ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് രൂപ മൂല്യമുള്ള സ്ഥാവര, ജംഗമ വസ്‌ത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറി ബെംഗളൂരുവിലുള്ള പ്രത്യേക കോടതി.
കോടതി ഉത്തരവ് പ്രകാരം പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ, ഭൂമിയുടെ പട്ടയങ്ങൾ, മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കൾ എന്നിവയാണ് തമിഴ്‌നാട് സർക്കാരിന് തിരികെ നൽകിയത്. ഭൂമിയുടെ പട്ടയത്തിന് പുറമെ വാൾ, റിസ്റ്റ് വാച്ചുകൾ, പേനകൾ, 1606 മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കൾ എന്നിവയുൾപ്പെടെ 27 കിലോയുടെ സ്വർണാഭരണങ്ങളാണ് ഇവയെല്ലാം. തമിഴ്‌നാട് വിജിലൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിശോധിച്ച ശേഷമാണ് 27 കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങളും മറ്റ് വസ്‌തുക്കളും തിരികെ നൽകിയത്.
കൂടാതെ, ഏകദേശം 1526 ഏക്കർ ഭൂമിയുടെ സ്വത്ത് രേഖകളും സർക്കാരിനെ ഏൽപിച്ചിട്ടുണ്ട്. കർശന സുരക്ഷയോടെയാണ് ഇവ തിരികെ കൊണ്ട് പോയത്. ജയലളിതയുടെ സ്വത്ത് വകകള്‍ സംബന്ധിച്ച് ഏറെകാലമായി നിലനിന്നിരുന്ന തർക്കമായിരുന്നു ഇത്.
കർണാടകയുടെ കൈവശമുണ്ടായിരുന്ന സ്വത്ത് വകകള്‍
7,040 ഗ്രാം ഭാരമുള്ള 468തരം സ്വർണം, വജ്രങ്ങൾ പതിച്ച ആഭരണങ്ങൾ, 700 കിലോഗ്രാം ഭാരമുള്ള വെള്ളി ആഭരണങ്ങൾ, 740 വിലയേറിയ സ്ലിപ്പറുകൾ, 11,344 സിൽക്ക് സാരികൾ, 250 ഷാളുകൾ, 12 റഫ്രിജറേറ്ററുകൾ, 10 ടിവി സെറ്റുകൾ, 8 വിസിആറുകൾ, 1 വീഡിയോ ക്യാമറ, 4 സിഡി പ്ലെയറുകൾ, 2 ഓഡിയോ ഡെക്കുകൾ, 24 ടു-ഇൻ-വൺ ടേപ്പ് റെക്കോർഡറുകൾ, 1040 വീഡിയോ കാസറ്റുകൾ, 3 ഇരുമ്പ് ലോക്കറുകൾ, 1,93,202 രൂപ പണവും ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2014 സെപ്റ്റംബർ 27-ന് ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയലളിതക്ക് നാല് വർഷം തടവും 100 കോടി രൂപ പിഴയും വിധിച്ചത്. പിടിച്ചെടുത്ത വിലപിടിപ്പുള്ള വസ്‌തുക്കൾ ആർബിഐ, എസ്‌ബിഐ എന്നിവയ്‌ക്ക് വിൽക്കുകയോ പൊതു ലേലത്തിന് വക്കുകയോ ചെയ്യണമെന്നും നിർദേശിച്ചിരുന്നു.
വിൽപ്പനയിൽ നിന്നുള്ള വരുമാനം പിഴ തുകയുമായി ക്രമീകരിക്കണമെന്നും വിധിച്ചിരുന്നു. അതിനിടയിലാണ് ജയലളിത മരിച്ചത്. ഇതോടെ വിവരാവകാശ പ്രവർത്തകൻ നരസിംഹ മൂർത്തി അപ്പീലുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇന്നും ജയലളിതയുടെ സ്വത്ത് വകകള്‍ സംബന്ധിച്ച് തർക്കം തുടരുകയാണ്.