.
പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് വിചാരണ കോടതി. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും , പത്ത് പതിനഞ്ച് പ്രതികൾക്കുമാണ് ഇരട്ട ജീവ പര്യന്തം ശിക്ഷ വിധിച്ചത്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെയുള നാല് പ്രതികൾക്ക് അഞ്ച് വർഷം തടവുമാണ് കോടതി വിധിച്ചത്. 14, 20, 21, 22 പ്രതികൾക്ക് അഞ്ച് വർഷം തടവ്.
ജീവപര്യന്തം തടവിനും രണ്ട് ലക്ഷം പിഴയടക്കാനും ശിക്ഷിക്കപ്പെട്ടവർ
________________________________________________
1. പീതാംബരൻ
2. സജി ജോർജ്.
3.സുരേഷ്.
4. അനിൽ കുമാർ
5.ജിജിൻ.
6.ശ്രീരാഗ്
7.അശ്വിൻ
8.സുബീഷ്
10.രഞ്ജിത് ടി
15. സുരേന്ദ്രൻ
അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ടവർ
___________________________________________.
14.മണികണ്‌ഠൻ
20. കെ.വി.കുഞ്ഞിരാമൻ
21 രാഘവൻ വെളുത്തോളി.
22. ഭാസ്ക്കരൻ വെളുത്തോളി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരന്ന് കണ്ടെത്തിയ പതിനാല് പ്രതികളുടെ ശിക്ഷയാണ് പ്രഖ്യാപിച്ചത്. കൊച്ചി സിബിഐ കോടതിയാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്. പത്ത് പ്രതികളെ കോടതി കുറ്റവിമുക്തരാക്കായിരുന്നു.
2019 ഫെബ്രുവരി 17ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യാട്ടെ ശരത് ലാലിനെയും കൃപേഷിനേയും സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ കോടതി വാദം പൂർത്തിയാക്കി വിധി പറഞ്ഞത്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യം നടന്ന് ആറ് വർഷം പൂർത്തിയാകാനിരിക്കെയാണ് കേസിൽ ശിക്ഷാ വിധി പ്രസ്‌താവിച്ചത്.
മുൻ എംഎൽഎയും സിപിഎം ജില്ലാ നേതാക്കളും ഉൾപ്പടെ പ്രതികളായ കേസിൽ 2023 ഫെബ്രുവരിയിലാണ് സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. 24 പേരാണ് ഇരട്ടക്കൊലകേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതിൽ പതിനാല് പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരമാണ് സിബിഐ ഏറ്റെടുത്തത്. സിപിഎം നേതാക്കളും പ്രവർത്തകരും പ്രതികളായ കേസിൽ സിബിഐ അന്വേഷണം തടയുന്നതിന് സുപ്രീം കോടതി വരെ സംസ്ഥാന സർക്കാർ നിയമ പോരാട്ടം നടത്തിയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. പെരിയക്കേസിലെ കോടതി വിധി സിപിഎമ്മിനും സർക്കാറിനും ഒരുപോലെ തിരിച്ചടിയാണ്.
Also Read: ആറുവര്‍ഷം കാത്തിരുന്ന വിധി, പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം