ന്യൂഡല്‍ഹി: പുതുവര്‍ഷത്തിലെങ്കിലും കഷ്‌ടകാലം മാറ്റാനാകുമെന്ന പ്രതീക്ഷയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പന്ത് തട്ടാനിറങ്ങും. ഡല്‍ഹിയിലെ കൊടും തണുപ്പില്‍ നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ പഞ്ചാബ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളി. സീസണിലേക്ക് തിരിച്ചുവരവ് നടത്തണമെങ്കിലും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തണമെങ്കിലും ഇന്നത്തെ കളിയില്‍ രണ്ട് കൂട്ടര്‍ക്കും ജയം അനിവാര്യമാണ്.
കൊച്ചിയില്‍ പഞ്ചാബിനെ നേരിട്ടപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതിന് പകരം വീട്ടാനുള്ള അവസരം കൂടിയാണ് ബ്ലാസ്റ്റേഴ്‌സിനിത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോറ്റ പഞ്ചാബിനോടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ജയിക്കുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
രാത്രി ഏഴരയ്‌ക്കാണ് മത്സരത്തിന്‍റെ കിക്കോഫ്. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും മത്സരം തത്സമയം കാണാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സസ്‌പെൻഷൻ നേരിടുന്ന ലൂക്ക മാജ്സെൻ, എസക്കിയല്‍ വിദാല്‍ എന്നിവരുടെ അഭാവം പഞ്ചാബിന് കനത്ത തിരിച്ചടിയാണ്. സീസണില്‍ പഞ്ചാബ് അടിച്ച 20 ഗോളില്‍ 9 എണ്ണവും ഇവരുടെ ബൂട്ടില്‍ നിന്നാണ് പിറന്നതെന്ന കണക്കുകള്‍ തന്നെ ടീമില്‍ ഇവരുടെ പ്രധാന്യം എത്രയാണെന്ന് വ്യക്തമാക്കുന്നു.
പ്രതിരോധത്തില്‍ എതിരാളികളുടെ പിഴവ് മുതലെടുക്കാനായാല്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സിന് ജയിക്കാം. ഇനി പെനാല്‍റ്റി വഴങ്ങുന്ന പതിവ് പിഴവ് മാറ്റിയില്ലെങ്കില്‍ ഇന്നും കൊമ്പന്മാര്‍ക്ക് തിരിച്ചടി നേരിടേണ്ടി വന്നേക്കാം. ഇങ്ങനെ ഈ സീസണില്‍ അഞ്ച് പെനാല്‍റ്റിയാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയിട്ടുള്ളത്.
സീസണില്‍ 14 മത്സരം പൂര്‍ത്തിയായപ്പോള്‍ അതില്‍ നാല് ജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. എട്ട് കളിയില്‍ തോറ്റു, രണ്ട് സമനിലയും വഴങ്ങി. 14 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനക്കാരാണ്.
മറുവശത്ത്, ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ ഒരുപടി മുന്നിലാണ് പഞ്ചാബ് എഫ്‌സി. 12 കളിയില്‍ ആറ് ജയം സ്വന്തമാക്കിയ അവര്‍ക്ക് 18 പോയിന്‍റുണ്ട്. ടേബിളിലെ എട്ടാം സ്ഥാനക്കാരാണ് പഞ്ചാബ്.
Also Read : കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകന്‍ ഉടനില്ല; ടി.ജി പുരുഷോത്തമൻ തുടരും