പൂനെ: കേരളം സല്‍മാന്‍ നിസാറില്‍ പ്രതീക്ഷ വച്ചത് വെറുതെയായില്ല. രഞ്ജി ട്രോഫി ക്വാർട്ടര്‍ മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ കൂടെയുള്ളവര്‍ പതറിയപ്പോള്‍ രക്ഷകനായി വന്ന സല്‍മാന്‍റെ ബാറ്റില്‍ നിന്ന് പിറന്നത് 112 റണ്‍സ്. ഇന്നലെ കളി അവസാനിപ്പിക്കുമ്പോള്‍ കേരളം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിലായിരുന്നു. എന്നാല്‍ ഒന്നാം ഇന്നിങ്സില്‍ ജമ്മു കശ്‌മീര്‍ 280 റൺസിന്‍റെ മികച്ച സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. സല്‍മാന്‍റെ സെഞ്ചുറി ബലത്തില്‍ കേരളം ഒന്നാം ഇന്നിങ്‌സില്‍ ഒരു റണ്‍സിന്‍റെ ലീഡ് ബലത്തില്‍ 281 റണ്‍സിന് എല്ലാവരും പുറത്തായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നലെ ഇന്നിങ്‌സ് ആരംഭിച്ച കേരളത്തിന്‍റെ ബാറ്റിങ്ങില്‍ 11 റണ്‍സിനിടെ മൂന്ന് വിക്കറ്റുകളായിരുന്നു വീണത്. പേസർ അക്വിബ് നബിക്കായിരുന്നു മൂന്ന് വിക്കറ്റും. പിന്നാലെ 78 പന്തിൽ ആറ് ഫോറും മൂന്ന് സിക്സുമായി 67 റണ്‍സെടുത്ത ജലജ് സക്സേനയായിരുന്നു കേരളത്തെ കരകയറ്റിയത്. താരം പുറത്താകുമ്പോള്‍ കേരളത്തിന്‍റെ സ്‌കോര്‍ 105 ആയിരുന്നു.
പത്താം വിക്കറ്റിൽ ജമ്മു കശ്മീരിന്‍റെ ബൗളിങ് ആക്രമണത്തെ ചെറുത്തുനിന്ന് 132 പന്തിൽ സല്‍മാനും ബേസിൽ തമ്പിയും അടിച്ചുകൂട്ടിയ 81 റൺസാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. ബേസിൽ തമ്പി 35 പന്തിൽ രണ്ടു ഫോറുകളോടെ 15 റൺസുമെടുത്തു. സൽമാൻ നിസാർ 172 പന്തിൽ 12 ഫോറും നാലു സിക്സും സഹിതമാണ് 112 റൺസ് സ്വന്തമാക്കിയത്.
End Innings: Kerala - 281/10 in 85.0 overs (Basil Thampi 15 off 35, Salman Nizar 112 off 172) #JKvKER #RanjiTrophy #Elite-QF1
— BCCI Domestic (@BCCIdomestic) February 10, 2025
തുടക്കത്തില്‍ അക്ഷയ് ചന്ദ്രന്‍ 29 റണ്‍സെടുത്ത് തുടക്കം നല്‍കിയെങ്കിലും പിന്നീട് ബാറ്റര്‍മാരെല്ലാം നിറം മങ്ങുകയായിരുന്നു. രോഹന്‍ കുന്നുമ്മല്‍ (1), ഷോണ്‍ റോജര്‍ ( 0), സച്ചിന്‍ ബേബി (2), മുഹമ്മദ് അസ്‌ഹറുദ്ദീന്‍ (15), എന്‍ പി ബേസല്‍ (0) എന്നിവര്‍ കേരള ആരാധകരെ നിരാശപ്പെടുത്തി. ബോളിങ്ങില്‍ തിളങ്ങിയ നിധീഷ് 36 പന്തില്‍ 30 റണ്‍സെടുത്തു.
ജമ്മു കശ്‌മീരിനായി ഒന്നാം ഇന്നിങ്സില്‍ 48 റൺസെടുത്ത കനയ്യ വധാവനാണ് ടീമിന്‍റെ ടോപ് സ്കോറര്‍. കേരളത്തിനായി എംഡി നിധീഷ് ആറു വിക്കറ്റെടുത്തപ്പോള്‍ ആദിത്യ സർവതെ രണ്ട് വിക്കറ്റും നേടി. ജമ്മു കശ്മീരിനായി ആഖിബ് നബി 27 ഓവറിൽ 53 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്തു. മത്സരം സമനിലയിൽ കലാശിച്ചാല്‍ ആദ്യ ഇന്നിങ്സ് ലീഡ് നോക്കിയാകും സെമിയിലേക്കുള്ള ടീമിന്‍റെ പ്രവേശനം. കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സിലെ ലീഡ് സെമി മോഹത്തിന് അനുഗ്രഹമാകും.