കണ്ണൂര്‍: ആചാരാനുഷ്‌ഠാന വൈവിധ്യങ്ങളാല്‍ വേറിട്ട് നില്‍ക്കുന്ന മഹോത്സവമാണ് അണ്ടലൂരില്‍ അരങ്ങേറുന്നത്. കുംഭം നാല് മുതല്‍ ഏഴ് വരെ ദൈവത്താര്‍ തിരുമുടി അണിഞ്ഞ് ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നല്‍കി അനുഗ്രഹം ചൊരിയുന്നു. വ്യത്യസ്‌തമായ ആചാനങ്ങളാൽ ശ്രദ്ധേയമാണ് അണ്ടലൂർ മഹോത്സവം.
മുഴുവന്‍ വീടുകളും വൃത്തിയാക്കി വെള്ളപൂശി മോടി പിടിപ്പിക്കുക എന്നതാണ് ആദ്യപടി. വീടും പറമ്പും വീഥികളും വൃത്തിയാക്കി മനോഹരമാക്കും. കുംഭം ഒന്ന് മുതല്‍ ഏഴ് വരെയാണ് അണ്ടലൂര്‍ കാവിലെ തിറ ആഘോഷിക്കുന്നത്. ഈ ദിവസങ്ങളില്‍ ധര്‍മ്മടം പഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങളും ദൈവത്താര്‍ ഈശ്വരൻ്റെ വാനരപ്പടയാകുമെന്നാണ് വിശ്വാസം.
ഉത്സവകാലങ്ങളില്‍ മത്സ്യ മാംസാദികളും മദ്യവും ഉപേക്ഷിച്ച് എല്ലാവരും കഠിന വ്രതം നോല്‍ക്കും. തെങ്ങു ചെത്തും മത്സ്യബന്ധനവും ഉപജീവനമാക്കിയവര്‍ പോലും ദേവഭോജ്യങ്ങളായ അവിലും മലരും പഴവുമാണ് മുഖ്യ ഭക്ഷണമാക്കുന്നത്. ഭക്ഷണം പാകം ചെയ്യാന്‍ പഴയ പാത്രങ്ങളൊന്നും ഉപയോഗിക്കില്ല. എല്ലാ വീടുകളിലും പുത്തന്‍ കലങ്ങളും ചട്ടികളുമാണ് പാചകത്തിന് ഉപയോഗിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതോടനുബന്ധിച്ച് അണ്ടലൂര്‍ കാവിൻ്റെ പരിസരങ്ങളിലും ചെറുകവലകളിലും കടകളിലുമൊക്കെ മണ്‍പാത്രങ്ങള്‍ വില്‍പ്പനക്ക് ഒരുക്കി വച്ചിട്ടുണ്ട്. തലച്ചുമടായി മണ്‍പാത്ര വില്‍പ്പനക്കാര്‍ വീടുകള്‍ തോറും എത്തും. അണ്ടലൂരില്‍ മേലേക്കാവിലും താഴെക്കാവിലുമായാണ് തിറയാട്ടങ്ങള്‍ നടക്കുക. രാമായണ കഥയുമായി ബന്ധപ്പെടുത്തിയിട്ടാണ് കാവിലെ ഉത്സവ ചടങ്ങുകള്‍.
മേലേക്കാവ് അയോധ്യയായും താഴെക്കാവ് ലങ്കയായും സങ്കല്‍പ്പിക്കും. പ്രധാന ദൈവമായ ദൈവത്താര്‍ ഈശ്വരന്‍ ഇവിടെ ശ്രീരാമചന്ദ്രനാണ്. അങ്കക്കാരന്‍ ലക്ഷ്‌മണനും ബപ്പൂരന്‍ ഹനുമാനായും കോലം ധരിക്കുന്നു. മുടിയണിഞ്ഞ ശേഷം ലങ്കയെന്ന സങ്കല്‍പ്പത്തില്‍ താഴെക്കാവില്‍ ഘോരയുദ്ധം ചെയ്‌ത് ശ്രീരാമൻ്റെ പത്‌നിയായ സീതയെ വീണ്ടെടുക്കുന്നതിലൂടെയാണ് ഉത്സവം പൂര്‍ത്തിയാവുന്നത്.