കാസർകോട്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വർഷങ്ങൾക്ക് ശേഷം നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭ മേളയിൽ ഗോത്രകലകൾ അരങ്ങേറി. കാസർകോട് ജില്ലയിലെ മൂന്നാം മൈൽ മുണ്ടോട്ട് ഊരിലെ മാവിലൻ സമുദായത്തിന്‍റെ മംഗലം കളി, കണ്ണൂർ ജില്ലയിലെ പാനൂർ നരിക്കോട്ട്‌മലയിലെ കുറിച്യ സമുദായത്തിന്‍റെ കോൽക്കളി, ഇടുക്കി ജില്ലയിലെ മറയൂരിലെ കുമിട്ടാൻ കുഴി ഊരിലെ ഹിൽപ്പുലയ സമുദായത്തിന്‍റെ മലപ്പുലയാട്ടം എന്നീ ഗോത്രകലകളാണ് കുംഭമേളയിൽ പ്രദർശിപ്പിച്ചത്.
1952 മുതൽ പൂർണമായും വനവാസി മേഖലയിൽ പ്രവർത്തിക്കുന്ന അഖില ഭാരതീയ വനവാസി കല്യാണാശ്രമം ആണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കാൻ നേതൃത്വം വഹിച്ചത്. രണ്ട് ദിവസങ്ങളിലായി 150 ഓളം ഗോത്രകലകളാണ് പ്രദർശിപ്പിച്ചത്.
കാസർകോട്ടെ മംഗലം കളി: അമ്പലത്തറ മൂന്നാംമൈൽ മുണ്ടോട്ട് ഊരിലെ കലാകാരന്മാരാണ് ഗോത്ര കലാമേളയിൽ മംഗലംകളി അവതരിപ്പിച്ചത്. ഊരിലെ എം പക്കീരനാണ് മംഗലംകളി പരിശീലിപ്പിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്താണ് മംഗലം കളി: മാവിലൻ-വേട്ടുവ ആദിവാസി സമൂഹങ്ങളുടെ വിവാഹാഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ് മംഗലംകളി. സമുദായത്തിലെ വിവാഹച്ചടങ്ങിന് തലേന്ന് സ്ത്രീകളെല്ലാവരും ചേർന്ന് ആടിപ്പാടിയാണ് മംഗലംകളി ഒരുക്കുന്നത്.
ആടിപ്പാടി ആവേശം കൂടി അവസാനത്തിലേക്കെത്തുമ്പോഴേക്കും സ്വന്തം ദേഹത്ത് അടിച്ചടിച്ചാണ് കളി പുരോഗമിക്കുക. അടിച്ചമർത്തപ്പെട്ട സമുദായങ്ങളുടെ പ്രതിഷേധമായും ഇതിനെ കാണുന്നുണ്ട്. തുളു ഭാഷയിലെ വരികൾക്കൊപ്പം തുടിതാളവും പാളത്തൊപ്പിയുമായാണ് മംഗലംകളി അവതരിപ്പിക്കുക.
Also Read: മഹാ കുംഭമേളയിൽ മംഗലംകളിയും; ചരിത്രത്തിന്‍റെ ഭാഗമാകാൻ കാസർകോടിന്‍റെ തനത് കലാരൂപം