ഇന്ത്യ-യുകെ 'യങ് പ്രൊഫഷണല്‍സ് സ്‌കീം' (വൈപിഎസ്) 2025-ലേക്കുള്ള അപേക്ഷ ആരംഭിച്ചു. നാളെ (ഫെബ്രുവരി 20) ഉച്ചയ്‌ക്ക് 2.30 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇന്ത്യൻ വിദ്യാര്‍ഥികള്‍ രണ്ട് വർഷത്തേക്ക് യുകെയിൽ താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും അവസരം ഒരുക്കുന്നതാണ് ഈ യങ് പ്രൊഫഷണല്‍സ് സ്‌കീം. ഇതുപ്രകാരം ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് വിസ സൗജന്യമായിരിക്കും. ഇന്ത്യൻ ഗവണ്‍മെന്‍റും ബ്രിട്ടീഷ് ഗവണ്‍മെന്‍റും സഹകരിച്ചാണ് പദ്ധതി നടത്തി വരുന്നത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
ഈ പദ്ധതി പ്രകാരം ആകെ 3,000 വിസകളാണ് അനുവദിക്കുക. ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള 18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാൻ സാധിക്കും. കൂടാതെ, ജീവിത ചെലവുകൾ വഹിക്കാൻ അപേക്ഷകർ അവരുടെ ബാങ്ക് അക്കൗണ്ടിൽ 2,530 പൗണ്ടിന്‍റെ (2.74 ലക്ഷം ഇന്ത്യൻ രൂപ) തെളിവ് കാണിക്കണം.
എങ്ങനെ അപേക്ഷിക്കാം?
- ആദ്യം https://www.gov.uk/india-young-professionals-scheme-visa/apply എന്ന സൈറ്റ് സന്ദര്‍ശിക്കുക
- ശേഷം "apply" എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക
- പിന്നീട് വരുന്ന വിൻഡോയില്‍ "Create Account" എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക
- "പേര്, ജനനതീയതി, ഇ-മെയില്‍, പാസ്‌പോര്‍ട്ട് നമ്പര്‍" എന്നിവ നല്‍കി ഒരു അക്കൗണ്ട് ആരംഭിക്കാൻ സാധിക്കും
- ഇതിനുശേഷം "Sign In" എന്ന ഓപ്‌ഷൻ തെരഞ്ഞെടുത്ത് ഇ-മെയില്‍ നല്‍കി അക്കൗണ്ടിലേക്ക് പ്രവേശിക്കാം
- "പേര്, ജനനതീയതി, ഇ-മെയില്‍, പാസ്‌പോര്‍ട്ട് നമ്പര്‍" എന്നിവ ഒന്നുകൂടി നല്‍കേണ്ടതുണ്ട്
- ശേഷം, കണ്‍ഫര്‍മേഷൻ ആന്‍റ് സബ്‌മിറ്റ് കൊടുത്താല്‍ നിങ്ങളുടെ ആപ്ലിക്കേഷൻ വിജയകരമായി പൂര്‍ത്തിയാകും
എപ്പോഴാണ് ഫലം പ്രസിദ്ധീകരിക്കുക?
ഫെബ്രുവരി 20 നാണ് ആപ്ലിക്കേഷൻ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇതിനു ശേഷം രണ്ടാഴ്‌ച കഴിഞ്ഞ്, അതായത് മാര്‍ച്ച് 3 ന് ഫലം അറിയാൻ സാധിക്കും. നിങ്ങളുടെ ഇ-മെയിലിലാണ് ഫലം ലഭിക്കുക. തെരഞ്ഞെടുത്താലും ഇല്ലെങ്കിലും മെയിലില്‍ ഫലം എത്തും.
തെരഞ്ഞെടുത്താല്‍ എന്താണ് ചെയ്യേണ്ടത്?
ഫലം വരുമ്പോള്‍ ബാലറ്റില്‍ വിജയകരമായി തെരഞ്ഞെടുത്തതിന് ശേഷമാണ് പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. യുകെയിലെ ചെലവ് വഹിക്കാനുള്ള 2.74 ലക്ഷം അക്കൗണ്ടില്‍ ഉണ്ടെന്ന തെളിവും കാണിക്കേണ്ടതുണ്ട്. പിന്നീട് സൗജന്യ വിസയടക്കം ലഭിക്കും.