വാഷിങ്ടൺ: കമല ഹാരിസിന്‍റെ ഇന്ത്യൻ പൈതൃകത്തെ വംശീയമായി അധിക്ഷേപിച്ച് ട്രംപിന്‍റെ കൂട്ടാളി ലോറ ലൂമർ. കമല ഹാരിസ് പ്രസിഡന്‍റായാൽ വൈറ്റ് ഹൗസിൽ 'കറി മണക്കുമെന്ന്' ആയിരുന്നു ഇവരുടെ പരിഹാസം. നവംബർ 5ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്‍റ് വിജയിക്കുകയാണെങ്കിൽ വൈറ്റ് ഹൗസിൽ കറി മണക്കുമെന്ന് കമലാ ഹാരിസിന്‍റെ എക്‌സിൽ പോസ്‌റ്റിൽ ലോറ കമന്‍റ് ചെയ്‌തു. നാഷണൽ ഗ്രാന്‍റ് പാരന്‍റ് ദിനത്തോടനുബന്ധിച്ചുള്ള കമലയുടെ പോസ്‌റ്റിന് കീഴിൽ ആയിരുന്നു കമന്‍റ് .
വലതുപക്ഷ ഗൂഢാലോചന സൈദ്ധാന്തികയായാണ് 31കാരിയായ ലോറ ലൂമർ അറിയപ്പെടുന്നത്. കമല ഹാരിസിനെതിരായ പോസ്‌റ്റിന് ശേഷം ലോറ ലൂമറുമായുള്ള ട്രംപിന്‍റെ ബന്ധത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി അപലപിച്ചിരുന്നു. ലോറ ലൂമറിന്‍റെ ഈ പ്രസ്ഥാവന അപകടകരമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു. ഇത്തരത്തിൽ വംശീയ വിഷം പ്രചരിപ്പിക്കുന്ന ഒരാളുമായി ഒരു നേതാവും സൗഹൃദം വെച്ചുപുലർത്തരുതെന്നും അവർ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ലോറ ലൂമറിന്‍റെ പ്രസ്ഥാവന അംഗീകരിക്കാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി. ഇത്തരത്തിലുള്ള പരാമർശങ്ങളെ എതിർക്കുകയും അപലപിക്കുകയും വേണം എന്ന് കരീൻ ജീൻ പിയറി പറഞ്ഞു. ഒരു നേതാവും ഈ പ്രസ്ഥാവനയെ പിന്തുണയ്‌ക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം ലോറ ലൂമറിന്‍റെ ഈ പ്രസ്ഥാവനയെ വിമർശിച്ച് ട്രംപ് അനുകൂലികളും രംഗത്ത് വന്നിരുന്നു. ഇത് പ്രസിഡന്‍റ് ട്രംപിനെ പ്രതിനിധീകരിക്കുന്നില്ലെന്നും ഇത്തരത്തിലുള്ള പെരുമാറ്റം ഒരിക്കലും വെച്ചുപൊറുപ്പിക്കരുതെന്നും ജോർജിയ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീൻ പ്രതികരിച്ചു. നിരവധി എക്‌സ് ഉപയോക്താക്കളും ലോറ ലൂമറിന്‍റെ വംശീയ പരാമർശത്തെ അപലപിച്ചു. ലോറ ലൂമറിന്‍റെ പരാമർശത്തിനെതിരെ വംശീയതയുടെ പേരിൽ വ്യക്തമായ നിയമലംഘനത്തിന് എക്‌സിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും ചിലർ പറഞ്ഞു.
കമല ഹാരിസിന്‍റെ അമ്മ ശ്യാമള ഗോപാലൻ 19-ാം വയസിൽ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറിയതാണ്. ജമൈക്കക്കയിൽ നിന്നുള്ള വ്യക്തിയാണ് കമല ഹാരിസിന്‍റെ പിതാവ് ഡൊണാൾഡ് ജെ ഹാരിസ്.