സോള്‍: ദക്ഷിണ കൊറിയയും ജപ്പാനും അമേരിക്കയും തമ്മിലുള്ള സുരക്ഷാ പങ്കാളിത്തം തന്‍റെ രാജ്യത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നുവെന്ന ആരോപണവുമായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ ആണവ പദ്ധതികള്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കിം നേരത്തെയും ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. എങ്കിലും ഡൊണാള്‍ഡ് ട്രംപുമായി യോജിച്ച് പോകില്ലെന്ന സൂചന കൂടിയാണ് ഉത്തരകൊറിയന്‍ നേതാവ് ഈ പ്രസ്‌താവനയിലൂടെ നല്‍കുന്നതെന്നാണ് വിലയിരുത്തൽ. ഉടനെങ്ങും ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധമുണ്ടാകാനിടയില്ലെന്ന സൂചനയുമുണ്ട്.
നാറ്റോ പോലൊരു സൈനിക സഖ്യത്തിനാണ് അമേരിക്കയും ഉത്തരകൊറിയയും ജപ്പാനും ശ്രമിക്കുന്നതെന്നും കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ 77ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ച് സംസാരിക്കവെ കിം ജോങ് ഉന്‍ പറഞ്ഞു. നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷാ പരിസ്ഥിതിക്ക് ഇത് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞതായും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു.
ദക്ഷിണ കൊറിയയ്ക്കും അമേരിക്കയ്ക്കുമെതിരെ തന്‍റെ ആയുധ ശേഖരം ആധുനികവത്ക്കരിക്കുന്നതിന് കിം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ അമേരിക്കയും ദക്ഷിണ കൊറിയയും തങ്ങളുടെ ഉഭയകക്ഷി സൈനിക അഭ്യാസം വര്‍ധിപ്പിക്കുകയും ജപ്പാനെക്കൂടി ഉള്‍ക്കൊള്ളിച്ച് കൊണ്ട് ത്രിരാഷ്‌ട്ര പരിശീലനം നടത്തുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇതിനെല്ലാം എതിരെ വടക്കന്‍ കൊറിയ ആഞ്ഞടിച്ചിരുന്നു. തങ്ങളെ ആക്രമിക്കാനുള്ള പരിശീലനമാണ് ഇതെന്നായിരുന്നു അവരുടെ ആരോപണം. ജനുവരി 20ന് അധികാരത്തിലേറിയത് മുതല്‍ പ്രസിഡന്‍റ് ട്രംപ് പറയുന്നത് തന്‍റെ ആദ്യഭരണകാലത്തെ പോലെ താന്‍ കിമ്മുമായി ഒരു ബന്ധത്തിന് ശ്രമിക്കുമെന്നാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിലും ട്രംപ് പറഞ്ഞത് വടക്കന്‍ കൊറിയയുമായി ബന്ധമുണ്ടാക്കുമെന്ന് തന്നെയാണ്. ഉടന്‍ തന്നെ താന്‍ കിം ജോങ് ഉന്നുമായി ബന്ധപ്പെടുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. നിങ്ങള്‍ക്കേവര്‍ക്കും അറിയാവുന്നത് പോലെ യുദ്ധമില്ലാതാക്കാനാണ് തന്‍റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കിമ്മിനെ സ്‌മാര്‍ട്ട് എന്നാണ് ഫോക്‌സ് ന്യൂസിന്‍റെ ഒരു അഭിമുഖത്തില്‍ ട്രംപ് വിശേഷിപ്പിച്ചത്. ഒപ്പം അയാള്‍ മതഭ്രാന്തനല്ലെന്ന നിരീക്ഷണവും നടത്തി. കിമ്മുമായി ബന്ധപ്പെടുമോയെന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും അതേ എന്ന ഉത്തരം തന്നെയാണ് ട്രംപ് നല്‍കിയത്.
2018നും-2019നുമിടയില്‍ ട്രംപ് കിമ്മുമായി കൂടിക്കാഴ്‌ച നടത്തിയത് മൂന്ന് തവണയാണ്. വടക്കന്‍ കൊറിയയുടെ ആണവ പദ്ധതി അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായായിരുന്നു ഇത്. ചില ഉപരോധങ്ങള്‍ പിന്‍വലിക്കുകയാണെങ്കില്‍ തങ്ങളുടെ ആണവ സമുച്ചയങ്ങള്‍ തകര്‍ക്കാമെന്നും ഭാഗിക ആണവ നിര്‍വ്യാപനത്തിലേക്ക് പോകാമെന്നും കിം സമ്മതിച്ചെങ്കിലും ഇത് ട്രംപ് നിരസിക്കുകയായിരുന്നു. അതോടെ നയതന്ത്ര ചര്‍ച്ചകള്‍ക്കെല്ലാം തിരശീല വീണു.
അതേസമയം ഇപ്പോള്‍ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന പ്രതികരണങ്ങളിലൊന്നും വടക്കന്‍ കൊറിയ പ്രതികരിച്ചിട്ടില്ല. യുക്രെയ്‌നെതിരെയുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് പിന്തുണയുമായി തന്‍റെ സൈന്യത്തെ അയക്കാനുള്ള ഒരുക്കത്തിലാണ് കിമ്മെന്നാണ് പല വിദഗ്ദ്ധരും വിലയിരുത്തുന്നത്.
കിം തന്‍റെ ആയുധ പരീക്ഷണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഇപ്പോള്‍ റഷ്യയ്ക്ക് നല്‍കുന്ന പിന്തുണയും സഹകരണവും യുദ്ധം അവസാനിച്ച ശേഷവും തുടരാനായില്ലെങ്കില്‍ അമേരിക്കയുമായി ഒരു നയതന്ത്രത്തിനാകും കിം ശ്രമിക്കുകയെന്ന വിലയിരുത്തലുമുണ്ട്. റഷ്യയെ പിന്തുണയ്ക്കുമെന്ന ശക്തമായ സന്ദേശമാണ് കഴിഞ്ഞ ദിവസവും കിം നല്‍കിയത്.
അതേസമയം ദക്ഷിണ കൊറിയയുമായി ബന്ധത്തിന് ശ്രമിക്കുന്ന ട്രംപ്, രാജ്യാന്തര സമൂഹം ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന അവരുടെ ആണവ നിര്‍വ്യാപനമെന്ന നയതന്ത്രനേട്ടത്തിലേക്ക് എത്തിക്കില്ലേ എന്ന ആശങ്കയിലാണ്. അതേസമയം ഉത്തരകൊറിയയുടെ പൂര്‍ണ ആണവ നിര്‍വ്യാപനമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അമേരിക്കയും ജപ്പാന്‍ പ്രധാനമന്ത്രിയും തങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയത്.
Also Read: മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവച്ചു; നിയമസഭ മരവിപ്പിച്ചു, രാഷ്‌ട്രപതി ഭരണത്തിന് സാധ്യത