വാഷിങ്ടൺ: യുഎസ് ട്രഷറി വകുപ്പിൽ സൂക്ഷിച്ചിരിക്കുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ എടുക്കുന്നതിൽ നിന്ന് ഇലോൺ മസ്‌കിന്‍റെ സർക്കാർ പരിഷ്‌കരണ സംഘത്തെ വിലക്കി അമേരിക്കന്‍ കോടതി. ശനിയാഴ്‌ച രാവിലെ യുഎസിലെ ഒരു ജില്ലാ ജഡ്‌ജി പോൾ എ ഏംഗൽമയറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ സർക്കാരിന്‍റെ ചെലവ് കുറയ്ക്കൽ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം ഏർപ്പാടാക്കിയ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ഗവണ്‍മെന്‍റ് എഫിഷന്‍സിക്ക് (ഡോഗ്) ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റിലെ പേയ്‌മെന്‍റ് സിസ്‌റ്റങ്ങളിലേക്കും മറ്റ് ഡാറ്റകളിലേക്കും കടക്കാനാകില്ല.
ഫെബ്രുവരി 14 ന് വാദം കേൾക്കുന്നതുവരെയാണ് താൽക്കാലിക നിയന്ത്രണ ഉത്തരവ്. ജനുവരി 20 ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റായി സ്ഥാനമേറ്റെടുത്തതിന് ശേഷം ട്രഷറി ഡിപ്പാർട്ട്‌മെന്‍റിൽ നിന്ന് വിവരങ്ങളെടുത്ത ഏതൊരു വ്യക്തിയും അവർ ഡൗൺലോഡ് ചെയ്‌ത മെറ്റീരിയലിന്‍റെ എല്ലാ പകർപ്പുകൾ ഉടൻ നശിപ്പിക്കണമെന്നും ജഡ്‌ജി പോൾ എ ഏംഗൽമയർ ഉത്തരവിൽ പറയുന്നു.
ലോകത്തെ ഏറ്റവും ധനികനായ ഇലോൺ മസ്‌ക് കീഴിലുള്ള ഗവൺമെന്‍റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്‍റ് (DOGE) എന്നറിയപ്പെടുന്ന വിഭാഗം അമേരിക്കയുടെ ഫെഡറൽ ചെലവ് ചുരുക്കാനുള്ള ശ്രമങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. ട്രഷറി രേഖകളടക്കം പരിശോധിച്ച് പരമാവധി ചെലവ് കുറയ്ക്കാനുള്ള വഴികൾ തേടുകയാണ് ഡോഗ് ടീം. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പരിപൂർണ പിന്തുണയോടെയാണ് മസ്‌കിന്‍റെ കീഴിലുള്ള ഡോഗ് പ്രവർത്തനങ്ങൾ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെള്ളിയാഴ്‌ചയാണ് 19 അമേരിക്കൻ സ്‌റ്റേറ്റുകളിൽ നിന്നുള്ള അറ്റോർണിമാർ കോടതിയിൽ കേസ് ഫയൽ ചെയ്‌തത്. പ്രസിഡന്‍റ് ട്രംപ്, ട്രഷറി ഡിപാർട്മെന്‍റ്, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്‍റ് എന്നിവർക്കെതിരെയായിരുന്നു ഹർജികൾ. മസ്‌കിന്‍റെ DOGE-യിലെ ജീവനക്കാർക്ക് ട്രഷറി വകുപ്പിന്‍റെ സെൻസിറ്റീവ് ഡാറ്റയിലേക്കുള്ള ആക്‌സസ് നൽകിയതിലൂടെ ഭരണകൂടം നിയമം ലംഘിച്ചെന്ന് പരാതിക്കാർ ആരോപിച്ചു.
ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് തുടങ്ങിയ സ്ഥാപനങ്ങളെ നയിക്കുന്ന ഇലോൺ മസ്‌ക് നിലവിൽ ഒരു ഫെഡറൽ ജീവനക്കാരനോ സർക്കാർ ഉദ്യോഗസ്ഥനോ അല്ല, എന്നിരുന്നാലും ട്രംപ് ഭരണകൂടം മസ്‌കിനെ "പ്രത്യേക സർക്കാർ ജീവനക്കാരൻ" ആയി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നാണ് ഈ മാസം ചില യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. അദ്ദേഹം നയിക്കുന്ന DOGE ന് ഒരു പൂർണ്ണ സർക്കാർ വകുപ്പ് എന്ന പദവിയുമില്ല, അതിന് അമേരിക്കന്‍ കോൺഗ്രസിന്‍റെ അംഗീകാരം ആവശ്യമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ ജഡ്‌ജിയായ ഏംഗൽമയറിനെ "ആക്‌ടിവിസ്‌റ്റ്" എന്ന് വിശേഷിപ്പിച്ച് ഇലോൺ മസ്‌ക് രംഗത്തുവന്നു. തങ്ങൾക്കെതിരെ പരാതി നൽകിയ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ 'മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് പദ്ധതി മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും' മസ്‌ക് കുറ്റപ്പെടുത്തി.
This is an activist posing as a judge https://t.co/NRUoRChfDq
— Elon Musk (@elonmusk) February 8, 2025
ട്രഷറി ഡിപ്പാർട്ട്‌മെന്‍റിൽ സംഭരിച്ചിരിക്കുന്ന സെൻസിറ്റീവ് വിവരങ്ങളിലേക്ക് മസ്‌കും സംഘവും കടന്നുകയറുന്നതായി കഴിഞ്ഞ ആഴ്‌ചയാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതോടെ ഡോഗ് ടീം വിവാദത്തിലകപ്പെട്ടു. ഫെഡറൽ പേയ്‌മെന്‍റ് സിസ്‌റ്റങ്ങളിലേക്കുള്ള ഡോഗ് ടീമിന്‍റെ ആക്‌സസ് ബ്യൂറോ ഓഫ് ദി ഫിസ്‌ക്കൽ സർവീസ് (BFS) ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് 'ഏറ്റവും വലിയ ആന്തരിക ഭീഷണി' ആണെന്ന് ചില ട്രഷറി വൃത്തങ്ങൾ വിശേഷിപ്പിച്ചതായി ചില യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
തെരഞ്ഞെടുക്കപ്പെടാത്ത ഒരു കോടീശ്വരനെ ട്രംപ് ദശലക്ഷക്കണക്കിന് ആളുകളുടെ സാമൂഹിക സുരക്ഷാ നമ്പറുകൾ, ബാങ്കിങ് വിവരങ്ങൾ, വളരെ സെൻസിറ്റീവായ മറ്റ് ഡാറ്റകൾ എന്നിവ സംഭരിക്കുന്ന പ്രധാന ഫെഡറൽ ഏജൻസികളിലേക്കും സിസ്‌റ്റങ്ങളിലേക്കും നുഴഞ്ഞുകയറാൻ അനുവദിച്ചു എന്ന് ന്യൂജേഴ്‌സി അറ്റോർണി ജനറൽ മാത്യു പ്ലാറ്റ്കിൻ വെള്ളിയാഴ്‌ച കുറ്റപ്പെടുത്തിയിരുന്നു.
Also Read