'വിബ്രിയോ കോളറ' എന്നയിനം ബാക്‌ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്കമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരാം. കോളറ പ്രതിരോധത്തിന് അവബോധം വളരെ പ്രധാനമാണ്. ശക്തമായ വയറിളക്കമോ ഛര്‍ദിലോ നിര്‍ജലീകരണത്തിന്‍റെ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അടിയന്തരമായി ചികിത്സ തേടേണ്ടതാണ്. കോളറ രോഗത്തിനെതിരെ വളരെ ഫലപ്രദമായ ആന്‍റിബയോട്ടിക് മരുന്നുകളുണ്ട്.
രോഗപകര്‍ച്ച
സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.
രോഗ ലക്ഷണങ്ങള്‍
പെട്ടെന്നുള്ള കഠിനമായ വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ച്ചിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും.
എന്തൊക്കെ ശ്രദ്ധിക്കണം
രോഗം ഗുരുതരമാകുന്നത് നിര്‍ജ്ജലീകരണം വഴിയാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറ ചികിത്സയും. ആരംഭം മുതല്‍ ഒആര്‍എസ് ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.
പ്രതിരോധം എങ്ങനെ
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
- ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്
- ഭക്ഷ്യവസ്‌തുക്കള്‍ നന്നായി വേവിച്ച് മാത്രം കഴിക്കുക
- പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക
- മലമൂത്ര വിസര്‍ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുക
- വയറിളക്കമോ ഛര്‍ദിലോ ഉണ്ടായാല്‍ ധാരാളം വെളളം കുടിയ്ക്കുക. ഒആര്‍എസ് പാനീയം ഏറെ നല്ലത്
- എത്രയും വേഗം ചികിത്സ തേടുക.
Also Read: സംസ്ഥാനത്ത് വീണ്ടും കോളറ; തിരുവനന്തപുരത്ത് 11കാരന് രോഗം സ്ഥിരീകരിച്ചു