എറണാകുളം: ആലുവയിൽ ബിഹാർ സ്വദേശിയുടെ ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ അതിഥി തൊഴിലാളികള്‍ പിടിയിൽ. അസം സ്വദേശിയും ട്രാൻസ് ജെൻഡറുമായ റിങ്കി (20), സുഹൃത്ത് അസം സ്വദേശി റാഷിദുൽ ഹഖ് (29) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.
രണ്ട് മണിക്കൂറിനുള്ളിലാണ് ആലുവ പൊലീസ് പ്രതികളെ പിടികൂടിയത്. ബിഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആൺകുട്ടിയെയാണ് തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70,000 രൂപ ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്‌ച രാത്രി എട്ട് മണിയോടെയാണ് പൊലീസിൽ വിവരം എത്തുന്നത്. കുട്ടിയെ തട്ടിയെടുത്ത പ്രതികളിലൊരാൾ ട്രാൻസ് ജെൻഡറാണെന്ന സൂചന ലഭിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തുടർന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ക്രൈം ഗാലറിയിലെ ട്രാൻസ് ജെൻഡേഴ്‌സിൻ്റെ ഫോട്ടോ പരാതിക്കാരിയെ കാണിച്ചു. ഇവർ പ്രതിയെ തിരിച്ചറിഞ്ഞറിഞ്ഞതിനെ തുടർന്ന് റിങ്കി താമസിച്ചിരുന്ന വാടകവീട്ടിൽ എത്തിയെങ്കിലും അവർ കുട്ടിയുമായി കടന്നിരുന്നു. സിസിടിവി ക്യാമറകൾ പരിശോധിച്ചും, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വിമാനത്താവള പരിസരം, ജില്ലാ അതിർത്തികൾ, ഇവർ തങ്ങാനിടയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങൾ അരിച്ചുപെറുക്കിയായിരുന്നു പൊലീസ് പരിശോധ നടത്തിയത്.
രാത്രി 10 മണിയോടെ കൊരട്ടി ഭാഗത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തിയായിരുന്നു പ്രതികളെ പിടികൂടിയത്. തൃശൂരിൽ നിന്ന് കുട്ടിയെ അസമിലേക്ക് കൊണ്ടു പോകാനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. ഡിവൈഎസ്‌പി ടി ആർ രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിനെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്‌തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.