ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ ഇക്കുറി മഴയുടെ അളവില്‍ വലിയ കുറവ് രേഖപ്പെടുത്തിയത് വിദഗ്‌ധരെ ആശങ്കയിലാക്കുന്നു. കടുത്ത വേനലാകും ഭൂമിയിലെ ഈ സ്വര്‍ഗത്തെ ഇക്കുറി കാത്തിരിക്കുന്നത്. കാട്ടുതീ, ജലക്ഷാമം എന്നിവയ്ക്ക് വലിയ സാധ്യതയാണ് ഉള്ളത്. കൃഷി, വൈദ്യുതി ഉത്പാദനം തുടങ്ങിയവയെ ഇത് സാരമായി ബാധിക്കുമെന്നും വിലയിരുത്തുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്താഴ്‌ച മുതല്‍ തന്നെ കാലാവസ്ഥയില്‍ വൻ മാറ്റം ഉണ്ടാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇക്കൊല്ലം ഇതുവരെയും ശക്തമായ മഴയോ ഹിമപാതമോ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മഴയുടെ ദൗര്‍ലഭ്യം വര്‍ധിച്ചു
ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി പന്ത്രണ്ട് വരെ 79 ശതമാനം കുറവാണ് കശ്‌മീരില്‍ ലഭിക്കേണ്ട മഴയില്‍ ഉണ്ടായിരിക്കുന്നത്. കേവലം 29.8 മില്ലിമീറ്റര്‍ മഴയാണ് ഇക്കൊല്ലം ഇതുവരെ കിട്ടിയത്. 140 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്നിടത്താണ് ഇത്രയും കുറവ്. കത്വ, ജമ്മു, ഉധംപൂര്‍ ജില്ലകളിലാണ് ഏറ്റവും കുറവ്. യഥാക്രമം 97, 94, 92 ശതമാനം കുറവാണ് ഇവിടെ മഴയില്‍ ഉണ്ടായിട്ടുള്ളത്.
തലസ്ഥാനമായ ശ്രീനഗറില്‍ 82 ശതമാനം കുറവാണ് മഴയിലുണ്ടായിരിക്കുന്നത്. ഷോപ്പിയാന്‍, റിയാസി, റാമ്പാന്‍, കുല്‍ഗാം, ദോഡ, ബദ്ഗാം, അനന്ത്നാഗ് ജില്ലകളില്‍ 80 മുതല്‍ 89 ശതമാനം വരെ മഴക്കുറവാണ് ഉണ്ടായിട്ടുള്ളത്. ബന്ദിപ്പുര, ബാരാമുള്ള. കുപ്‌വാര, പുല്‍വാമ ജില്ലകളില്‍ 70 മുതല്‍ 79 ശതമാനം വരെ മഴ കുറഞ്ഞു. പൂഞ്ച്, രജൗരി, കിഷ്‌ത്വാര്‍, ഗന്ദര്‍ബാല്‍ തുടങ്ങിയ ജില്ലകളില്‍ 60ശതമാനം മുതല്‍ 69 ശതമാനം വരെ കുറവാണ് മഴയില്‍ രേഖപ്പെടുത്തിയത്.

വരണ്ട കാലാവസ്ഥ കാട്ടുതീയിലേക്ക് നയിക്കും
രണ്ട് ഡസന്‍ കാട്ടുതീ വാര്‍ത്തകളാണ് രണ്ട് മാസത്തിനിടെ പുറത്ത് വന്നത്. വേനല്‍ക്കാലമാകുന്നതോടെ ഇതില്‍ വര്‍ധനയുണ്ടാകുമെന്ന ആശങ്ക പരന്നിട്ടുണ്ട്. മഴയുടെ കുറവും ശക്തമായ കാറ്റും ഇതിന് ആക്കം കൂട്ടുന്നുണ്ടെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ചെറിയൊരു തീപ്പൊരി പോലും വലിയ കാട്ടുതീയിലേക്ക് നയിക്കാവുന്ന സാഹചര്യമാണുള്ളതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ത്രാല്‍, ഉധംപൂര്‍, റിയാസി, പൂഞ്ച് മേഖലകളിലാണ് സാധാരണയായി കാട്ടുതീ കൂടുതലായി കണ്ടു വരാറുള്ളത്. കാലാവസ്ഥ വ്യതിയാനം കശ്‌മീരിന്‍റെ വനമേഖലയെ കൂടുതല്‍ അപകടകരമാക്കുന്നു. കൂടുതല്‍ വരള്‍ച്ച ഉണ്ടാകാനും സാധ്യതയുണ്ട്.
കശ്‌മീരില്‍ ജലക്ഷാമവും
ഇതിനിടെ കശ്‌മീരില്‍ ജലക്ഷാമവും രൂക്ഷമായിട്ടുണ്ട്. പ്രധാന നദികളിലെയും അരുവികളിലെയും ജലനിരപ്പ് താഴ്‌ന്നു. കശ്‌മീരിന്‍റെ ജീവരേഖയായ ഝലം നദി വലിയ തോതില്‍ വറ്റിക്കഴിഞ്ഞു. സംഗമത്തിലെ ജലനിരപ്പ് -1.01 അടി താഴ്‌ന്നു. രാം മുന്‍ഷി ബാഗ്, അഷം എന്നിവിടങ്ങളിലെ ജലനിരപ്പ് യഥാക്രമം 3.52, 0.75 കുറഞ്ഞു.
ഹിമപാതത്തിലും ഗണ്യമായ കുറവുണ്ടായതായി ജലസേചന വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. മതിയായ ഹിമപാതമുണ്ടായാല്‍ ഇത് ജലസ്രോതസുകളെ പുഷ്‌ടിപ്പെടുത്തും. എന്നാല്‍ ഇക്കുറി ഇത് ഉണ്ടായിട്ടില്ല. ലിദ്ദര്‍, റാമ്പിയാര, ഫിറോസ്‌പര, പൊഹ്‌രു തുടങ്ങിയ പോഷകനദികളിലെ ജലനിരപ്പും വളരെ താഴ്‌ന്ന നിലയിലാണ്.
ജലവൈദ്യുതി ഉത്പാദനത്തിന് തിരിച്ചടി
വെള്ളത്തിന്‍റെ ലഭ്യത കുറഞ്ഞത് മൂലം ജമ്മു കശ്‌മീരില്‍ ജലവൈദ്യുതി ഉത്പാദനം ഗണ്യമായ തോതില്‍ കുറഞ്ഞിട്ടുണ്ട്. ജനുവരിയിലെ വൈദ്യുതോത്പാദനം 84.17 ശതമാനം കുറഞ്ഞു. വൈദ്യുത വികസന വകുപ്പ് 250 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നിടത്ത് ഇപ്പോള്‍ കേവലം 190 മെഗാവാട്ടായി ഇത് കുറഞ്ഞു.
ഹിമപാതത്തിന്‍റെ കാലയളവ് കുറഞ്ഞതും ചൂട് കൂടിയതും വെള്ളത്തിന്‍റെ ലഭ്യതയില്‍ കുറവ് ഉണ്ടാക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന പിഡിഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്പാദനം വര്‍ധിപ്പിക്കാന്‍ തങ്ങള്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കാലാവസ്ഥ വ്യതിയാനം കാര്യങ്ങള്‍ പ്രവചാനാതീതമാക്കിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയ്ക്ക് മൊത്തം 1200 മെഗാവാട്ടി വൈദ്യുതി ഉത്പാദന ശേഷിയുണ്ട്. ഇതില്‍ 900 മെഗാവാട്ട് ബഗ്‌ലിഹാര്‍ ജലവൈദ്യുത പദ്ധതിയില്‍ നിന്ന് മാത്രമാണ്. എന്നാല്‍ നിലവില്‍ ജലദൗര്‍ലഭ്യം മൂലം ഉതില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
പഴക്കര്‍ഷകര്‍ക്കും വരണ്ട കാലാവസ്ഥ തിരിച്ചടിയായി. ഫലവൃക്ഷങ്ങള്‍ ഉടന്‍ തന്നെ പൂക്കും. കാരണം ചൂട് വര്‍ധിച്ചതും ആര്‍ദ്രതയുടെ കുറവുമാണെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കശ്‌മീരിന്‍റെ പഴം വിപണിയുടെ നട്ടെല്ലായ ആപ്പിളിന്‍റെ കൃഷിയെ ഇത് സാരമായി ബാധിച്ചിരിക്കുന്നു.
വരണ്ട കാലാവസ്ഥ ഈ മാസം ഇരുപതിന് ശേഷവും തുടര്‍ന്നാല്‍ ഫലവൃക്ഷങ്ങള്‍ നേരത്തെ പൂക്കും. ഇത് പരാഗണത്തെയും ബാധിക്കും. അത് കൊണ്ട് തന്നെ വിചാരിച്ചപോലെ വിളവ് ലഭിക്കില്ലെന്നും കശ്‌മീരിലെ എസ്‌കുസാറ്റിലെ ശാസ്‌ത്രജ്ഞന്‍ ഡോ.പര്‍വേസ് പറയുന്നു.
വേനല്‍ക്കാലത്ത് ഫംഗസ് രോഗങ്ങള്‍ കുറയ്ക്കുമെന്നും കീടബാധ കുറയുമെന്നും മറ്റൊരു വിദഗ്‌ധനായ ഡോ. താരിഖ് ചൂണ്ടിക്കാട്ടുന്നു. അതേസമയം കനത്ത ചൂട് ഫലങ്ങളിലും മരത്തടിയിലും ഏല്‍ക്കുന്നത് ഇവയുടെ ഗുണത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകര്‍ മണ്ണ് എപ്പോഴും ഈര്‍പ്പമുള്ളതാക്കി സൂക്ഷിച്ച് ഇത്തരത്തിലുള്ള വെല്ലുവിളി നേരിടണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
അതേസമയം ജലക്ഷാമത്തിനിടയിലും പ്രദേശത്തെ നീര്‍ത്തടങ്ങളില്‍ ദേശാടനക്കിളികള്‍ക്ക് കുറവില്ല. ഹൊക്കെര്‍സാറിലും ഷല്ലബാഗിലും മറ്റ് നീര്‍ത്തടങ്ങളിലും മതിയായ വെള്ളമുണ്ട്. ചെറിയ ആശങ്ക മിര്‍ഗുണ്ടിനെക്കുറിച്ച് മാത്രമാണെന്നും നീര്‍ത്തട മാനേജ്മെന്‍റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദച്ചിഗാം ദേശീയോദ്യാനത്തിലെ വന്യജീവികളെ ഇത് ബാധിച്ചിട്ടില്ല. മൃഗങ്ങള്‍ക്ക് മതിയായ വെള്ളം കിട്ടുന്നു. ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ബത്‌ലാല്‍ മേഖലകളില്‍ ആവശ്യത്തിന് ഹിമപാതമുണ്ട്. അത് കൊണ്ട് തന്നെ വന്യജീവികള്‍ക്ക് മതിയായ വെള്ളം കിട്ടുന്നുണ്ടെന്നും മുതിര്‍ന്ന വന്യജീവി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വരള്‍ച്ച മൂലം ഖേലോ ഇന്ത്യ ശീതകാല കായികമേള മാറ്റി
മതിയായ മഞ്ഞ് വീഴ്‌ചയില്ലാത്തത് മൂലം അഞ്ചാമത് ഖേലോ ഇന്ത്യ ശീതകാല കായികമേള മാറ്റി. ഈ മാസം 22 മുതല്‍ 25 വരെ ഗുല്‍മാര്‍ഗില്‍ മേള നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മതിയായ ഹിമപാതമില്ലാത്തതിനാല്‍ ഇത് മാറ്റുകയായിരുന്നു. പുതിയ തീയതി ഉടനെ നിശ്ചയിക്കുമെന്നും ജമ്മുകശ്‌മീര്‍ കായിക കൗണ്‍സില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. സാങ്കേതിക സമിതിയുമായി കൂടിയാലോചിച്ചാണ് പരിപാടി മാറ്റിയത്.
കാലാവസ്ഥയില്‍ മാറ്റത്തിന് സാധ്യത
കാലാവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചെറിയ തോതില്‍ പരിഹരിക്കപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിശദീകരണം. പശ്ചിമവാതത്തിന്‍റെ വരവോടെ ഇന്നും നാളെയും മഴയു മഞ്ഞും ഉണ്ടാകുമെന്നാണ് സൂചന.
കശ്‌മീരിലും ജമ്മുവിലും മിതമായ തോതില്‍ മഴ കിട്ടും. ചിനാബ് താഴ്‌വരയിലും ദക്ഷിണ കശ്‌മീരിലും പത്ത് ഇഞ്ച് വരെ മഞ്ഞുവീഴ്‌ചയുണ്ടാകാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി ഡോ. മുഖ്‌താര്‍ അഹമ്മദ് പറഞ്ഞു.
Also Read: 'ചില്ലാ'യി കശ്‌മീര്‍; മഞ്ഞ് പുതഞ്ഞ് ഭൂമിയിലെ സ്വര്‍ഗം, ശിക്കാരയില്‍ ദാല്‍ തടാകം ചുറ്റി സഞ്ചാരികള്‍