ബെയ്‌റൂട്ട്:ഹമാസ് തലവന്‍റെയും ഹിസ്‌ബുള്ള നേതാവിന്‍റെയും കൊലപാതകങ്ങള്‍ക്ക് പിന്നാലെ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായിരിക്കെ ലെബനന്‍ രാജ്യം വിടാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ലോക രാജ്യങ്ങള്‍. ലെബനനിലേക്കുള്ള എല്ലാ അനാവശ്യ യാത്രകളും ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് നിര്‍ദേശിച്ചു. ലെബനനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ബെയ്‌റൂട്ടിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും എംബസി മുന്നറിയിപ്പ് നല്‍കി.
ലെബനന്‍ വിടാന്‍ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരോടും ലഭ്യമായ ഏതെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്‌ത് പുറത്ത് കടക്കാനാണ് അമേരിക്ക ആവശ്യപ്പെട്ടത്. മടങ്ങാൻ പണമില്ലാത്ത യുഎസ് പൗരന്മാർക്ക് റീപാട്രിയേഷൻ ലോണുകൾ വഴിയുള്ള സാമ്പത്തിക സഹായത്തിനായി എംബസിയുമായി ബന്ധപ്പെടാമെന്നും അമേരിക്ക അറിയിച്ചു. ഇറാനിലുള്ള പൗരന്മാര്‍ ഉടന്‍ രാജ്യത്ത് നിന്ന് പുറത്ത് കടക്കണമെന്ന് ഫ്രാന്‍സും മുന്നറിയിപ്പ് നല്‍കി. ഇറ്റലിയും തങ്ങളുടെ പൗരന്‍മാര്‍ ഉടനടി പുറത്ത് കടക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ഹമാസിന്‍റെയും ഹിസ്ബുള്ളയുടെയും നേതാക്കളുടെ കൊലപാതകങ്ങൾക്കുള്ള ഏത് തിരിച്ചടിയും നേരിടാന്‍ തങ്ങള്‍ തയ്യാറാണ് എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഹമാസ് തലവന്‍ ഇസ്‌മയില്‍ ഹനിയയെയും ഹമാസ് സൈനിക മേധാവി മുഹമ്മദ് ദെയ്‌ഫിനെയും ഹിസ്ബുള്ള കമാൻഡർ ഫുആദ് ഷുക്കറിനെയും വ്യത്യസ്ഥ ആക്രമണങ്ങളില്‍ ഇസ്രയേൽ വധിച്ചത്. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്‌കിയാന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്‌റാനിലെത്തിയപ്പോഴാണ് ഹനിയയെ വ്യോമാക്രണത്തില്‍ ഇസ്രയേല്‍ വധിച്ചത്.