യുണൈറ്റഡ് നേഷൻസ്: ഗാസയില്‍ ഒരു പ്രദേശത്തും സാധാരണക്കാര്‍ സുരക്ഷിതരല്ലെന്ന് ഐക്യരാഷ്‌ട്ര സഭ. ഗാസ മുനമ്പിന്‍റെ 80 ശതമാനത്തിലേറെയും ഇസ്രയേല്‍ ഒഴിപ്പിക്കല്‍ ഉത്തരവിന് കീഴിലാണുള്ളതെന്നും യുഎൻ ഹ്യുമാനിറ്റേറിയൻസ് വ്യക്തമാക്കി. UNRWA എന്നറിയപ്പെടുന്ന പലസ്‌തീൻ അഭയാർഥികൾക്കായുള്ള യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ കമ്മിഷണർ ജനറൽ ഫിലിപ്പ് ലസാരിനിയാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
മേഖലയില്‍ സാധാരണ പൗരന്മാരെ കൊന്നൊടുക്കുന്ന പ്രവര്‍ത്തികള്‍ കഴിയുന്നതിലും വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെടി നിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ പ്രദേശത്ത് ഓരോ ദിവസവും കൂടുതല്‍ നാശനഷ്‌ടങ്ങളായിരിക്കും ഉണ്ടാകുക എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഉള്ളവര്‍ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ടെന്നാണ് യുഎൻ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (ഒസിഎച്ച്എ) അറിയിക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം വടക്കൻ ഗാസയിലും ദേർ അൽ ബലാഹ് ഗവർണറേറ്റുകളിലും ഏകദേശം മൂന്ന് ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ ആളുകള്‍ ഒഴിയണമെന്നാണ് നിര്‍ദേശം. ഇവിടങ്ങളില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന നിര്‍ദേശം സൈന്യം നല്‍കിയതിന് പിന്നാലെ പ്രദേശങ്ങളില്‍ പ്രതിഷേധങ്ങളും ഉടലെടുത്തിട്ടുണ്ട്.
ഗാസയില്‍ മനുഷ്യരഹിതമായ ഇടപെടലുകള്‍ കഴിഞ്ഞ മാസങ്ങളില്‍ വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാധാരണക്കാരിലേക്ക് അവശ്യ വസ്‌തുക്കളും സേവനങ്ങളുമെത്തിക്കാൻ പോലും വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് മാനുഷികവാദികൾ അഭിപ്രായപ്പെടുന്നത്. യുഎൻ പ്രവര്‍ത്തകരെ ഗാസയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ പോലും ഇസ്രയേല്‍ തടഞ്ഞുവെന്നും ആരോപണം ഉയരുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഒക്‌ടോബർ 6 മുതൽ വടക്കൻ ഗാസയിലെ ഉപരോധ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് 166 അഭ്യര്‍ഥനകളില്‍ 150 എണ്ണമാണ് നിരസിക്കപ്പെട്ടത്. 16 എണ്ണത്തിന് ആദ്യം അംഗീകാരം ലഭിച്ചെങ്കിലും പിന്നീട് അവയ്‌ക്ക് മേല്‍ ഇടപെടലുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ, പ്രദേശത്തെ ആശുപത്രികളിലേക്കുള്ള പ്രവേശനം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യത്തെ ഏറെ പ്രധാന്യത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നുമാണ് OCHA അറിയിക്കുന്നത്.
ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സും യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസിയും (UNRWA) മറ്റ് സംഘടനകളും ചേര്‍ന്ന് തുൽക്കറിലും നൂർ ഷംസ് അഭയാർഥി ക്യാമ്പുകളിലും കഴിഞ്ഞയാഴ്‌ച ഇസ്രയേല്‍ ആക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്‌ടങ്ങള്‍ വിലയിരുത്തി. പ്രദേശത്ത് 1000ല്‍ അധികം വീടുകള്‍ക്കും നൂറിലധികം കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read : ഗാസ വെടിനിർത്തൽ കരാർ; സുരക്ഷാ പ്രതിനിധി സംഘത്തെ ഖത്തറിലേക്ക് അയക്കാൻ ഇസ്രയേൽ