കോട്ടയം: കോട്ടയം നഗരസഭയിൽ നിന്നും കോടികൾ തട്ടിപ്പ് നടത്തിയ ജീവനക്കാരനെ പിടികൂടിയാൽ പലരും പ്രതിക്കൂട്ടിലാകുമെന്നതിനാൽ പ്രതിയെ അറിഞ്ഞുകൊണ്ട് ഒളിപ്പിക്കുന്നതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ലോക്കൽ സെൽഫ് ഗവൺമെന്‍റ് സ്റ്റാഫ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം എസ്‌പി ഓഫിസിലേക്കായിരുന്നു മാർച്ച്.
കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരനായിരുന്ന അഖിൽ സി വർഗീസ് കോടിക്കണക്കിന് രൂപ കബളിപ്പിച്ച് ഒളിവിൽ പോയ കേസിൽ മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. നഗരസഭാ ഓഫിസിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച്, കളക്ട്രേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തട്ടിപ്പുകാർക്ക് ഒപ്പമാണ് സർക്കാരും പൊലീസും എന്നതിനാലാണ് പ്രതി കൈയെത്തും ദൂരത്തുണ്ടായിരുന്നിട്ടും പിടികൂടാൻ കഴിയാതിരുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. പിടികൂടിയാൽ പലരും പ്രതിക്കൂട്ടിലാകുമെന്നതിനാൽ പ്രതിയെ അറിഞ്ഞുകൊണ്ട് ഒളിപ്പിക്കുന്നതാണെന്നും ഇതിൻ്റെ പേരിൽ നിരപരാധികളായ ജീവനക്കാരാണ് ഇരകളാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെഎല്‍ജിഎസ്എ സംസ്ഥാന പ്രസിഡന്‍റ് എ. ജി ജേക്കബ്‌സൺ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എൻ.എ ജയകുമാർ, ഓർഗനൈസിങ് സെക്രട്ടറി ഒ.വി ജയരാജ്, ജില്ലാ പ്രസിഡൻ്റ് ബോബി ചാക്കോ, സെക്രട്ടറി അജിത്ത്, ഭാരവാഹികളായ ടി.എ സംഗം, ജയകുമാർ എ. ജി ഷൈജു, യു. റഹീം ഖാൻ, ടി. മണി, പ്രസാദ് ടി തുടങ്ങിയവർ സംസാരിച്ചു.