മോസ്‌കോ:റഷ്യന്‍ സേനയിലെ ഇന്ത്യാക്കാരെ തിരിച്ചയക്കുമെന്ന് പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം പുടിന്‍ അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
രണ്ട് ഇന്ത്യാക്കാര്‍ യുദ്ധമുഖത്ത് കൊല്ലപ്പെട്ടതോടെയാണ് വിഷയം ഇന്ത്യ ശക്തമായി ഉയര്‍ത്താന്‍ തുടങ്ങിയത്. മറ്റൊരു രാജ്യത്തെ പൗരന്‍മാരെ യുദ്ധമുഖത്ത് ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷങ്ഹായി കോ ഓപ്പറേഷനില്‍ ഈ വിഷയം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഉന്നയിച്ചിരുന്നു.
റഷ്യൻ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യൻ പൗരന്മാര്‍ തിരികെയെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ 20 പേര്‍ ഇപ്പോഴും റഷ്യന്‍ സൈന്യത്തിലുള്ളതായാണ് റിപ്പോര്‍ട്ട്. മറ്റ് തൊഴിലുകള്‍ക്കായി ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്‌തവരെയാണ് യുദ്ധമുഖത്ത് ഉപയോഗിക്കുന്നത്.
2022ല്‍ യുക്രൈന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ ഇന്ത്യ നിരവധി തവണ പുടിനുമായും യുക്രൈന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ സെലന്‍സ്‌കിയുമായും ടെലിഫോണില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അത് ആഗോള സമ്പദ്ഘടനയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇന്ത്യ ഈ ചര്‍ച്ചകളില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.
അതേസമയം, റഷ്യൻ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കഴിഞ്ഞ ദിവസം രാത്രി പുട്ടിന്‍ തന്‍റെ ഔദ്യോഗിക വസതിയായ നോവോ ഒഗര്‍യോവയില്‍ അത്താഴ വിരുന്നും ഒരുക്കിയിരുന്നു. പ്രിയ സുഹൃത്തേ എന്ന് വിളിച്ച് കൊണ്ടാണ് പുട്ടിന്‍ മോദിയെ സ്വീകരിച്ചത്. മോദിയെ കണ്ടതില്‍ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞതായി റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ടിഎഎസ്എസ് പറഞ്ഞു.
മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച പുടിന്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്‌തു. മൂന്നാംവട്ടവും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിലും മോദിയെ പുടിന്‍ അഭിനന്ദിച്ചു. വര്‍ഷങ്ങളായി താങ്കള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. യുക്രൈയിനില്‍ റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള മോദിയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്.
താങ്കള്‍ക്ക് താങ്കളുടേതായ പ്രത്യയശാസ്‌ത്രങ്ങളുണ്ട്. താങ്കള്‍ വളരെ ഊര്‍ജ്ജസ്വലനായ വ്യക്തിയുമാണ്. ഇന്ത്യയുടെയും ഇന്ത്യന്‍ ജനതയുടെയും താത്പര്യങ്ങള്‍ നേടാനാകുമെന്നും പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദി തന്‍റെ ജീവിതം മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്. അവരും അത് തിരിച്ചറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്‌ചയില്‍ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അനുഭവങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായാണ് വിവരം. അനൗദ്യോഗിക കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഇരുവരും ഇലക്‌ട്രിക് കാറി ചെറിയ യാത്ര നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ ഊഷ്‌മളമായ ഒരു വരവേല്‍പ്പ് തനിക്ക് നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. എക്‌സിലെ കുറിപ്പിലൂടെയായിരുന്നു മോദിയുടെ നന്ദി പ്രകടനം. ഇന്ന് നടക്കുന്ന ചര്‍ച്ചകളെയും താന്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മോദി കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഇന്നത്തെ ചര്‍ച്ചകളും സഹായകമാകുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.
Also Read:ഇന്ത്യ തങ്ങളുടെ തന്ത്രപരമായ പങ്കാളി, മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ആശങ്ക അറിയിക്കാൻ അമേരിക്ക - US ON MODI RUSSIA VISIT