കൊളംബോ: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി. നോർത്ത് മന്നാർ സമുദ്രാതിർത്തിയിലാണ് സംഭവം. രഹസ്യ ഓപ്പറേഷനിലൂടെയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്ന് ശ്രീലങ്കന്‍ നാവികസേന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
രണ്ട് ബോട്ടുകളിലായി മത്സബന്ധനത്തിന് പോയ 14 പേരെയാണ് പിടികൂടിയത്. അനധികൃത മത്സ്യബന്ധനം തടയുന്നതിനായുള്ള നാവികസേനയുടെ പട്രോളിങ്ങിനിടെയാണ് അറസ്റ്റ്. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന തരത്തിൽ വിദേശ മത്സ്യബന്ധന ബോട്ടുകള്‍ അതിർത്തി കടന്ന് അനധികൃതമായി മത്സ്യബന്ധനം നടത്തുന്നുവെന്ന പരാതിയിലാണ് നടപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിടിയിലായ മത്സ്യത്തൊഴിലാളികളെ കിളിനോച്ചിയിലെ അസിസ്റ്റൻ്റ് ഡയറക്‌ടറേറ്റ് ഓഫ് ഫിഷറീസിന് കൈമാറുമെന്ന് നാവികസേന അറിയിച്ചു. കഴിഞ്ഞയാഴ്‌ച സമാനമായ രീതിയിൽ ഒരു ബോട്ട് ഉള്‍പ്പെടെ 10 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‌തിരുന്നു.
അതേസമയം ഇന്ത്യ-ശ്രീലങ്ക ബന്ധത്തിൽ മത്സ്യത്തൊഴിലാളി പ്രശ്‌നം തർക്കവിഷയമായി തുടരുകയാണ്. നേരത്തെ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത സംഭവം വലിയ വിവാദമായിരുന്നു. 2024ൽ ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 529 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്‌തത്.