ഹൈദരാബാദ്: ബഹിരാകാശത്ത് പയർവിത്ത് മുളപ്പിച്ച് ഐഎസ്‌ആർഒ. പിഎസ്‌എൽവി ഓർബിറ്റൽ എക്‌സ്‌പിരിമെന്‍റ് മൊഡ്യൂൾ 4 പേടകത്തിന്‍റെ ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിച്ചത്. ബഹിരാകാശത്തെ കുറഞ്ഞ ഗുരുത്വാകർഷണത്തിൽ (മൈക്രോ ഗ്രാവിറ്റി) സസ്യങ്ങളുടെ വളർച്ചയെ കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. വിക്ഷേപിച്ച് വെറും നാല് ദിവസത്തിനുള്ളിലാണ് പയർ വിത്തുകൾ മുളച്ചത്.
പിഎസ്‌എൽവി-C60 മിഷന്‍റെ POEM-4 പ്ലാറ്റ്‌ഫോമിലാണ് പരീക്ഷണം നടത്തിയത്. ഡിസംബർ 30ന് ഇന്ത്യയുടെ ആദ്യ ഡോക്കിങ് പരീക്ഷണമായ സ്‌പേഡെക്‌സ് ദൗത്യത്തിനായാണ് പിഎസ്‌എൽവി സി60 റോക്കറ്റ് വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിന് ശേഷം ബാക്കി വന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിച്ചത്. ഇലകൾ ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായാണ് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ഐഎസ്‌ആർഒ ശാസ്‌ത്രജ്ഞർ പറയുന്നത്.
Life sprouts in space! 🌱 VSSC's CROPS (Compact Research Module for Orbital Plant Studies) experiment onboard PSLV-C60 POEM-4 successfully sprouted cowpea seeds in 4 days. Leaves expected soon. #ISRO #BiologyInSpace pic.twitter.com/QG7LU7LcRR
— ISRO (@isro) January 4, 2025
പരീക്ഷണത്തിൽ എട്ട് പയർവിത്തുകൾ മുളപ്പിക്കും. ബഹിരാകാശത്ത് സസ്യങ്ങൾ എങ്ങനെ വളരുമെന്ന് മനസിലാക്കുന്നതിൽ പരീക്ഷണം നിർണായകമാകും. വിത്തുകളിലെ മാറ്റം നിരീക്ഷിച്ചുവരികയാണ് ഐഎസ്‌ആർഒ ഗവേഷകർ. വിത്തുകൾ മുളച്ച് രണ്ട് ഇലകൾ പുറത്തുവരുന്നത് വരെ നിരീക്ഷണം തുടരും. 5-7 ദിവസം വരെ നീളുന്നതായിരിക്കും പരീക്ഷണം.
വിക്രം സാരാഭായ് സ്‌പേസ് സെന്‍ററിൽ വികസിപ്പിച്ച ഓർബിറ്റൽ പ്ലാന്‍റ് സ്റ്റഡീസിനായുള്ള കോംപാക്‌ട് റിസർച്ച് മൊഡ്യൂളിന്‍റെ ഭാഗമായാണ് പരീക്ഷണം നടത്തിയത്. താപനില, മണ്ണിന്‍റെ ഈർപ്പം, ഓക്‌സിജൻ സാന്ദ്രത, കാർബൺ ഡൈ ഓക്‌സൈഡ് സാന്ദ്രത, ക്യാമറ ഇമേജിങ് ഉൾപ്പെടെയുള്ള ഘടകങ്ങൾ നിയന്ത്രിച്ചാണ് പരീക്ഷണം.
ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിലെ വിളവ് ഉത്‌പാദനം ഉൾപ്പെടെയുള്ള ഭാവി പരീക്ഷണങ്ങൾക്കും ഇത് നിർണായകമാണ്. താരതമ്യേന വേഗത്തിലുള്ള വളർച്ച, വേരിന്‍റെയും തണ്ടിന്‍റെയും ഘടന, സുഗമമായ നിരീക്ഷണം, കുറഞ്ഞ ആയുസ് എന്നീ ഘടകങ്ങൾ കണക്കിലെടുത്താണ് പയർ വിത്ത് തെരഞ്ഞെടുത്തത്.
അതേസമയം ബഹിരാകാശത്ത് വിത്തുകൾ മുളയ്ക്കുന്നത് ഇതാദ്യമല്ല. മുൻപ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ അഡ്വാൻസ്‌ഡ് പ്ലാന്‍റ് ഹാബിറ്റേറ്റിൽ കടുക് ഇനത്തിൽപ്പെട്ട സസ്യവും ഗോതമ്പും വളർത്തിയിട്ടുണ്ട്. ചൈനയുടെ ചാങ്'ഇ 4 ബയോസ്‌ഫിയർ പരീക്ഷണത്തിൽ ചന്ദ്രനിൽ പരുത്തി വിത്തുകൾ മുളപ്പിച്ചിട്ടുണ്ട്. കൂടാതെ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശയാത്രികനായ ടിം പീക്ക് 2015ൽ ജർജീറിന്‍റെ രണ്ട് കിലോ വിത്തുകൾ കൊണ്ടുപോയി വളർത്തിയിരുന്നു. ഇത് ഭൂമിയിലെ സാഹചര്യങ്ങളേക്കാൾ വളരെ സാവധാനത്തിലാണ് വളർന്നത്.
ബഹിരാകാശ റോബോട്ടിക് രംഗത്തും ഇന്ത്യക്ക് ചരിത്രനേട്ടം:
സ്‌പേഡെക്‌സ് ദൗത്യത്തിനൊപ്പം POEM-4 പ്ലാറ്റ്‌ഫോമിൽ യന്ത്രക്കൈ അഥവാ വാക്കിങ് സ്‌പേസ് റോബോട്ടിക് ആം ഐഎസ്‌ആർഒ ബഹിരാകാശത്തേക്ക് അയച്ചിരുന്നു. ഇത് പ്രവർത്തനക്ഷമമായതിന്‍റെ വീഡിയോ ഐഎസ്‌ആർഒ തങ്ങളുടെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഐഎസ്‌ആർഒയുടെ തിരുവനന്തപുരത്തെ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റാണ് ഈ യന്ത്രക്കൈ വികസിപ്പിച്ചത്. ബഹിരാകാശത്തുള്ള വസ്‌തുക്കളെ നിയന്ത്രിക്കുന്നതിനും സ്ഥാനം മാറ്റാനും മറ്റ് അറ്റകുറ്റപണികൾക്കും ഇത് സഹായകമാകും.
🇮🇳 #RRM_TD, India's first space robotic arm, is in action onboard #POEM4! A proud #MakeInIndia milestone in space robotics. 🚀✨ #ISRO #SpaceTech pic.twitter.com/sy3BxrtRN1
— ISRO (@isro) January 4, 2025
Also Read:
- ചരിത്രം രചിക്കാൻ ഇന്ത്യ; ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കും, 'സ്‌പേഡെക്‌സ്' വിക്ഷേപണം വിജയം
- 2025ൽ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും: ഇത്തവണ ഇന്ത്യയിൽ ദൃശ്യമാവുക ഒരു ഗ്രഹണം മാത്രം
- വിജയക്കുതിപ്പിൽ ഐഎസ്ആർഒ: 2024ൽ ബഹിരാകാശ മേഖലയിൽ കൈവരിച്ച പ്രധാന നേട്ടങ്ങൾ
- ബഹിരാകാശത്ത് ക്രിസ്‌മസ് ആഘോഷവുമായി സുനിത വില്യംസ്: വീഡിയോ പുറത്തുവിട്ട് നാസ
- കണ്ടെത്തിയത് 'ജലത്തിനടിയിലെ ചൂടന്‍ വസന്തം'; ആഴക്കടല്‍ രംഗത്ത് പുത്തന്‍ നേട്ടവുമായി ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍