തൃശൂര്‍ : അതിരപ്പിള്ളിയിലെ മസ്‌തകത്തില്‍ മുറിവേറ്റ കാട്ടുകൊമ്പനെ മയക്കുവെടി വച്ചതിന് ശേഷമുള്ള സാഹചര്യം. എല്ലാവരുടെയും കണ്ണ് പാഞ്ഞത് പരിക്കേറ്റ് തളര്‍ന്ന കൊമ്പനിലേക്കായിരുന്നില്ല. പകരം മയക്കു വെടി കൊണ്ട് മയക്കത്തിലേക്ക് വഴുതിക്കൊണ്ടിരുന്ന കൊമ്പനെ താങ്ങി, സമീപത്ത് നിലയുറപ്പിച്ച ഏഴാറ്റുമുഖം ഗണപതിയിലേക്കാണ്.
കുട്ടിക്കൊമ്പും കുസൃതിയും... ഏഴാറ്റുമുഖം ഗണപതിയ്‌ക്ക് ഫാന്‍സ് ഏറെയാണ്. പന കുത്തി മറിച്ചിട്ട് രസിക്കുന്ന ഗണപതിയുടെ ദൃശ്യങ്ങള്‍ പലപ്പോഴും വൈറലായിട്ടുമുണ്ട്. ചുരുക്കി പറഞ്ഞാല്‍ ചെറിയൊരു സോഷ്യല്‍ മീഡിയ സ്റ്റാര്‍ ആണ് ഗണപതി. ഇന്ന് മയക്കുവെടി ഏറ്റതിന് പിന്നാലെ മയങ്ങി തുടങ്ങിയ കൊമ്പനെ ഉണര്‍ത്താനും തുമ്പിക്കൈ കൊണ്ട് താങ്ങി നിര്‍ത്താനും പാടുപെടുന്ന ഗണപതി കറയില്ലാത്ത സ്‌നേഹത്തിന്‍റെ പ്രതീകമായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് അവന്‍റെ മുഖത്ത് പതിവുള്ള ആ കുസൃതിത്തരമുണ്ടായിരുന്നില്ല. സഹജീവി സ്‌നേഹത്തിന്‍റെ തലയെടുപ്പായിരുന്നു. പക്ഷേ ദൗത്യ സംഘത്തിന് ഗണപതി തലവേദനയായി. സംഘം കൊമ്പനെ സ്‌പോട്ട് ചെയ്‌തതു മുതല്‍ ഗണപതി ആനയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നു. മയക്കുവെടി വച്ചപ്പോഴും ഗണപതി കൊമ്പനരികില്‍ തന്നെ നിന്നു.
മയങ്ങി തുടങ്ങിയപ്പോള്‍ കൊമ്പനെ ഉണര്‍ത്താന്‍ ഗണപതി കിണഞ്ഞ് ശ്രമിക്കുന്നുണ്ടായിരുന്നു. തുമ്പിക്കൈ കൊണ്ട് തലോടിയും കുട്ടിക്കൊമ്പ് കൊണ്ട് കുത്തിയും അവന്‍ കൊമ്പനെ ഉണര്‍ത്താന്‍ പാടുപെട്ടു. വലിയ ശബ്‌ദത്തില്‍ ചിന്നംവിളിച്ചു നോക്കിയിട്ടും കൊമ്പനെ ഉണര്‍ത്താന്‍ ഗണപതിയ്‌ക്കായില്ല. ഇതിനിടെ ആന മറിഞ്ഞ് വീഴുകയായിരുന്നു. കൊമ്പനെ ചേര്‍ത്ത് പിടിച്ച് നിന്ന ഏഴാറ്റുമുഖം ഗണപതിയെ തുരത്താന്‍ റബര്‍ ബുള്ളറ്റ് പ്രയോഗിക്കുകയായിരുന്നു ഒടുക്കം ദൗത്യ സംഘം.
Also Read: മസ്‌തകത്തില്‍ മുറിവേറ്റ കൊമ്പന് ചികിത്സ; ദൗത്യം പൂര്‍ണം, ആന കോടനാട്ടേക്ക്