ആലപ്പുഴ: കെഎസ്‌ആർടിസി ബസിൽ നിന്ന് വയോധികയുടെ ഏഴ് പവന്‍റെ മാല അപഹരിച്ച് കടന്നുകളയാൻ ശ്രമിച്ച നാടോടി സ്‌ത്രീകളെ കുടുക്കി കണ്ടക്‌ടർ. ആലപ്പുഴ ഡിപ്പോയിൽ നിന്ന് ചങ്ങനാശേരി വഴി പത്തനംതിട്ടയ്ക്ക് പോയ ഫാസ്‌റ്റ് പാസഞ്ചർ ബസിലാണ് മോഷണം നടന്നത്. പത്തനംതിട്ട കോക്കാത്തോട് സ്വദേശി തങ്കമണി അമ്മാളിന്‍റെ (71) ഏഴ് പവന്‍റെ മാലയാണ് രണ്ട് സ്‌ത്രീകൾ അപഹരിച്ചത്. എസി റോഡിൽ കൈതവനയ്‌ക്കും കൈനകരി ജംഗ്ഷനും ഇടയ്ക്ക് വച്ചാണ് മോഷണം നടന്നത്.
തമിഴ്‌നാട് പുതുക്കോട്ട സ്വദേശികളായ സുബ്ബമ്മ (35), കണ്ണമ്മ (39) എന്നിവർ കൈതവനയിൽ നിന്ന് ബസി കയറി മങ്കൊമ്പിലേക്കാണ് ടിക്കറ്റാണ് എടുത്തത്. ബസിൽ കയറിയ സ്‌ത്രീകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കണ്ടക്‌ടറായ പ്രകാശൻ ആദ്യം മുതലേ അവരെ നിരീക്ഷിച്ചിരുന്നു. തങ്കമണിയമ്മാളുടെ മാല മോഷ്‌ടിച്ച ശേഷം നാടോടി സ്‌ത്രീകൾ കൈനകരിയിൽ ബസിറങ്ങി.
മങ്കൊമ്പിലേക്ക് ടിക്കറ്റെടുത്ത ഇവർ കൈനകരിയിൽ ഇറങ്ങിയതിൽ സംശയം തോന്നിയ കണ്ടക്‌ടർ യാത്രക്കാരോട് എന്തെങ്കിലും നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് കഴുത്തിലുണ്ടായിരുന്ന മാല നഷ്‌ടപ്പെട്ട വിവരം തങ്കമണി അമ്മാൾ അറിഞ്ഞത്. തുടർന്ന് ബസിറങ്ങി ഓട്ടോറിക്ഷയിൽ കയറിയ പ്രതികളെ കണ്ടക്‌ടറും യാത്രക്കാരും ചേർന്ന് തടഞ്ഞുവച്ച് നെടുമുടി പൊലീസിന് കൈമാറുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പൊലീസ് സംഘം സ്ഥലത്തെത്തി നാടോടി സ്‌ത്രീകളെ കസ്‌റ്റഡിയിൽ എടുക്കുകയും മോഷണം പോയ മാല അവരുടെ കയ്യിൽ നിന്ന് കണ്ടെത്തുകയും ചെയ്‌തു. തുടർന്ന് ഇരുവരുടേയും അറസ്‌റ്റ് രേഖപ്പെടുത്തി രാമങ്കരി കോടതിയിൽ ഹാജരാക്കിയ ശേഷം കൊട്ടാരക്കര സബ് ജയിലിൽ റിമാന്‍റ് ചെയ്‌തു. ഇരുവരും കൂടുതൽ കേസുകളിൽ പ്രതികളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ പിടികൂടാൻ സഹായിച്ച കണ്ടക്‌ടർ പ്രകാശന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ ഐപിഎസ് പ്രത്യേകം അഭിനന്ദനം അറിയിച്ചു.
Also Read: താമരശേരി മോഷണ പരമ്പര: പൊലീസിനെ വലച്ച അന്തര്‍ സംസ്ഥാന മോഷ്‌ടാവ് പിടിയിൽ