ഹനോയ് (വിയറ്റ്‌നാം) : വിയറ്റ്‌നാമില്‍ ആഞ്ഞടിച്ച യാഗി ചുഴലിക്കാറ്റില്‍ മരണം 200 ആയി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 125-ല്‍ അധികം പേരെ കാണാതായതായി വിയറ്റ്നാമീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് 197 പേർ മരിച്ചതായും 128 പേരെ കാണാതായതായും 800-ല്‍ അധികം പേർക്ക് പരിക്കേറ്റതായും വിയറ്റ്നാമിലെ VNExpress പത്രം റിപ്പോർട്ട് ചെയ്യുന്നു.
തലസ്ഥാനമായ ഹനോയിയിലെ റെഡ് റിവര്‍ ചെറുതായി താഴ്‌ന്നിട്ടുണ്ടെങ്കിലും പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഹനോയിയിലെ തായ് ഹോ ജില്ലയിൽ പ്രധാന റോഡുകളിലെല്ലാം ചെളി നിറഞ്ഞ നിലയിലാണ്. കനത്ത വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങളും നശിച്ചു.
പതിറ്റാണ്ടുകൾക്ക് ശേഷം വിയറ്റനാമിലുണ്ടാകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി. മണിക്കൂറിൽ 149 കിലോമീറ്റർ (92 മൈൽ) വരെ വേഗതയിൽ വീശിയടിച്ച ചുഴലിക്കാറ്റ് ശനിയാഴ്‌ചയാണ് കരയില്‍ എത്തിയത്. കാറ്റിന്‍റെ വേഗത ഞായറാഴ്‌ചയോടെ കുറഞ്ഞെങ്കിലും ശക്തമായ മഴ നാശം വിതയ്ക്കുകയായിരുന്നു.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ഭൂരിഭാഗം മരണങ്ങൾക്കും കാരണമായത്. ചൈന അതിർത്തിയോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ പ്രവശ്യയായ ലാങ് നുവിലാണ് ഏറ്റവുമധികം നാശനഷ്‌ടമുണ്ടായത്. സാപ്പയിലെ പ്രശസ്‌തമായ ട്രെക്കിങ് ഏരിയയാണ് ലാവോ കായ് പ്രവിശ്യ.
Also Read: കണ്ടാൽ സ്വർണക്കൊട്ടാരം.. പക്ഷെ, സ്വർണമല്ല, അതിശയിപ്പിക്കുന്ന മാളിക ഇവിടെയാണ്