ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ ദേശീയ തലസ്ഥാനത്ത് വമ്പന്‍ പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. 12200 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നമോ ഭാരത് ട്രെയിനില്‍ സഹിബാബാദ് ആര്‍ആര്‍ടിഎസ് സ്റ്റേഷനില്‍ നിന്ന് ന്യൂഅശോക് നഗറിലേക്ക് അദ്ദേഹം യാത്ര ചെയ്യുകയും ചെയ്‌തു. ഡല്‍ഹിയിലെ പ്രാദേശിക യാത്ര സൗകര്യം മെച്ചപ്പെടുത്തുകയാണ് തന്‍റെ സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കാനും ലക്ഷ്യമിടുന്നു. ഇതിന്‍റെ ഭാഗമായാണ് പല പദ്ധതികള്‍ക്കും ഇന്ന് തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സഹിബാബാദ് -അശോക് നഗര്‍ നമോ ഭാരത് ഇടനാഴിയും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു.
സഹിബാബാദിനും-ന്യൂഅശോക് നഗറിനുമിടയിലുള്ള പതിമൂന്ന് കിലോമീറ്റര്‍ ഡല്‍ഹി ഗാസിയാബാദ്-മീററ്റ് നമോഭാരത് ഇടനാഴിക്ക് 4600 കോടിരൂപയാണ് നിര്‍മ്മാണച്ചെലവ്. ഡല്‍ഹിയില്‍ നിന്ന് മീററ്റിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുകയാണ് ലക്ഷ്യം. ലക്ഷക്കണക്കിന് പേര്‍ക്ക് ഈ അതിവേഗ പാതയുടെ ഗുണം ലഭിക്കും. സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഡല്‍ഹി മെട്രോയുടെ മൂന്നാംഘട്ടമായ ജനകപുരി-കൃഷ്‌ണപാര്‍ക്ക് പാതയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. 2.8 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം.
ഡല്‍ഹി മെട്രോ ഫെയ്‌സ്4 26.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റിത്വാല-കുണ്ട്‌ലി മേഖലയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. 6230 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. ഡല്‍ഹിയിലെ റിത്വാലയെയും ഹരിയാനയിലെ നത്തുപൂരിനെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ഇത് ഡല്‍ഹി ഹരിയാന സംസ്ഥാനങ്ങളിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയ്ക്ക് ഏറെ ഗുണകരമാകും.
രോഹിണിയില്‍ അദ്ദേഹം പരിവര്‍ത്തന്‍ റാലിയിലും മോദി പങ്കെടുത്തു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഒരു പുതിയ മെട്രോ സമ്മാനിക്കുന്നുവെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അതിഷി പറഞ്ഞത്.
ഡല്‍ഹിയുടെ പ്രാന്ത പ്രദേശങ്ങളിലും വികസനം എത്തിക്കാനുള്ള ആലോചനകള്‍ രണ്ട് പതിറ്റാണ്ട് മുമ്പ് തുടങ്ങിയതാണ്. ഡല്‍ഹിക്ക് പുറത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ വര്‍ഷം ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേന പറഞ്ഞിരുന്നു. പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ഇതിന് ആക്കം കൂട്ടും.
ഔട്ടര്‍ ഡല്‍ഹിയുടെ അങ്ങേയറ്റത്ത് ഡല്‍ഹി വികസന അതോറിറ്റിക്ക് ആയിരക്കണക്കിന് ഒഴിഞ്ഞ ഫ്ലാറ്റുകള്‍ ഉണ്ട്. പൊതു ഗതാഗതസംവിധാനമില്ലാത്തതിനാല്‍ ആരും ഇവിടെ താമസിക്കാന്‍ താത്പര്യം കാട്ടാറില്ല. ഇതിന്‍റെ ഒക്കെ ഭാഗമായാണ് മെട്രോ ആവശ്യം ഉയര്‍ന്നത്. ഇക്കൊല്ലം ജൂണോടെ റിത്വാല കുണ്ട്‌ലി ഇടനാഴി പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി അതിഷി പറഞ്ഞു. ഇതിന്‍റെ നിര്‍മ്മാണത്തിനുള്ള പ്രാഥമിക അംഗീകാരം ഡല്‍ഹി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ 200 കിലോമീറ്റര്‍ മെട്രോ നിര്‍മ്മിച്ചു. 250 കിലോമീറ്ററിലേറെ മെട്രോ ലൈനുകളുടെ നിര്‍മ്മാണം നടക്കുകയാണെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.