ന്യൂഡൽഹി: രാജ്യ തലസ്ഥാനം ഇന്ന് പോളിങ് ബൂത്തിലേക്ക്. ഡൽഹിയിലെ എഴുപതംഗ നിയമസഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറു വരെ പോളിങ് തടരും. രാഷ്ട്രപതിയും, പല കേന്ദ്രമന്ത്രിമാരും, നിവവധി എംപിമാരും ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. രാഷ്ട്രപതി ഭവന്‍ കോംപ്ലക്സിലെ കേന്ദ്രീയ വിദ്യാലയത്തിലാകും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ വോട്ട്.
മൂന്നാംവട്ടവും അധികാരത്തിൽ തുടരാന ആത്മവിശ്വാസത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന ആം ആദ്‌മി പാര്‍ട്ടി. അതേസമയം 2013 ൽ കൈവിട്ട ഭരണം എന്ത് വില കൊടുത്തും തിരികെപ്പിടിക്കണമെന്ന വാശിയിലാണ് കോൺഗ്രസ്. 1993 ന് ശേഷം വീണ്ടു ഭരണം പിടിക്കാന്‍ ബിജെപിയും ശക്‌തമായ കരുനീക്കങ്ങൾ നടത്തിയിട്ടുണ്ട്.
ആംആദ്‌മി പാർട്ടി 55 സീറ്റുകൾ നേടി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് പാർട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ പറഞ്ഞത്. ആം ആദ്‌മി പാർട്ടി ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണെന്നും ബിജെപി ഏറ്റവും വലിയ പരാജയം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സ്‌ത്രീകള്‍ കൂടുതല്‍ വോട്ട് ചെയ്‌താല്‍ 60 സീറ്റുകള്‍ വരെ എഎപി നേടാൻ സാധ്യതയുണ്ട്. "എന്‍റെ കണക്കനുസരിച്ച്, ആം ആദ്‌മി പാർട്ടിക്ക് 55 സീറ്റുകൾ ലഭിക്കുമെന്ന് ഞാൻ കരുതുന്നു, പക്ഷേ സ്‌ത്രീകൾ എല്ലാവരും വോട്ടുചെയ്‌താല്‍ 60 ൽ കൂടുതൽ സീറ്റുകൾ ലഭിക്കും," എന്ന് കെജ്‌രിവാൾ എക്‌സിൽ കുറിച്ചു.
അതേസമയം ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം ആത്മവിശ്വാസം പ്രകടിപ്പിച്ചത്. "ഇത്തവണ ഡൽഹിയിലെ ജനങ്ങൾ ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നൽകാൻ തീരുമാനിച്ചു. ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളർന്നു, വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഈ കണക്കുകൾ ആർക്കും അവഗണിക്കാൻ കഴിയില്ല. ആം ആദ്‌മി ഡൽഹിയിലെ ജനങ്ങളെ വഞ്ചിച്ചു എന്നതിൽ സംശയമില്ല," സിങ് പറഞ്ഞു.
13,766 പോളിങ് സ്റ്റേഷനുകള്‍;
ഡല്‍ഹിയില്‍ ഇക്കുറി 13,766 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. ക്യൂമാനേജ്മെന്‍റ് സംവിധാനം(ക്യുഎംഎസ്) ആപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലെ തിരക്ക് സംബന്ധിച്ച തത്സമയവിവരങ്ങള്‍ അറിയാനാകും. മൂവായിരം പോളിങ് ബൂത്തുകള്‍ പ്രശ്‌നബാധിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 220 കമ്പനി അര്‍ദ്ധ സൈനിക വിഭാഗത്തെ സുരക്ഷ ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇതിനൊപ്പം ഡല്‍ഹി പൊലീസിലെ 35,626 പൊലീസുകാരും 19000 ഹോം ഗാര്‍ഡുകളും സുരക്ഷാ ചുതലയിലുണ്ട്. ഗാര്‍ഹിക വോട്ടിങ് സംവിധാനത്തിലൂടെ 7553വോട്ടര്‍മാര്‍ ഇതിനകം തന്നെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
മൊത്തം വോട്ടര്‍മാര്‍
1,56,14,000 വോട്ടര്‍മാരാണ് ഇക്കുറി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നത്. 70 മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്ന 699 സ്ഥാനാര്‍ത്ഥികളുടെ വിധി ഇവര്‍ നിശ്ചയിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 83,76,173 പുരുഷ വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 72,36,560 വനിതകളും 1,267 ഭിന്നലിംഗ വോട്ടര്‍മാരുമുണ്ട്. ഇക്കുറി ലിംഗ അനുപാതം 864 ആണ്. വോട്ടര്‍-ജനസംഖ്യാനുപാതം 71.86ശതമാനവും. അതുകൊണ്ടു തന്നെ സ്‌ത്രീ പങ്കാളിത്തം ശക്തമാകും.
യുവ വോട്ടര്‍മാര്‍
ഇക്കുറി യുവാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ശക്തമായ പങ്കാളിത്തം വോട്ടര്‍പട്ടികയിലുണ്ട്. പതിനെട്ടിനും പത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ള 2,39,905 കന്നിവോട്ടര്‍മാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുക. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് താത്‌പര്യം വര്‍ദ്ധിച്ചുവരുന്നുവെന്നതിന്‍റെ സൂചനയാണിത്. അതേസമയം 85 വയസിന് മുകളിലുള്ള 1,09,368 മുതിര്‍ന്ന പൗരന്‍മാരും 100 വയസിന് മുകളിലുള്ള 783 വോട്ടര്‍മാരും ജനാധിപത്യത്തിന്‍റെ ഈ മഹോത്സവത്തില്‍ പങ്കാളികളാകും. 79,885 ഭിന്നശേഷിക്കാരും 12,736 ഉദ്യോഗസ്ഥരും വോട്ടര്‍പട്ടികയിലുണ്ട്.