ന്യൂയോര്‍ക്ക് സിറ്റി : ഐക്യരാഷ്‌ട്ര സഭ രക്ഷാസമിതിയിലെ സ്ഥിരാംഗമല്ലാത്ത രാജ്യങ്ങളായി ഡെൻമാർക്ക്, ഗ്രീസ്, പാകിസ്ഥാൻ, പനാമ, സൊമാലിയ എന്നീ രാജ്യങ്ങൾ ചുമതലയേറ്റു. ജനുവരി 1-ന് ആണ് രാജ്യങ്ങളുടെ രണ്ട് വർഷത്തെ കാലാവധി ഔദ്യോഗികമായി ആരംഭിച്ചത്. ക്രിസ്‌മസ് - പുതുവത്സര അവധിക്ക് ശേഷം 2025-ലെ കൗൺസിലിന്‍റെ ആദ്യ പ്രവൃത്തി ദിവസമായിരുന്നു ഇന്നലെ (ജനുവരി 2).
ഇക്വഡോർ, ജപ്പാൻ, മാൾട്ട, മൊസാംബിക്ക്, സ്വിറ്റ്സർലൻഡ് എന്നിവയ്ക്ക് പകരമായാണ് മറ്റ് അഞ്ച് രാജ്യങ്ങള്‍ ചുമതലയേറ്റത്. പുതിയ രാജ്യങ്ങളുടെ ചുമതലയേല്‍ക്കല്‍ ചടങ്ങിന്‍റെ ഭാഗമായി ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്ത് പതാക സ്ഥാപിക്കൽ ചടങ്ങ് നടന്നു. പുതിയ അംഗ രാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികൾ സുരക്ഷാ കൗൺസിൽ ചേംബറിന് പുറത്ത് പ്രസംഗിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച കസാഖ് യുഎൻ അംബാസഡർ കൈരത്ത് ഉമറോവ്, പുതിയ അഞ്ച് കൗൺസിൽ അംഗങ്ങളെ അഭിനന്ദിക്കുകയും രണ്ട് വർഷത്തെ ഭരണത്തിൽ വിജയാശംസകൾ നേരുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പുതിയ സെക്യൂരിറ്റി കൗൺസിൽ അംഗങ്ങൾക്കായുള്ള പതാക സ്ഥാപിക്കൽ ചടങ്ങ് 2018-ൽ കസാക്കിസ്ഥാൻ ആരംഭിച്ചിരുന്നു. ജനുവരി മാസത്തെ സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്‍റായ അൾജീരിയൻ യുഎൻ അംബാസഡർ അമർ ബെൻഡ്‌ജാമ, പുറത്തായ അംഗങ്ങൾക്ക് നന്ദി പറയുകയും പുതുമുഖങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്‌തു. സെക്യൂരിറ്റി കൗൺസിലിൽ സേവനം അനുഷ്‌ഠിക്കുക എന്നത് ഒരു വലിയ പദവിയാണെന്നും വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎന്നിന്‍റെ 15 അംഗ സെക്യൂരിറ്റി കൗൺസിലിൽ അഞ്ച് സ്ഥിരാംഗങ്ങളാണുള്ളത്. ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് സ്ഥിരാംഗങ്ങള്‍. ഇതു കൂടാതെ യുഎൻ ജനറൽ അസംബ്ലി രണ്ട് വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട 10 സ്ഥിരമല്ലാത്ത അംഗങ്ങളുമുണ്ടാകും. ഓരോ വർഷവും അഞ്ച് സ്ഥിരമല്ലാത്ത അംഗങ്ങളെ യുഎന്‍ മാറ്റി മറ്റ് രാജ്യങ്ങള്‍ക്ക് അവസരം നല്‍കും.
Also Read: സുപ്രീം കോടതി മുൻ ജഡ്‌ജി മദൻ ബി ലോകൂര്‍ യുഎൻ ഇന്‍റേണൽ ജസ്റ്റിസ് കൗൺസിലിന്‍റെ ചെയർപേഴ്‌സണ്‍