കോട്ടയം: സംഭരിച്ച നെല്ലിൻ്റെ പണം കിട്ടാത്തതിൽ പ്രതിഷേധ ധർണ നടത്തി നെൽ കർഷക കൂട്ടായ്‌മ. കോട്ടയം പാഡീ ഓഫിസിന് മുമ്പിലാണ് ധർണ നടത്തിയത്. മൂന്ന് മാസം മുമ്പ് സംഭരിച്ച നെല്ലിൻ്റെ പണമാണ് സർക്കാർ നൽകാനുള്ളത്. വായ്‌പയെടുത്ത് കൃഷിയിറക്കിയ നെൽ കർഷകർ ദുരിതത്തിലാണെന്ന് പ്രതിഷേധക്കാർ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോട്ടയത്തെ വിവിധ പാടശേഖരങ്ങളിൽ നിന്ന് സംഭരിച്ച നെല്ലിൻ്റെ പണം കർഷകർക്ക് ഇതുവരെയും ലഭിച്ചിട്ടില്ല. ബാങ്ക് വായ്‌പയായാണ് സംഭരണ തുക നൽകി വരുന്നത്. ഇത് വൈകും തോറും കർഷകൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുകയാണ്. വായ്‌പ വാങ്ങിയും പണയം വച്ചുമാണ് കർഷകരില്‍ ഭൂരിഭാഗം പേരും കൃഷിയിറക്കിയത്.
കൊയ്ത്ത് കൂലി, കയറ്റിറക്ക് കൂലി, വളം തുടങ്ങിയവയ്‌ക്കെല്ലാം കർഷകർ അപ്പപ്പോൾ തന്നെ പണം മുടക്കിയിരുന്നു. സംഭരണ തുക കിട്ടുമ്പോൾ കടം വീട്ടാമെന്ന് കരുതിയാണ് ഇതെല്ലാം ചെയ്‌തത്. എന്നാൽ പണം കിട്ടാൻ വൈകുകയാണ്. വായ്‌പ തിരിച്ചടയ്ക്കാനും ജീവിത ചെലവുകൾക്കും പണമില്ലാതെ ഞെരുങ്ങുകയാണെന്ന് കർഷകർ പറയുന്നു.
നൂറ് പറ പാടശേഖര സമിതി കൺവീനർ ബാബു സൈമൺ കൈപ്പുഴയാണ് ധർണ ഉദ്ഘാടനം ചെയ്‌തത്. പ്രസിഡൻ്റ് അഭിജിത്ത് മോഹനൻ, സെക്രട്ടറി ജോബി കുര്യൻ, പായ്‌വട്ടം കറുകപ്പാടം കർഷക സമിതി കൺവീനർ
ജയ്മോൻ കരിപ്പുറം, ചൂരത്തറ പാടശേഖര സമിതി സെക്രട്ടറി തങ്കച്ചൻ ആര്യാട്ടൂഴം, ജനാർദ്ദനൻ പുന്നക്കുഴം, ബാബു അറയ്ക്കൽ, ഷാജി സി കെ തുടങ്ങിയവർ സംസാരിച്ചു.