എറണാകുളം: പാതി വില തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് റെയ്‌ഡ്. 15 ഇടങ്ങളിലാണ് ഇഡി റെയ്‌ഡ് തുടരുന്നത്. കൊച്ചിയിൽ ലാലി വിൻസെന്‍റിന്‍റെ വീട്ടിലും ആനന്ദകുമാറിന്‍റെ ശാസ്‌തമംഗലത്തെ ഓഫിസിലുമാണ് ഇഡി പരിശോധന. മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലെ പരിശോധന രണ്ട് മണിക്കൂർ പിന്നിട്ടു.
പാതിവില തട്ടിപ്പിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണനിൽ നിന്ന് ലാലിവിൻസന്‍റ് 40 ലക്ഷം കൈപ്പറ്റിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ നിയമ സഹായം നൽകിയതിന് ഫീസായി ഈടാക്കിയതാണെന്നാണ് ലാലി വിൻസന്‍റ് പറയുന്നത്. മുഖ്യ പ്രതി അനന്തു കൃഷ്‌ണന് കൂട്ടുപ്രതി ആന്ദകുമാറിനെ പരിചയപ്പെടുത്തിയത് ലാലി വിൻസെന്‍റാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
തോന്നയ്ക്കൽ സായി ഗ്രാമിലും അനന്തു കൃഷ്‌ണന്‍റെ ഇടുക്കി കോളപ്രയിലെ ഓഫിസിലും പരിശോധനയുണ്ട്. കോളപ്രയിലെ ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു പാതിവില തട്ടിപ്പ്. ഇഡിയുടെ കൊച്ചി ഓഫിസാണ് റെയ്‌ഡ് നടത്തുന്നത്. കൊച്ചിയിൽ ഏഴിടത്തും, ഇടുക്കിയിൽ നാലിടത്തും, തിരുവനന്തപുരത്ത് മൂന്നിടത്തുമാണ് റെയ്‌ഡെന്നാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
പാതിവില തട്ടിപ്പിലെ പ്രതി അനന്തു കൃഷ്‌ണന്‍റെ സ്ഥാപനത്തിലും ക്രൈംബ്രാഞ്ച് എസ്‌പിയുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്. കടവന്ത്രയിലെ സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന. നേരത്തെ ജീവനക്കാരെ വിളിപ്പിച്ച് ചോദ്യം ചെയ്‌തിരുന്നു. 23 അക്കൗണ്ടുകൾ വഴി 450 കോടിയോളം രൂപയുടെ ഇടപാടാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നടന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആയിരക്കണക്കിന് പേരാണ് തട്ടിപ്പിന് ഇരയായത്. തട്ടിപ്പിൽ ആനന്ദകുമാറിനാണ് മുഖ്യപങ്കെന്നാണ് ഇഡിയുടെ വിലയിരുത്തൽ. പദ്ധതി നടപ്പിലാക്കിയ ഏജൻസികളുടെ ഓഫിസിലും ഇഡി ഉദ്യോഗസ്ഥരെത്തിയെന്നാണ് വിവരം. അന്വേഷണത്തിന്‍റെ ഭാഗമായി തട്ടിപ്പിന് ഇരയായവരുടെ മൊഴി ഇഡി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്‌ഡ്.
കൊച്ചി യൂണിറ്റിലെ 60ഓളം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുക്കുന്നത്. പാതിവില തട്ടിപ്പിലെ പരാതിക്കാരിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് ഇഡി പരിശോധനകളിലേക്ക് കടന്നത്. അനന്തു കൃഷ്‌ണൻ മുഖ്യപ്രതിയായ പാതി വില തട്ടിപ്പിന്‍റെ മറവിൽ കളളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. പരിശോധനയിൽ ലഭിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്യുക. പ്രതികളുടെ സ്വത്ത് കണ്ട് കെട്ടുന്നത് ഉൾപ്പടെയുള നടപടികളിലേക്കും ഇഡി കടന്നേക്കും.
പ്രതികളുടെ സ്വത്ത് കണ്ട് കെട്ടുന്നത് ഉൾപ്പടെയുള നടപടികളിലേക്കും ഇഡി കടന്നേക്കും. കേരളമാകെ നടന്ന കോടികളുടെ തട്ടിപ്പിലൂടെ അനന്തു കൃഷ്‌ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്‌ണൻ ശ്രമിച്ചെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിൽ സ്ഥിരീകരണമായാൽ പിഎംഎൽഎയ്ക്ക് പുറമെ മറ്റുവകുപ്പുകൾ കൂടി ചുമത്താൻ ഇഡിക്ക് കഴിയും. അതേസമയം പതിവില തട്ടിപ്പിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിലാണ് പ്രതി അനന്തു കൃഷ്‌ണനുള്ളത്.
പണം വന്ന വഴിയും ഉന്നത ബന്ധവും കണ്ടെത്തണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യത്തിൽ അനന്തുവിനെ രണ്ട് ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കും എന്നായിരുന്നു അനന്തുവിന്‍റെ പ്രതികരണം. പാതിവിലക്ക് ഉത്‌പന്നങ്ങൾ നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് അനന്തു കൃഷ്‌ണൻ കോടികൾ തട്ടിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
Also Read: പത്തനംതിട്ടയിൽ സിഐടിയു പ്രവർത്തകന്‍ കുത്തേറ്റ് മരിച്ച സംഭവം; എട്ട് പ്രതികളും പിടിയിൽ